ഒന്നല്ല രണ്ടല്ല നാല് ഷോകളുമായി 'കോൾഡ് പ്ലേ' അബുദാബിയിൽ; ദുബായിൽനിന്ന് സൗജന്യ ബസ് സർവീസ്
Mail This Article
അബുദാബി ∙ ഈ മാസം 9, 11, 12, 14 തീയതികളിൽ അബുദാബി സായിദ് സ്പോർട്സ് സിറ്റിയിൽ നടക്കുന്ന കോൾഡ് പ്ലേ സംഗീത നിശയിലേക്കു ദുബായിൽനിന്ന് സൗജന്യ ബസ് സർവീസ്. കോൾഡ് പ്ലേയുടെ ടിക്കറ്റ് എടുക്കുന്നവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
ഇംഗ്ലിഷ് ബാൻഡായ കോൾഡ് പ്ലേയുടെ ഒരു ലൈവ് ഷോയാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും ടിക്കറ്റിന് ആവശ്യക്കാർ കൂടിയതോടെ ആകെ 4 ഷോ പ്രഖ്യാപിക്കുകയായിരുന്നു. ടിക്കറ്റ് ഉടമകൾക്ക് അബുദാബിയുടെ വിവിധ സ്ഥലങ്ങളിലെ പാർക്ക് ആൻഡ് റൈഡ് സേവനവും പ്രയോജനപ്പെടുത്താം. പൊതുഗതാഗത സൗകര്യത്തിലൂടെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.
എക്സ്പോ സിറ്റിയിൽ നിന്ന് ബസ്
ദുബായ് എക്സ്പോ സിറ്റി പരിസരത്തുനിന്ന് ഉച്ചയ്ക്ക് 12.50ന് ബസ് പുറപ്പെടും. ആദ്യം എത്തുന്നവർക്കാണ് സീറ്റ്. ദുബായ് മെട്രോയിലെത്തി എക്സ്പോ സിറ്റിയിൽനിന്ന് ബസിൽ അബുദാബിയിലെത്തി ഷോ കണ്ടു മടങ്ങുന്നവർ തിരിച്ചെത്തുമ്പോഴേക്കും മെട്രോ പ്രവൃത്തി സമയം തീരും.
പാർക്ക് ആൻഡ് റൈഡ്
അബുദാബിയിൽ എത്തിയവർക്കും എമിറേറ്റിൽ താമസിക്കുന്നവർക്കും ഷഹാമ, സാസ് അൽ നഖൽ, അൽ റഹ്ബ, നേഷൻ ടവർ എന്നിവിടങ്ങളിൽ നിന്നുള്ള ഷട്ടിൽ സർവീസ് ഉപയോഗപ്പെടുത്താം.
1.57നാണ് ഇവിടങ്ങളിൽ നിന്ന് ബസ് സ്റ്റേഡിയത്തിലേക്ക് പുറപ്പെടുക. ഷോ കഴിഞ്ഞ ശേഷം ഈ സെക്ടറുകളിലേക്ക് തിരിച്ചും ബസിൽ എത്തിക്കും. സ്റ്റേഡിയത്തിനു സമീപം പാർക്കിങ് ഉണ്ടാകില്ലെന്നതിനാൽ മേൽപറഞ്ഞ സ്ഥലത്തെ പാർക്കിങ് ഉപയോഗപ്പെടുത്തണം.