കുവൈത്തിൽ 'യാ ഹാല' ഷോപ്പിങ് ഫെസ്റ്റിവൽ ജനുവരി 21 മുതൽ
Mail This Article
കുവൈത്ത് സിറ്റി∙ 'യാ ഹാല' ഷോപ്പിങ് ഫെസ്റ്റിവൽ ജനുവരി 21 മുതൽ മാർച്ച് 31 വരെ സംഘടിപ്പിക്കുമെന്ന് സെലിബ്രേഷൻ ഓഫ് നാഷനൽ ഹോളിഡേഴ്സ് ആൻഡ് ഒക്കേഷണൽ സ്റ്റാൻഡിങ് കമ്മിറ്റി അറിയിച്ചു. ഷെയ്ഖ് ജാബർ അൽ അഹമ്മദ് കൾച്ചറൽ സെന്ററിൽ കമ്മിറ്റി നടത്തിയ പ്രത്യേക ചടങ്ങിലാണ് തീയതി പ്രഖ്യാപിച്ചത്. 70 ദിവസം നീണ്ടുനിൽക്കുന്നതാണ് ആഘോഷങ്ങൾ.
120 ആഡംബര കാറുകൾ ഉൾപ്പെടെ മൊത്തം 8 മില്യൻ ഡോളറിലധികം വിലവരുന്ന സമ്മാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മാളുകൾ, റീട്ടെയിൽ സ്റ്റോറുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ 10 ദിനാറിന് പർച്ചേഴ്സ് ചെയ്താൽ ഒരു കൂപ്പൺ ലഭിക്കും. ഇവയാണ് നറുക്കെടുക്കുന്നത്. 120 കാറുകൾക്ക് 10 നറുക്കെടുപ്പാണുള്ളത്. ഡ്രോൺ ഷോകൾ, വെടിക്കെട്ട് തുടങ്ങിയ വിവിധ പരിപാടികളും ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.
ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുക, പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുക, പൊതു-സ്വകാര്യ സഹകരണം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഫെസ്റ്റിവൽ. സെലിബ്രേഷൻ ഓഫ് നാഷനൽ ഹോളിഡേഴ്സ് ആൻഡ് ഒക്കേഷണൽ കമ്മിറ്റി സ്ഥിരം സമിതി ചെയർമാൻ കൂടിയായ ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ-യുവജനകാര്യ സഹമന്ത്രി അബ്ദുൾ റഹ്മാൻ അൽ മുതൈരി, ഇൻഫർമേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. നാസർ മുഹൈസെൻ, വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർ സെക്രട്ടറി സിയാദ് അൽ-നാജിം, കുവൈത്ത് ഷോപ്പിങ് ഫെസ്റ്റിവൽ ചെയർമാൻ ഫൈസൽ അൽ-ഷൈജി, പങ്കെടുക്കുന്ന കമ്പനികളുടെയും ഫെസ്റ്റിവൽ സ്പോൺസർമാരുടെയും പ്രതിനിധികൾ പരിപാടിയിൽ സംബന്ധിച്ചു.