'പ്രവാസി കുടുംബ സുരക്ഷാ പദ്ധതി'യുമായി കേളി
Mail This Article
റിയാദ്∙ കേളി കലാസാംസ്കാരിക വേദി 'പ്രവാസി കുടുംബ സുരക്ഷാ പദ്ധതി' എന്ന പേരിൽ മലയാളികളായ പ്രവാസികൾക്കായി പുതിയൊരു സുരക്ഷാ പദ്ധതിക്ക് തുടക്കമിടുന്നു. കേളിയുടെ 24-ാം വാർഷിക വേദിയിൽ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ വെബ്‌സൈറ്റ് ലോഞ്ചിങ്ങും അദ്ദേഹം നിർവഹിച്ചു.
പ്രയാസങ്ങൾക്കിടയിൽ ജീവിതശൈലീരോഗങ്ങളെക്കുറിച്ച് വേണ്ട വിധം ബോധവാന്മാരാകാതെ പ്രവാസികൾ വേഗത്തിലുള്ള രോഗശമനത്തിന് സ്വയം ചികിത്സയിൽ സംതൃപ്തിയടയുന്നതിന്റെ ഭാഗമായി കുറച്ചുനേരത്തെ സമയം ചെലവിടുന്നതിന് മടികാണിക്കുന്ന പലരും പെട്ടെന്നൊരു ദിവസം കുടുംബത്തെ അനാഥമാക്കുന്ന സ്ഥിതിയാണ് വരുത്തിവെക്കുന്നത്. അത്തരം നിരവധി കേസുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രവാസികൾക്കായി സുരക്ഷാ പദ്ധതി ആവിഷ്ക്കരിച്ചതെന്ന് സാദിഖ് പറഞ്ഞു.
സൗദി അറേബ്യയിൽ നിയമാനുസൃതം ജോലി ചെയ്യുന്ന എല്ലാ പ്രവാസികൾക്കും അംഗമാകാവുന്ന പദ്ധതി 2025 മാർച്ച് 1 മുതൽ തുടക്കം കുറിക്കും. കേരളത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കേളി കലാസാംസ്കാരിക വേദി ചാരിറ്റബിൾ സൊസൈറ്റിയുടെ ഉത്തരവാദിത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി പൂർണമായും ഇന്ത്യൻ നിയമവ്യവസ്ഥയിൽ അധിഷ്ഠിതമായിരിക്കും.
തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ആകസ്മികമായി ജീവൻ വെടിയേണ്ടിവരുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് കൈതാങ്ങാകുന്നതാണ് കേളി കുടുംബ സുരക്ഷാ പദ്ധതി. അസംഘടിതരായ പ്രവാസി സമൂഹത്തിന് പദ്ധതി സഹായകമാകും. പദ്ധതിയിൽ അംഗമാകുന്നവർക്ക് ഒരു വർഷത്തെ സുരക്ഷയാണ് ആദ്യഘട്ടത്തിൽ നൽകുക. പദ്ധതി കാലയളവിൽ അംഗം പ്രവാസം അവസാനിപ്പിക്കുകയോ മറ്റ് രാജ്യങ്ങളിലേക്ക് ജോലി തേടി പോകുകയോ ചെയ്താലും ആനുകൂല്യം ലഭിക്കും. തുടർച്ചയായി 20 മാസം പദ്ധതിയിൽ തുടരുന്നവർക്ക് പെട്ടെന്നുണ്ടാകുന്ന ഗുരുതര രോഗങ്ങൾക്ക് ചികിത്സ ആവശ്യമായി വരികയാണെങ്കിൽ നിശ്ചിത തുകയുടെ സഹായം നൽകുന്നതും പദ്ധതിയുടെ ഭാഗമാണ്. കുടുംബ സുരക്ഷയ്ക്കൊപ്പം നാട്ടിലെ പാലിയേറ്റീവ് കെയറുകൾക്ക് സഹായകമാകാവുന്ന തരത്തിൽ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ വിപുലീകരിക്കും.
ഓൺലൈനായും കേളിയുടെ യൂണിറ്റ് പ്രവർത്തകർ മുഖേനയും ഏതൊരു പ്രവാസിക്കും പദ്ധതിയിൽ അംഗമാകാൻ കഴിയും. പദ്ധതിയുടെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലയെ പ്രതിനിധീകരിച്ച് ആദ്യ അപേക്ഷകൾ സ്വീകരിച്ചു. വിദ്യാഭ്യാസ മേഖലയിൽ നിന്നും ഡ്യൂൺസ് സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപിൽ നിന്നും കേളി സെക്രട്ടറി അപേക്ഷ ഏറ്റുവാങ്ങി. ആരോഗ്യമേഖലയിൽ നിന്നും നഴ്‌സ് വി.എസ്. സജീനയിൽ നിന്ന് പ്രസിഡന്റും അസംഘടിത തൊഴിൽ മേഖലയെ പ്രതിനിധീകരിച്ച് രാമകൃഷ്ണൻ ധനുവച്ചപുരത്തിൽ നിന്ന് ട്രഷററും അപേക്ഷകൾ ഏറ്റുവാങ്ങി.