കോൺഗ്രസിന്റെ 139–ാം ജന്മദിനം: ആഘോഷവുമായി ഇൻകാസ് ഷാർജ
Mail This Article
ഷാർജ ∙ ഇൻകാസ് ഷാർജ കമ്മിറ്റി ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 139–ാം ജന്മദിനാഘോഷം ‘ജയ്ഹിന്ദ്’ നടത്തി. ഇൻകാസ് യുഎഇ വർക്കിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡോ. മാത്യു കുഴൽനാടൻ എംഎൽഎ എന്നിവർ ക്ലാസെടുത്തു. ഇൻകാസ് ഷാർജ കമ്മിറ്റി പ്രസിഡന്റ് കെ.എം.അബ്ദുൽ മനാഫ്, വർക്കിങ് പ്രസിഡന്റ് രഞ്ജൻ ജേക്കബ്, ജനറൽ സെക്രട്ടറി പി. ഷാജിലാൽ, ട്രഷറർ റോയ് മാത്യു എന്നിവർ പ്രസംഗിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഇരുനൂറിലേറെ പ്രതിനിധികൾ ക്യാംപിൽ പങ്കെടുത്തു.
കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തി. തിരുവാതിര, മാർഗംകളി, ഒപ്പന, ഗാനമേള തുടങ്ങിയ ഒട്ടേറെ കലാപരിപാടികൾ അരങ്ങേറി. കോൺഗ്രസ് ചരിത്രവും സ്വാതന്ത്ര്യസമരവും ഉൾക്കൊള്ളുന്ന പ്രത്യേക ഡോക്യുമെന്ററിയും വിനോദ് പട്ടുവം സംവിധാനം ചെയ്ത ‘സബർമതിയിലേക്ക് വീണ്ടും’ എന്ന ദൃശ്യാവിഷ്കാരവും പ്രദർശിപ്പിച്ചു.
സാംസ്കാരിക സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു. കെ.എം. അബ്ദുൽ മനാഫ്, ആര്യാടൻ ഷൗക്കത്ത്, കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ഇൻകാസ് യുഎഇ ജനറൽ സെക്രട്ടറി എസ്.എം. ജാബിർ, ട്രഷറർ ബിജു ഏബ്രഹാം, ജനറൽ സെക്രട്ടറി നവാസ് തേക്കട, ട്രഷറർ റോയ് മാത്യു എന്നിവർ പ്രസംഗിച്ചു. പ്രവാസം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന ബാബു വർഗീസിന് യാത്രയയപ്പ് നൽകി. വൈ.എ. റഹീം, വി. നാരായണൻ നായർ, ടി.എ. രവീന്ദ്രൻ, കെ. ബാലകൃഷ്ണൻ, എം. ഹരിലാൽ, എ.വി. മധു എന്നിവരെ ആദരിച്ചു.