സൗദിയിൽ വെള്ളപ്പൊക്കം; കാർ ഒഴുക്കിൽപ്പെട്ട് നാല് സുഹൃത്തുക്കൾ മരിച്ചു
Mail This Article
മക്ക ∙ മക്കയെയും പരിസരങ്ങളെയും കഴിഞ്ഞ ദിവസം വെള്ളത്തിൽ മുക്കിയ പ്രളയത്തിൽ മരിച്ചത് നാലു പേർ. കനത്ത മഴയ്ക്കിടെ കാർ ഒഴുക്കിൽപ്പെട്ടാണ് നാലുപേർ മരിച്ചത്. മരിച്ച നാലു പേരും സുഹൃത്തുക്കളാണ്. കാർ ഒഴുക്കിൽപ്പെട്ട് ഒലിച്ചുപോവുകയായിരുന്നു.
അല്‍ഹുസൈനിയയിലെ ഷെയ്ഖ് ബിന്‍ ഉഥൈമിന്‍ മസ്ജില്‍ നിന്ന് ഇസ്തിറാഹയിലേക്ക് പോകുന്നതിനിടെ വാദി നുഅമാനിലാണ് അപകടമുണ്ടായത്. അപ്രതീക്ഷിതമായി റോഡിലൂടെ ഒഴുകിയ വെള്ളത്തിന് ശക്തിയില്ലെന്ന് വിചാരിച്ചാണ് യുവാക്കൾ സഞ്ചരിച്ചത്.
മക്ക ഹിറാ ഡിസ്ട്രിക്ടില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും കൂറ്റന്‍ ഭിത്തിയിടിഞ്ഞ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ജിദ്ദയില്‍ ശക്തമായ മഴക്കിടെ റോഡില്‍ കുത്തിയൊലിച്ച വെള്ളത്തില്‍ ഡെലിവറി ജീവനക്കാരന്റെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.
ജിദ്ദയിലും മക്കയിലും മദീനയിലും അടക്കം സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത്. ഇന്നലെ രാത്രിയും മിക്ക മേഖലയിലും തണുപ്പ് രേഖപ്പെടുത്തി. മക്കയില്‍ കനത്ത മഴയില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ മലവെള്ളപ്പാച്ചില്‍ രൂപപ്പെട്ടു.