അബുദാബിയിൽ ‘പൂക്കാലം’; ഷെയ്ഖ് സായിദ് റോഡിലെ സൗന്ദര്യവൽക്കരണം പൂർത്തിയായി
Mail This Article
അബുദാബി ∙ അബുദാബി നഗരത്തിലെ റോഡുകളുടെ വശങ്ങളിലും മധ്യത്തിലുമായി (മീഡിയൻ സ്ട്രിപ്) പൂച്ചെടികൾ നട്ടുപിടിപ്പിച്ച് സൗന്ദര്യവൽക്കരണം പൂർത്തിയാക്കി. ഏറ്റവും ഒടുവിൽ ഷെയ്ഖ് സായിദ് റോഡിൽ 13.2 കിലോമീറ്ററോളമാണ് പെറ്റൂണിയ, ജമന്തി, അഗെരാറ്റം, ചെമ്പരത്തി, കോസ്മോസ്, കാർണേഷൻ തുടങ്ങിയ പൂച്ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്. നിറയെ പൂക്കളുണ്ടാകുന്നതും ഉയരം കുറഞ്ഞതും കൂടുതൽ ദിവസം വാടാതെ നിൽക്കുന്നതുമായ പൂച്ചെടികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചെടികളുടെ വിത്തുകൾ യുഎഇയിൽ എത്തിച്ച് പ്രാദേശിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിധത്തിൽ വളർത്തിയെടുത്താണ് നഗരത്തെ വർണാഭമാക്കുന്നത്.
നഗരത്തെ കൂടുതൽ പരിസ്ഥിതിസൗഹൃദമാക്കുകയും റോഡിൽനിന്നുള്ള ശബ്ദവും മലിനീകരണവും കുറയ്ക്കുകയും ചെയ്യും. പലയിടത്തും 1.5 മീറ്റർ ഉയരമുള്ള കൃത്രിമ മണൽക്കൂനകൾ ഒരുക്കിയത് പ്രദേശത്തെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്.
ഷെയ്ഖ് സായിദ് പാലത്തിനും സായിദ് രാജ്യാന്തര വിമാനത്താവളത്തിനും ഇടയിലുള്ള പ്രദേശങ്ങളിൽ സൗന്ദര്യവൽക്കരണം പൂർത്തിയാക്കിയതിനുശേഷം മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. വിമാനത്താവളത്തിന്റെ രൂപകൽപനയ്ക്ക് ഇണങ്ങുന്ന ഡിസൈനുകളാണ് സൗന്ദര്യവൽക്കരണത്തിനു ഉപയോഗിച്ചിട്ടുള്ളത്.
അബുദാബി കോർണിഷ്, അൽബതീൻ ഏരിയ, മുസ്സഫ റോഡ്, ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റ്, റബ്ദാൻ ഗാർഡൻ, അൽ വത്ബ, ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ, അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, യാസ് ഐലൻഡ്, അൽ വത്ബ പാർക്ക് തുടങ്ങിയ ഇടങ്ങളിലും പുഷ്പാലങ്കാരം ഒരുക്കിയിട്ടുണ്ടെന്നും എമിറേറ്റിൽ 5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പൂച്ചെടികൾ നട്ടെന്നും നഗരസഭ അറിയിച്ചു.