ഓലമേഞ്ഞ കുടിലിൽ നിന്ന് യുഎഇയിലേയ്ക്ക് പറന്ന മലയാളി; മക്കൾ പ്രവാസികളായപ്പോൾ സന്തോഷിച്ചു, പക്ഷേ, സ്വപ്നവീട് വരെ വിറ്റു
Mail This Article
ദുബായ് /കാസർകോട് ∙ വളരെ കഷ്ടപ്പാടിലായിരുന്നു ഈ മുൻ പ്രവാസിയുടെ ബാല്യം കടന്നുപോയത്. തളങ്കര കടപ്പുറത്തെ ഓലമേഞ്ഞ കുടിലിൽ മണലിൽ പായവിരിച്ച് അന്തിയുറങ്ങി. സുമനസ്സുകള്‍ പിന്നീട് വീടിന് കല്ല് കൊണ്ട് ചുമരുകൾ പണിത് നൽകി. പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ഈ മനുഷ്യന് ലഭിച്ചുള്ളൂ. ഇരുപത്തിയഞ്ചാം വയസ്സില്‍ യുഎഇയിലേയ്ക്ക് പറന്നു.
പതിനെട്ട് വർഷം അജ്മാൻ നയാ സനയ്യയിലെ ഇറാനിയുടെ ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്തു. ഒരു ദിവസം പോലും അവധിയില്ലാതെ കഠിനാധ്വാനം ചെയ്ത് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കി. ഒടുവിൽ ആരോഗ്യം മോശമായപ്പോൾ 10 വർഷം മുന്‍പ് അവിടെ നിന്ന് മടങ്ങി. മക്കള്‍ വലുതായപ്പോൾ അവരും പ്രവാസികളായി. യുഎഇയിൽ മക്കൾ തുടങ്ങിയ ബിസിനസ് നഷ്ടത്തിലായപ്പോൾ അതു നികത്താൻ വീട് വിൽക്കേണ്ടി വന്നു.
ഇപ്പോൾ മേൽപ്പറമ്പിൽ വാടക ക്വാർട്ടേഴ്സിലാണ് ഈ പ്രവാസിയുടെ വാസം. ഒട്ടേറെ പ്രവാസികളുടെ പ്രതീകമായ അബ്ദുൽ നാസർ, ഇന്ന് ഉപജീവനത്തിനായി സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്നു. മേൽപ്പറമ്പ് ടൗണിലെ ഒരു സൂപ്പർമാർക്കറ്റിന് മുന്നിൽ നിന്ന് ഈ അറുപതുകാരൻ കഴിഞ്ഞുപോയ ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോക്കുന്നു; കയ്പും മധുരവും നിറഞ്ഞ ഓർമകൾ മനോരമ ഓൺലൈനുമായി പങ്കിടുന്നു:
∙ അജ്മാനിലെ സൂപ്പർ മാർക്കറ്റിൽ 20 മണിക്കൂറോളം ജോലി
ഭാര്യയുടെ ബന്ധുവിന്റെ പുതിയ കടയിലേയ്ക്ക് ജോലിക്കായിരുന്നു ആദ്യമായി അബ്ദുൽ നാസർ ഗൾഫിലെത്തിയത്. ആദ്യം വീസയ്ക്ക് പണം വേണ്ടിയിരുന്നില്ലെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് വസൂലാക്കി. വൈകാതെ ഇറാനിയുടെ ഹൈപ്പർ മാർക്കറ്റിലേയ്ക്ക് മാറി. 20 മണിക്കൂറോളം നിന്നുകൊണ്ടായിരുന്നു ജോലി. പ്രതിമാസ ശമ്പളം 1200 ദിർഹം. എങ്കിലും കുടുംബത്തിന് വേണ്ടി അതെല്ലാം സഹിച്ച് ജോലി ചെയ്തു. പക്ഷേ, ആരോഗ്യം അധ്വാനവുമായി പൊരുത്തപ്പെടാൻ കൂട്ടാക്കിയില്ല.
കാലുവേദനയും നടുവേദനയും അസഹനീയമായപ്പോൾ ഗൾഫിനോട് 'മഹസ്സലാമ' പറഞ്ഞു. അപ്പോഴേയ്ക്കും ആണ്‍മക്കൾ ഗൾഫിലെത്തിയിരുന്നു. അവര്‍ക്ക് ജോലിയിൽ വലിയ താത്പര്യമില്ലായിരുന്നു. സ്വന്തമായി കച്ചവടമായിരുന്നു ലക്ഷ്യം. പക്ഷേ, വലിയ പ്രതീക്ഷയോടെ ആരംഭിച്ച ഗ്രോസറി (പലചരക്കു കട) നഷ്ടത്തിലായി. മക്കളല്ലേ, അവരുടെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ സഹായിക്കേണ്ടതല്ലേ എന്ന ചിന്തയിൽ ഞാൻ, ഒട്ടേറെ കഷ്ടപ്പാടുകൾ സഹിച്ച് നിർമിച്ച വീട് വിറ്റ് സാമ്പത്തിക പ്രയാസം തീർത്തു. ഞാനും ഭാര്യയും വാടക ക്വാർട്ടേഴ്സിലേയ്ക്ക് താമസം മാറ്റി–അബ്ദുൽ നാസർ പറയുന്നു.
