ഇന്ത്യ, യുകെ, യുഎസ് തുടങ്ങി 17 സിലബസുകൾ; ദുബായിൽ വരുന്നു, 100 പുതിയ സ്കൂളുകൾ
Mail This Article
ദുബായ് ∙ 8 വർഷത്തിനുള്ളിൽ ദുബായിൽ 100 പുതിയ സ്വകാര്യ സ്കൂളുകൾ തുറക്കും. ഇന്ത്യ, യുകെ, യുഎസ് തുടങ്ങി 17 സിലബസുകളിലാണ് പുതിയ സ്കൂളുകൾ തുറക്കുകയെങ്കിലും യുകെ പാഠ്യപദ്ധതിക്കാണ് യുഎഇയിൽ ഡിമാൻഡ്.
പശ്ചാത്തലമോ കഴിവോ പരിഗണിക്കാതെ ഓരോ വിദ്യാർഥിക്കും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നേടാനും ലോകോത്തര കഴിവുകൾ വികസിപ്പിക്കാനും അവസരമൊരുക്കുകയാണ് ലക്ഷ്യം. നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുക, വിദ്യാർഥികളുടെ ക്ഷേമം വർധിപ്പിക്കുക, ദുബായിലെ വിദ്യാഭ്യാസം ഭാവിജീവിത വിജയത്തിനു പ്രാപ്തമാക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിവയും ലക്ഷ്യമിടുന്നു. ഈ വർഷം സ്കൂളിലെത്തിയ വിദ്യാർഥികളുടെ എണ്ണത്തിൽ 6 ശതമാനം വർധനയുണ്ടായി.
2024-25 അധ്യയന വർഷത്തിൽ ദുബായിൽ 10 പുതിയ സ്വകാര്യ സ്കൂളുകൾ തുറന്നിരുന്നു. ആവശ്യം വർധിക്കുന്നതിന് അനുപാതികമായാണ് 2033ഓടെ 100 സ്കൂളുകൾ തുറക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. നിലവിൽ 227 സ്വകാര്യ സ്കൂളുകളിലായി 185 രാജ്യക്കാരായ 3,87,441 വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) വ്യക്തമാക്കി. ഇവിടങ്ങളിലായി ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 27,284 അധ്യാപകർ ജോലി ചെയ്യുന്നു. ലോകോത്തര വിദ്യാഭ്യാസം തേടുന്ന കുടുംബങ്ങൾക്കും ഭാവിതലമുറയെ രൂപപ്പെടുത്തുന്നതിന് അർപ്പണബോധമുള്ള അധ്യാപകർക്കും ദുബായ് ആകർഷക ഇടമായി തുടരുന്നുവെന്ന് കെഎച്ച്ഡിഎ ഡയറക്ടർ ജനറൽ അയിഷ മിറാൻ പറഞ്ഞു.
യുകെ മുന്നിൽ ഇന്ത്യ രണ്ടാമത്
17 വ്യത്യസ്ത പാഠ്യപദ്ധതികളുള്ള ദുബായിലെ സ്കൂളുകളിൽ മൂന്നിലൊന്ന് വിദ്യാർഥികളും (37 ശതമാനം) പഠിക്കുന്നത് യുകെ സിലബസ് സ്കൂളുകളിലാണ്. രണ്ടാം സ്ഥാനം ഇന്ത്യൻ പാഠ്യപദ്ധതിക്ക് (26 ശതമാനം). യുഎസ് പാഠ്യപദ്ധതി (14%), ഐബി-ഇന്റർനാഷനൽ ബാക്കലോറിയേറ്റ് (7%), യുകെ/ഐബി ഹൈബ്രിഡ് പാഠ്യപദ്ധതി (4%) എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള സിലബസുകൾ.