ദോഹ ബിർള പബ്ലിക് സ്കൂളിൽ ജനുവരി 15 മുതൽ ഡബിൾ-ഷിഫ്റ്റ്
Mail This Article
ദോഹ ∙ ഖത്തറിലെ പ്രശസ്ത ഇന്ത്യൻ വിദ്യാലയമായ ബിർള പബ്ലിക് സ്കൂൾ ജനുവരി 15 മുതൽ രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് അനുസൃതമായാണ് 2025 ജനുവരി 15 മുതൽ ഡബിൾ-ഷിഫ്റ്റ് രീതി സ്വീകരിക്കുന്നത്. മന്ത്രാലയം നിർദേശിക്കുന്ന സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിനും ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
കെജി വൺ, ഗ്രേഡ് ഒന്ന്, ഗ്രേഡ് 5 ക്ലാസുകളാണ് രണ്ടാം ഷിഫ്റ്റിൽ പ്രവർത്തിക്കുക. കെജി വൺ ക്ലാസുകൾ രാവിലെ 11.30 മുതൽ 3.30 വരെയും ഒന്ന്, അഞ്ച് ക്ലാസുകൾ ഉച്ചയ്ക്കുശേഷം ഒരു മണി മുതൽ ആറുമണിവരെയുമാണ് പ്രവർത്തിക്കുക. സ്കൂളിന്റെ മെയിൻ ക്യാംപസിൽ ആയിരിക്കും ഈ മൂന്ന് ക്ലാസുകളും നടക്കുക. ഏതാണ്ട് 1500 ഓളം വിദ്യാർഥികളെ ഈ മാറ്റം ബാധിക്കും. ബാക്കി മുഴുവൻ ക്ലാസുകളും സാധാരണ നിലയിൽ മോണിങ് ഷിഫ്റ്റിൽ തന്നെ പ്രവർത്തിക്കും.
ഖത്തറിലെ വിദ്യാഭ്യാസ രീതി അനുസരിച്ച് സ്കൂൾ കെട്ടിടത്തിന് ഉൾക്കൊള്ളാവുന്ന കുട്ടികളുടെ എണ്ണം വിദ്യാഭ്യാസ മന്ത്രാലയമാണ് നിശ്ചയിക്കുക. ഏഴായിരത്തിൽപരം വിദ്യാർഥികളാണ് ഇപ്പോൾ ബിർള പബ്ലിക് സ്കൂളിൽ പഠനം നടത്തുന്നത്. മന്ത്രാലയത്തിന്റെ സുരക്ഷാ നിർദേശം അനുസരിച്ച് മുഴുവൻ കുട്ടികൾക്കും ഒരേ സമയം സ്കൂളിൽ പഠനം നടത്താൻ സാധിക്കാത്തതുകൊണ്ടാണ് മൂന്ന് ക്ലാസുകൾ ഷിഫ്റ്റ് സമ്പ്രദായത്തിലേക്ക് മാറ്റിയത്. ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് സമ്പ്രദായം ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ കുടുംബത്തെയാണ് പ്രതികൂലമായി ബാധിക്കുക. രാവിലെ ജോലിക്ക് പോകുന്ന മാതാപിതാക്കൾ ഉച്ചയ്ക്കു ശേഷമുള്ള ഷിഫ്റ്റ് ആരംഭിക്കുന്നത് വരെയുള്ള സമയം കുട്ടികളെ എന്തു ചെയ്യുമെന്നത് അവരുടെ മുൻപിൽ വലിയൊരു പ്രതിസന്ധിയാണ്. വീട്ടിൽ കുട്ടികളെ തനിച്ചാക്കി പോകാൻ സാധിക്കാത്തതുകൊണ്ട് ഇത്തരം കുട്ടികളെ ഡേ കെയർ സെന്ററിലോ, ട്യൂഷൻ സെന്ററുകളിലോ ചേർക്കേണ്ടിവരും. ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന ആലോചനയിലാണ് രക്ഷിതാക്കൾ.
അതേസമയം സെക്കൻഡ് ഷിഫ്റ്റിലാണെങ്കിലും കുട്ടികൾക്ക് വിദ്യാലയത്തിൽ തുടർ പഠനം നടത്താൻ സാധിക്കുന്നു എന്നത്, സ്കൂൾ സീറ്റിനായി രക്ഷിതാക്കൾ നെട്ടോട്ടമോടുന്ന ഖത്തറിൽ ഏറെ ആശ്വാസകരമാണ്. സ്കൂൾ അധികൃതരെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ ട്രാൻസ്പോർട്ടേഷൻ എന്നത് ഒരു ഭാരിച്ച ചെലവായി മാറും. മന്ത്രാലയത്തിന്റെ നിർദ്ദേശം എന്ന നിലയിൽ അത് പാലിക്കുക മാത്രമേ സ്കൂൾ അധികൃതർക്ക് സാധിക്കുകയുള്ളൂ. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധത തുടരുമെന്നും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ, ഷിഫ്റ്റ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും സ്കൂൾ പ്രിൻസിപ്പൽ ആനന്ദൻ നായർ പറഞ്ഞു. ഷിഫ്റ്റുമായി ബന്ധപ്പെട്ട സർക്കുലർ രക്ഷിതാക്കൾക്ക് അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.