തയ്യൽക്കാർ മുതൽ കാവൽക്കാർ വരെ, ഒറ്റ വർഷത്തിനിടെ 2,34,000 പേർ; സൗദിയിൽ 39.7 ലക്ഷം പ്രവാസികളും ഗാർഹിക തൊഴിലാളികൾ
Mail This Article
റിയാദ് ∙ കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദി അറേബ്യയിൽ ജോലിയിൽ പ്രവേശിച്ചത് 2,34,000 ഗാർഹിക തൊഴിലാളികൾ. ഇതോടെ സൗദിയിലെ ഗാർഹിക മേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം 39.7 ലക്ഷമെത്തി.
2023 മൂന്നാം പാദത്തിന്റെ അവസാനം മുതൽ 2024 സമാന കാലയളവു വരെ ജോലിയിൽ പ്രവേശിച്ചവരുടെ എണ്ണമാണ് 2,34,000. ഇവരിൽ 2,31,000 പേർ സ്ത്രീകളും 40,000 പേർ പുരുഷന്മാരുമാണ്. ഇവരിൽ ഭൂരിഭാഗം പേരും വീട്ടുജോലിക്കാരും ഹൗസ് ക്ലീനർമാരുമാണ്. രാജ്യത്തെ മൊത്തം ഗാർഹിക തൊഴിലാളികളുടെ എണ്ണം 39.7 ലക്ഷമായി ഉയർന്നതായി ജിദ്ദയിലെ പ്രാദേശിക പത്രമായ ഓക്സ് പുറത്തുവിട്ട സർവേ റിപ്പോർട്ടിൽ പറയുന്നു.
39.7 ലക്ഷം വരുന്ന ഗാർഹിക തൊഴിലാളികളിൽ 27.3 ലക്ഷം പേർ പുരുഷന്മാരും 12.5 ലക്ഷം സ്ത്രീകളുമാണ്. വീട്ടുജോലി, ക്ലീനർ, ഡ്രൈവർ, പാചകക്കാർ, ഭക്ഷണവിതരണം, പാർപ്പിട–വാണിജ്യ കെട്ടിടങ്ങളുടെ കാവൽക്കാർ, വീട്ടുമാനേജർമാർ, പൂന്തോട്ടക്കാർ, ഹോം നഴ്സുമാർ, തയ്യൽക്കാർ, സ്വകാര്യ അധ്യാപകർ എന്നിങ്ങനെ വിവിധ തസ്തികകളിലാണ് ഗാർഹിക തൊഴിലാളികളിൽ കൂടുതൽ പേരും.
2024 മൂന്നാം പാദത്തിൽ രാജ്യത്തെ തൊഴിൽ രംഗത്ത് 66.6 ശതമാനം സ്വദേശികളും പ്രവാസികളുമാണുള്ളതെന്ന് അടുത്തിടെ സൗദി സ്റ്റാറ്റിസ്റ്റിക്സ് ജനറൽ അതോറിറ്റി അധികൃതർ വെളിപ്പെടുത്തിയിരുന്നു. 2024 രണ്ടാം പാദത്തെ അപേക്ഷിച്ച് 0.4 ശതമാനം ആയിരുന്നു വർധന.
രണ്ടു വർഷം മുൻപാണ് 4 വീട്ടുജോലിക്കാരിൽ കൂടുതലുള്ള സൗദി പൗരന്മാർക്കും രണ്ടിൽ കൂടുതലുള്ള പ്രവാസികൾക്കും ഓരോ തൊഴിലാളികൾക്കും 9,600 സൗദി റിയാൽ വീതം മാനവ വിഭവശേഷി–സാമൂഹിക വികസന മന്ത്രാലയം ഫീസ് ചുമത്തിയത്.