പുതുവർഷത്തിലെ കളിയാവേശത്തിന് നിറം ചാർത്തി ഖത്തറിൽ ഇന്ന് ഫ്രഞ്ച് പോരാട്ടം
Mail This Article
ദോഹ ∙ 2025ലെ കളിയാവേശത്തിന് നിറം ചാർത്തി ഖത്തറിൽ ഇന്ന് ഫ്രഞ്ച് പോരാട്ടം. ലോകഫുട്‍ബോളിലെ മുൻനിര താരങ്ങൾ കളത്തിലിറങ്ങുന്ന ഫ്രഞ്ച് ഫുട്ബോളിലെ ചാംപ്യൻ ക്ലബ്ബുകളുടെ പോരാട്ടം ഇന്ന് രാത്രി 7.30ന് ദോഹ 974 സ്റ്റേഡിയത്തിൽ നടക്കും. നാൽപതിനാലായിരത്തോളം കാണികൾക്ക് ഇരിക്കാൻ സൗകര്യമുള്ള 974 സ്റ്റേഡിയത്തിൽ ഫ്രഞ്ച് കപ്പ് കാണാൻ ഖത്തറിലെ ഫുട്ബാൾ ലോകം വൈകുന്നേരത്തോടെ സ്റ്റേഡിയത്തിൽ എത്തിത്തുടങ്ങും.
ഫ്രഞ്ച് ലീഗിലെ കരുത്തരായ ടീമുകളായ പിഎസ്ജി -എഎസ് മൊണാക്കോ ടീം ആരാധകരെകൊണ്ട് സ്റ്റേഡിയും നിറയുമെന്നാണ് കണക്കാക്കുന്നത്. ഫ്രഞ്ച് ലീഗിലെയും ഫ്രഞ്ച് കപ്പിലേയും ജേതാക്കൾ തമ്മിലുള്ള ഇന്നത്തെ പോരാട്ടം ഫ്രഞ്ച് സൂപ്പർകപ്പ് ചരിത്രത്തിൽ ഇടം നേടും.
ഫ്രഞ്ച് സൂപ്പർ കപ്പ് പോരാട്ടത്തിനായുള്ള താരങ്ങൾ കഴിഞ്ഞ ദിവസം ദോഹയിലെത്തി. ഖത്തറിലെ സ്റ്റേഡിയത്തിൽ കടുത്ത പരിശീലനത്തിലാണ് ഇരുടീമുകളും. ലോകകപ്പ് ഖത്തർ 2022 മികച്ച പ്രകടനം കാഴ്ചവച്ച മാർക്വിനോസ്, ഔസ്മാൻ ഡെംബെലെ, ദക്ഷിണ കൊറിയയുടെ ലീ കാങ്-ഇൻ, മൊറോക്കൻ താരം അഷ്റഫ് ഹക്കിമി തുടങ്ങിയ താരങ്ങൾ പി എസ് ജിക്കായി കളത്തിൽ ഇറങ്ങുമ്പോൾ ജാപ്പനീസ് താരം തകുമി മിനാമിനോയും മൊറോക്കൻ റൈസിംഗ് സ്റ്റാർ എലീസെ ബെൻ സെഗീറും ഉൾപ്പെടുന്ന ശക്തമായ ടീമിനെയാണ് എഎസ് മൊണാക്കോ കളത്തിലിറക്കുന്നത്. 29-ാമത് സൂപ്പർ കപ്പിനാണ് ദോഹ വേദിയാകുന്നത്. ഇതിൽ 12 തവണയാണ് പിഎസ്ജി കപ്പ് സ്വന്തമാക്കിയത്.
പിഎസ്ജി താരങ്ങൾ അറബി ഭാഷയിൽ പേരൊഴുതിയ ജേഴ്‌സി ധരിച്ചാണ് കളികളത്തിലിറങ്ങുക. പ്രമുഖ ഖത്തരി കാലിഗ്രഫർ ഫാത്തിമ അൽ ഷെർഷനാണ് താരങ്ങളുടെ പേര് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം വൈകുന്നേരം 4.30 മുതൽ ആരംഭിക്കും. ദോഹ മെട്രോ സ്റ്റേഷനിലിറങ്ങിയാൽ സ്റ്റേഡിയത്തിലേക്ക് നടക്കാവുന്ന ദൂരം മാത്രമേ ഉള്ളൂ.
സ്റ്റേഡിയത്തിന് പുറത്ത് കളിയാരാധകർക്കായി ഫാൻസോണും ഒരുക്കിയിട്ടുണ്ട്. ഖത്തറിൽ അനുഭവപ്പെടുന്ന കനത്ത തണുപ്പിനെ അവഗണിച്ചും കളികാണാനുള്ള തയ്യറെടുപ്പിലാണ് ആരാധകർ. കാറ്റഗറി വണ്‍ ടിക്കറ്റിന് 80 റിയാലും കാറ്റഗറി ടുവിന് 30 റിയാലുമാണ് വില. roadtoqatar.qa എന്ന വെബ്സൈറ്റ് വഴി ആരാധകര്‍ക്ക് ടിക്കറ്റ് സ്വന്തമാക്കാം.