ടീച്ചറേ...ആയിരത്തോളം അധ്യാപകരെ തേടി യുഎഇ സ്കൂളുകൾ; ദുബായിൽ 700 ഒഴിവുകൾ
Mail This Article
അബുദാബി ∙ അധ്യാപനത്തിൽ മികവ് പ്രകടിപ്പിക്കുന്നവർക്ക് അവസരവുമായി യുഎഇ. ഓഗസ്റ്റിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി യുഎഇയിൽ 906 അധ്യാപകരുടെ ഒഴിവുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 700 ഒഴിവുകളും ദുബായിലാണ്.
130ലേറെ അബുദാബിയിലും. ശേഷിക്കുന്നവ ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ ആയിരിക്കുമെന്ന് ഓൺലൈൻ റിക്രൂട്ടിങ് സൈറ്റായ ടിഇഎസ് വ്യക്തമാക്കുന്നു. യുഎഇയിലെ പ്രധാന സ്കൂൾ ശൃംഖലയും മലയാളിയുടെ ഉടമസ്ഥതയിലുള്ളതുമായ ജെംസ് ഗ്രൂപ്പ്, തലീം ഗ്രൂപ്പ് തുടങ്ങി വിവിധ സ്കൂൾ മാനേജ്മെന്റുകൾ പുതിയ അധ്യയനത്തിലേക്കു മികച്ച അധ്യാപകർക്കായുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
ഓസ്ട്രേലിയ, സിംഗപ്പൂർ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് പരിശീലനം നേടിയ അധ്യാപകരെയാണ് ജെംസ് ഗ്രൂപ്പ് തേടുന്നത്. യുകെ, യുഎസ്, കാനഡ, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിഭകളെയും പരിഗണിക്കും. ജൂണിൽ റിക്രൂട്മെന്റ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. വിദേശ അപേക്ഷകരുടെ അഭിമുഖം നടത്തി യോഗ്യരായവരെ തിരഞ്ഞെടുക്കും. യുകെ, യുഎസ് പരിശീലനം നേടിയ അധ്യാപകർക്കായി വിവിധ രാജ്യങ്ങളിൽ റിക്രൂട്ടിങ് മേള സംഘടിപ്പിക്കുകയാണ് തലീം ഗ്രൂപ്പ്.
സയൻസ്, മാത്തമാറ്റിക്സ്, ലാംഗ്വേജ് അധ്യാപകർക്കാണ് കൂടുതൽ അവസരം. ഈ മാസം അവസാനത്തോടെ അപേക്ഷകൾ സ്വീകരിച്ച് ജൂണിൽ റിക്രൂട്ടിങ് പൂർത്തിയാക്കി ഓഗസ്റ്റിൽ ജോലി ആരംഭിക്കാനാണ് പദ്ധതി. ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡുമാണ് യോഗ്യത. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന. 3000 ദിർഹം മുതൽ 23,000 ദിർഹം വരെ ശമ്പളം നൽകുന്ന സ്കൂളുകളുണ്ട്. വെബ്സൈറ്റ് www.tes.com