വിദ്യാർഥികളുടെ രേഖകൾ സ്കൂളുകൾ സൂക്ഷിക്കണമെന്ന് അഡെക്; രേഖയിൽ വേണം ആരോഗ്യ, പെരുമാറ്റ വിവരങ്ങൾ
Mail This Article
അബുദാബി ∙ സ്വകാര്യ സ്കൂൾ വിദ്യാർഥികളുടെ രേഖകൾ നിർദിഷ്ട മാനദണ്ഡ പ്രകാരമുള്ള ഡേറ്റയായി സൂക്ഷിക്കണമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അറിയിച്ചു.
അക്കാദമിക് പുരോഗതിക്കു പുറമേ കുട്ടികളുടെ ആരോഗ്യ വിവരങ്ങളും പെരുമാറ്റ രീതികളും ഉൾപ്പെടുത്തണം. പൊതുവായ വിവരങ്ങൾ കുറഞ്ഞത് 5 വർഷത്തേക്കും ബിരുദ രേഖകൾ സ്ഥിരമായും സൂക്ഷിക്കണമെന്ന് അഡെക് നിർദേശിച്ചു. സ്കൂളുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നതിന് വ്യക്തവും പൂർണവും കൃത്യവുമായ രേഖകൾ സൃഷ്ടിക്കുകയും പരിപാലിക്കുകയും പുതുക്കുകയും വേണം. നിലവിലെ അധ്യയന വർഷത്തിൽ നടപ്പാക്കിയ പുതിയ നയം അടുത്ത അധ്യയന വർഷം മുതൽ നിർബന്ധമാക്കുമെന്നും അറിയിച്ചു.
കുട്ടിയുടെ പേര്, ജനനത്തീയതി, ലിംഗം, ദേശീയത, മാതാപിതാക്കളുടെ/രക്ഷകർത്താവിന്റെ വിവരങ്ങൾ, മേൽവിലാസം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ നിർബന്ധമാണ്. ഹാജർനില, അക്കാദമിക് പുരോഗതി, നേട്ടങ്ങൾ, പാഠ്യേതര പ്രവർത്തന പങ്കാളിത്തവും നേട്ടങ്ങളും, പെരുമാറ്റം, പഠനരീതി, ചൈൽഡ് പ്രൊട്ടക്‌ഷൻ കേസുകൾ. മെഡിക്കൽ രേഖകൾ തുടങ്ങി വിദ്യാർഥികളുടെ സമഗ്ര വിവരങ്ങൾ ഉണ്ടായിരിക്കണം. അഡെക് ആവശ്യപ്പെടുന്ന രേഖകളുടെ പകർപ്പും അപ്‌ലോഡ് ചെയ്യണം.
മെഡിക്കൽ രേഖകൾ
ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വിദ്യാർഥികളുടെ രോഗവിവരങ്ങളും സ്കൂളിലെ നിരീക്ഷണ വിവരങ്ങളും ഉൾപ്പെടുത്തണം. പുതുതായി എത്തുന്നവരുടെ പ്രത്യേകിച്ച് യുഎഇയ്ക്ക് പുറത്തുനിന്ന് എത്തുന്നവരുടെ മെഡിക്കൽ വിവരങ്ങൾ സമാഹരിച്ച് രേഖകൾ ഓൺലൈൻ സംവിധാനത്തിൽ അപ്ഡേറ്റ് ചെയ്യേണ്ടത് സ്കൂൾ നഴ്സുമാരുടെ ചുമതലയാണ്. ഇതിനായി മാതാപിതാക്കൾ മക്കളുടെ മെഡിക്കൽ റെക്കോർഡുകൾ സ്കൂൾ ആവശ്യപ്പെടുമ്പോൾ നൽകണം. എന്നാൽ സ്കൂളിന്റെ സൈറ്റിൽനിന്ന് അവ പകർത്തുന്നതിനോ നീക്കം ചെയ്യുന്നതിനോ വിലക്കുണ്ട്. കായിക രംഗത്തുള്ള വിദ്യാർഥികളുടെ മെഡിക്കൽ രേഖകൾ പരിശോധിക്കുന്നതിന് ഫിസിക്കൽ എജ്യുക്കേറ്റർമാർക്കും കായിക അധ്യാപകർക്കും പരിശീലകർക്കും അനുമതിയുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അഡെക് മുന്നറിയിപ്പു നൽകി.