മികച്ച ലോകനഗരങ്ങൾ: എട്ടാംസ്ഥാനത്ത് പ്രവാസികളുടെ പ്രിയനഗരം
Mail This Article
ദുബായ് ∙ ലോകത്തെ മികച്ച 10 നഗരങ്ങളുടെ പട്ടികയിൽ തുടർച്ചയായ രണ്ടാം വർഷവും ദുബായ് മികവു നിലനിർത്തി. 2024ലെ ഗ്ലോബൽ പവർ സിറ്റി സൂചികയിൽ ദുബായ് മധ്യപൂർവദേശ രാജ്യങ്ങളിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ എട്ടാം സ്ഥാനവും നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മിഡിൽ ഈസ്റ്റ് നഗരമാണ് ദുബായ്. മോറി മെമ്മോറിയൽ ഫൗണ്ടേഷന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അർബൻ സ്ട്രാറ്റജീസ് പുറത്തിറക്കിയ ഗ്ലോബൽ പവർ സിറ്റി സൂചികയിലാണ് നേട്ടം.
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും ദുബായ് ജനതയുടെയും വിശ്വസ്ത പങ്കാളികളുടെയും അർപ്പണബോധവുമാണ് നഗരത്തിന്റെ വിജയത്തിന് കാരണമെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. പുതിയ ആഗോള മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ദുബായിയുടെ ഉയർന്ന റാങ്കിങ് പ്രതിഫലിപ്പിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
ഒരു നഗരത്തിന്റെ യഥാർഥ ശക്തി അതിന്റെ വലുപ്പത്തിലോ ജനസംഖ്യയിലോ അല്ല, കാഴ്ചപ്പാട്, അഭിലാഷം, ലോകത്തെ പ്രചോദിപ്പിക്കാനുള്ള കഴിവ് എന്നിവയിലാണെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. ദുബായിയുടെ നിശ്ചയദാർഢ്യവും പുതുമയും പുരോഗതിയെ നയിക്കുകയും ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്നും പറഞ്ഞു.
ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ, പാരിസ്, സിംഗപ്പൂർ, സോൾ, ആംസ്റ്റർഡാം, ദുബായ്, ബർലിൻ, മഡ്രിഡ് എന്നിവയാണ് 2024 ഗ്ലോബൽ പവർ സിറ്റി സൂചികയിലെ ആദ്യ 10 നഗരങ്ങൾ. ആഗോള ജനതയെയും മൂലധനത്തെയും സംരംഭങ്ങളെയും ആകർഷിക്കുന്നതിനുള്ള സമഗ്രശക്തി അനുസരിച്ച് ഓരോ രാജ്യങ്ങളെയും വിലയിരുത്തിയാണ് സൂചിക തയാറാക്കിയത്. സമ്പദ് വ്യവസ്ഥ, ഗവേഷണം, വികസനം, സാംസ്കാരിക ഇടപെടൽ, ജീവിത-തൊഴിൽ സാഹചര്യം, പരിസ്ഥിതി, കണക്ടിവിറ്റി തുടങ്ങിയ ഘടകങ്ങളും പരിശോധിച്ചിരുന്നു. ജോലിയും ബിസിനസും ചെയ്യാനും ജീവിക്കാനും സുരക്ഷിത അന്തരീക്ഷമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായിയെ മാറ്റുന്നത് തുടരുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. ജനങ്ങളുടെ കഴിവുകൾ വികസിപ്പിച്ചും ജീവിതനിലവാരം ഉയർത്തിയും എമിറേറ്റിനെ സുസ്ഥിര വികസന മാതൃകയാക്കാനുള്ള ശ്രമം തുടരുമെന്നും പറഞ്ഞു.