യുഎഇ, ഖത്തർ, ജോർദാൻ പര്യടനത്തിനൊരുങ്ങി സിറിയൻ വിദേശകാര്യമന്ത്രി; ലക്ഷ്യം പങ്കാളിത്തം ശക്തിപ്പെടുത്തൽ
Mail This Article
ഡമാസ്ക്കസ് ∙ പുതിയ നിക്ഷേപ പങ്കാളിത്തം ലക്ഷ്യമിട്ട് സിറിയയുടെ പുതിയ വിദേശകാര്യമന്ത്രി അസാദ് ഹൻ അൽ ഷെയ്ബാനി ഈ ആഴ്ച ഖത്തർ, യുഎഇ, ജോർദാൻ രാജ്യങ്ങൾ സന്ദർശിക്കും. കഴിഞ്ഞ വാരം സൗദി അറേബ്യ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. സ്ഥിരത, സുരക്ഷ എന്നിവയെ പിന്തുണക്കാനും സാമ്പത്തിക വീണ്ടെടുക്കലിനും പുതിയ പങ്കാളിത്തം ഉണ്ടാക്കുന്നതിനുമായി യുഎഇ, ജോർദാൻ, ഖത്തർ രാജ്യങ്ങൾ സന്ദർശിക്കുന്നുവെന്നാണ് സിറിയയുടെ പുതിയ സർക്കാരിലെ ഉയർന്ന നയതന്ത്രജ്ഞനായ അസാദ് തന്റെ സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.
അൽ അസാദ് കുടുംബത്തിന്റെ നൂറ്റാണ്ടുകൾ നീണ്ട ക്രൂരമായ ഭരണത്തെ തച്ചുടച്ച ശേഷം വിമതരെ ഉൾപ്പെടുത്തിയുള്ള പുതിയ സർക്കാർ ആസ്തിയേറെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വൻ നിക്ഷേപങ്ങളിലാണ് ഉറ്റുനോക്കുന്നത്. വർഷങ്ങൾ നീണ്ട യുദ്ധത്തിലൂടെ തകർന്നു പോയ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പുന:സൃഷ്ടിക്കാനും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുമാണ് ഗൾഫ് രാജ്യങ്ങളുടെ നിക്ഷേപത്തിലൂടെ പുതിയ സർക്കാർ ലക്ഷ്യമിടുന്നത്.
സിറിയയുടെ നവോഥാനത്തിനായി വലിയ പങ്കു വഹിക്കാൻ സൗദി അറേബ്യയും സജ്ജമായി കഴിഞ്ഞു. ഈ ആഴ്ച ആദ്യം പുതിയ പ്രതിരോധ മന്ത്രിയും ഇന്റലിജൻസ് മേധാവിയും ഉൾപ്പെടുന്ന ഉന്നത പ്രതിനിധി സംഘത്തിനൊപ്പമാണ് അൽ ഷെയ്ബാനി റിയാദ് സന്ദർശിച്ചത്. 13 വർഷം നീണ്ട യുദ്ധവും സ്വജനപക്ഷപാതവും അഴിമതിയും കൊണ്ട് നാശോന്മുഖമായ രാജ്യത്തിനായി സമഗ്രമായ ആരോഗ്യ പരിചരണ സംവിധാനം വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് അഹമ്മദ് അൽ ഷാരയുടെ നേതൃത്വത്തിലുള്ള പുതിയ സിറിയൻ സർക്കാർ.