∙ ഒരു ഫോട്ടോ എടുക്കാൻ പോലും അവസരമില്ലായിരുന്നു
അബ്ദുല്‍ നാസറിന്റെ ജീവിത കഥ കേട്ട് കഴിഞ്ഞപ്പോൾ പതിവുരീതിയിൽ ഞാൻ പഴയ, യുഎഇയിൽ ജോലി ചെയ്തിരുന്നപ്പോഴത്തെ എന്തെങ്കിലും ഫോട്ടോ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം നൽകിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു: ഒരു ഫോട്ടോ എടുക്കാന്‍ പോലും സമയം കിട്ടാത്ത വിധമായിരുന്നു ഹൈപ്പര്‍മാർക്കറ്റിലെ ജോലി! പെരുന്നാളിന് മാത്രമായിരുന്നു അവധി. താമസവും ഭക്ഷണവും സൗജന്യമായി തരുമായിരുന്നെങ്കിലും 20 മണിക്കൂർ ജോലി കഴിയുമ്പോൾ വല്ലാതെ ക്ഷീണിക്കും.
നാട്ടിലേയ്ക്ക് ഫോൺ ചെയ്യാന്‍ പോലുമാകാനാകാതെ കിടന്നുറങ്ങും. എങ്കിലും ജീവിതമല്ലേ, കഷ്ടപ്പാടും പ്രയാസങ്ങളുമുണ്ടാകുമെന്ന് കരുതി എല്ലാം സഹിച്ചു. പക്ഷേ, ശരീരം അബ്ദുൽ നാസറിനോട് പ്രതിഷേധിച്ചു. നാട്ടിലേയ്ക്ക് മടങ്ങാനുള്ള തീരുമാനം അങ്ങനെയായിരുന്നു എടുത്തത്. അബ്ദുൽ നാസറിന്റെ ഏത് തീരുമാനത്തോടും ഭാര്യക്ക് പൂർണ സമ്മതമായിരുന്നു.
∙ ജീവിതം സമാധാനപരം; കെട്ടിയാടുന്നത് രാജാപ്പാര്‍ട്ട്
പ്രവാസ ജീവിതം കുറേക്കാലമെങ്കിലും സുരക്ഷിതത്വം നൽകിയെങ്കിലും പിന്നീടൊരിക്കലും തിരിച്ചുപോക്ക് ആഗ്രഹിച്ചിരുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞുപോയ ആ ജീവിതത്തെ ഒരിക്കലും പഴിക്കില്ല. താത്കാലികമായിപ്പോയെങ്കിലും സ്വന്തമായി ഭൂമിയും നല്ലൊരു വീടും തന്നു. മക്കള്‍ക്ക് ശോഭനമായ ഭാവി ഒരുക്കിക്കൊടുത്തു. ഗൾഫിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വേതനം (പ്രതിദിനം 400 രൂപ) ആണെങ്കിലും സുരക്ഷാ ജീവനക്കാരന്റെ ഈ ജീവിതം നന്നായി ആസ്വദിക്കുന്നു. രാവിലെ 7 മണിയോടെ ആരംഭിക്കുന്ന ഡ്യൂട്ടി 10 മണിക്ക് നിര്‍ത്തും. തുടർന്ന് ബ്രേയ്ക്ക്. വൈകിട്ട് 4ന് വന്ന് രാത്രി 10 വരെ തുടർന്ന് ജോലി ചെയ്യണം.
ഭാര്യയോടൊപ്പം കുടുസ്സുമുറിയിലാണെങ്കിലും സന്തോഷത്തോടെ കഴിയുന്നു എന്നതാണ് ആശ്വാസം. കള്ളം പറയാനോ പറ്റിക്കാനോ എനിക്കറിയില്ല. അത്തരത്തിൽ സമ്പാദിച്ച, സമകാലികരായ പ്രവാസികൾ ഏറെയുണ്ട്. അവരൊക്കെ കൊട്ടാരംപോലുള്ള വീട് പണിതെങ്കിലും ഇപ്പോൾ പാപ്പരാണ്. അതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും ഞാൻ സംതൃപ്തനാണ്. അന്ന് പല രീതിയിൽ പണമുണ്ടാക്കിയവരൊക്കെ ഇന്ന് എന്നോട് വന്ന് പൈസ കടം ചോദിക്കുന്നു. ആ അർഥത്തിൽ ഞാനിന്ന് രാജാവാണ്. കൊക്കിലൊതുങ്ങുന്നതേ ഞാൻ കൊത്താറുള്ളൂ. അതാണെന്‍റെ വിജയമെന്ന് കരുതുന്നു. പ്രവാസ ജീവിതം വിട്ടുവന്ന ശേഷം ഒരിക്കലും തിരിച്ചുപോകാന്‍ തോന്നിയിട്ടില്ല. നമ്മുടെ നാട്, നമ്മുടെ വായു, നമ്മുടെ ജീവിതം–അതിവിടെത്തന്നെ തുടരട്ടെ.