കണ്ണൂരിൽ നിന്ന് പറന്നുയരാൻ എയർ കേരള, കൂട്ടിന് മറ്റൊരിടവും; 2026ൽ രാജ്യാന്തര സർവീസുകൾ
Mail This Article
ദുബായ് ∙ ഇന്ത്യയിലെ രണ്ട് വിമാനത്താവളങ്ങളിൽ നിന്ന് പ്രവർത്തിക്കാനുള്ള കരാറിൽ ഒപ്പുവച്ച് എയർ കേരള. ദുബായിലെ ബിസിനസുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച സെറ്റ്ഫ്ലൈ ഏവിയേഷൻ കമ്പനിയാണ് എയർകേരള വിമാന സർവീസ് ആരംഭിക്കുന്നത്. കേരളത്തിലെ കണ്ണൂരിലെയും കർണാടകയിലെ മൈസൂരുവിലെയും വിമാനത്താവളങ്ങളുമായാണ് എയർ കേരള കരാർ.
ഈ വർഷം ജൂണോടെ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലാണ് കമ്പനി. കണ്ണൂരും മൈസൂരുവുമായുള്ള സഹകരണം പ്രാദേശിക കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ അടിവരയിടുന്നു, എന്ന് എയർലൈൻ ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു,
വെള്ളിയാഴ്ച എയർ കേരളയുടെ സംഘം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ-മൈസൂർ നഗരത്തിലെ പാർലമെന്റ് അംഗം യദുവീർ വാദിയാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. മൈസൂരുവിൽ ഒരു ഏവിയേഷൻ അക്കാദമി സ്ഥാപിക്കുന്നതും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തു.
2026-ന്റെ അവസാന പാദത്തോടെ രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അഹമ്മദ് സ്ഥിരീകരിച്ചു. കൊച്ചിയെ പ്രധാന താവളമാക്കി സർവീസ് നടത്തുന്ന എയർലൈൻസിന് ഈ ആഴ്ച ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അനുമതി ലഭിച്ചു.