ദുബായിൽ എഐ ഡിസൈൻ ലാബ്; കെട്ടിട രൂപകൽപനയും അനുമതിയും ഇനി മണിക്കൂറുകൾക്കകം
Mail This Article
ദുബായ് ∙ കെട്ടിട രൂപകൽപന നടത്താൻ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഡിസൈൻ ലാബ് തുറന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. കെട്ടിട രൂപകൽപന, അനുമതി എന്നിവയ്ക്ക് മണിക്കൂറുകൾ മാത്രം മതിയാകും എന്നതാണ് പുതിയ ലാബിന്റെ ഗുണം. കെട്ടിടനിർമാണ അനുമതിക്ക് 5 ദിവസം വരെ എടുത്തിരുന്നത് 8 മണിക്കൂറായി കുറയും. കരാറുകാർക്കും കൺസൽറ്റന്റുമാർക്കും കെട്ടിടങ്ങളുടെ രൂപകൽപന സംബന്ധിച്ചു നിർദേശങ്ങൾ നൽകാനും ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ആർടിഎയുടെ ബിൽഡിങ്സ് ആൻഡ് ഫെസിലിറ്റി ഡയറക്ടർ ഷെയ്ഖ അൽ ഷെയ്ഖ് പറഞ്ഞു.
ആർടിഎയുടെ നിബന്ധനയ്ക്കു വിധേയമായ ഡിസൈനുകളുടെ വലിയ ശേഖരം തന്നെ ലാബിൽ ലഭിക്കും. രൂപകൽപനയുടെ സാംപിൾ ഉൾക്കൊള്ളിച്ച വിപുലമായ ലൈബ്രറിയും കെട്ടിടനിർമാണ വസ്തുക്കളുടെ സാംപിളും ഇവിടെ ലഭിക്കും. ജനങ്ങളുമായി നേരിട്ടു സംവദിക്കുന്ന ടച്ച് സ്ക്രീനുകളും ഇവിടെയുണ്ടാകും. അതിൽ നിന്ന് എഐ ഡിസൈനുകൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനാകും.