കുവൈത്തിൽ സർക്കാർ ഓഫിസുകളിൽ സായാഹ്ന ഷിഫ്റ്റ് ആരംഭിച്ചു
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽ സായാഹ്ന ഷിഫ്റ്റ് ആരംഭിച്ചു. ഘട്ടം ഘട്ടമായിട്ടാണ് ഇവ നടപ്പാക്കുന്നത്. ആദ്യ ഘട്ടം സിവിൽ സർവീസ് കമ്മീഷന് (സിഎസ്സി) സമർപ്പിച്ച് അംഗീകാരം നേടിയ സ്ഥാപനങ്ങളിൽ ഇന്നലെ മുതൽ സായാഹ്ന സേവന സമ്പ്രദായം തുടങ്ങി.
സായാഹ്ന സേവന സമ്പ്രദായത്തിന് കഴിഞ്ഞ ഒക്ടോബറിൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ആദ്യ ഘട്ടം ഈ വർഷം തുടക്കത്തിൽ നടപ്പാക്കുമെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അൽ മൗഷർജി വ്യക്തമാക്കിയിരുന്നു. മൂന്ന് ഘട്ടങ്ങളായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യ ഘട്ടത്തിൽ 20 മുതൽ 30 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലി സമയം നാലര മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. സായാഹ്ന ഷിഫ്റ്റ് വൈകിട്ട് 3.30നു ശേഷമാണ്. ജീവനക്കാർക്ക് അനുയോജ്യമായ ഷിഫ്റ്റ് തിരഞ്ഞെടുക്കാം.
സായാഹ്ന സേവനം വകുപ്പുകളിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനൊപ്പം രാജ്യത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.