ADVERTISEMENT

വാർധക്യമെന്നത് നമ്മളുൾപ്പെടുന്നവരെ കാത്തിരിക്കുന്ന ഒരു ജീവിതഘട്ടമാണ്. അത് സംഭവിക്കാൻ സാധ്യതയുള്ളവർ തന്നെയാണ് ഏറിയ മനുഷ്യരും. അങ്ങനെയൊരാവസ്ഥയിലെ  വിചാരങ്ങളും വികാരങ്ങളും എങ്ങനെയായിരിക്കും എന്നത് തിളച്ചുമറിയുന്ന യവ്വനത്തിൽ അധികമാരും ആലോചിക്കാറില്ല. പ്രണയവും സുഖവും സന്തോഷവും ഒക്കെ വാർധക്യത്തിലും കയ്യെത്തിപിടിക്കാനാവും എന്ന ധാരണത്തന്നെയാവും പലപ്പോഴും മനുഷ്യരെ മുന്നോട്ടുനയിക്കുന്നത്!

"നമ്മുടെ കിടക്ക ആകെ പച്ച" ഒരു ഓർമപ്പെടുത്തൽ കൂടിയാണ്. അതെ, ഏതൊരു ജീവിക്കും എന്നപോലെ മനുഷ്യരും കടന്നുപോകുന്ന ഘട്ടമാണ് വാർധക്യം. ഈ മനുഷ്യാവസ്ഥ, ഏറ്റവും മനോഹരമാക്കേണ്ട ഒരു കാലമാണെന്ന ഓർമപ്പെടുത്തലാണ് പ്രധാനമായും ഈ നോവൽ മുന്നോട്ടുവയ്ക്കുന്നത് എന്നാണ് വായനാനുഭവത്തിന്‍റെ രത്‌നച്ചുരുക്കമായി പറയാൻ ആഗ്രഹിക്കുന്നത്.

മലയാള നോവൽ ചരിത്രത്തിലെതന്നെ ഒരു വാർധക്യകാല പ്രണയത്തിന്‍റെ ഏറ്റവും മനോഹരമായ നിറക്കൂട്ടാണ് ഈ നോവൽ എന്ന് പറയാം. സൗഹൃദത്തിന്‍റെയും പരസ്പരം ഊന്നുവടികളാകുന്ന പ്രണയത്തിന്‍റെയും ഹൃദയസ്പർശിയായ ചിത്രണം തന്നെയാണ് അർഷാദ് ബത്തേരി ഈ നോവലിലൂടെ ഒരുക്കിയിരിക്കുന്നത്. എഴുത്തുകാരൻ തന്‍റെ ആദ്യ നോവലിലൂടെ പുതുമയാർന്ന ഒരു പ്രമേയമാണ് മുന്നോട്ടുവച്ചിരിക്കുന്നത് എന്നതുതന്നെയാണ് ഈ നോവലിന്‍റെ ശക്തിയും പ്രത്യേകതയും എന്ന് പറയാം.

പ്രമേയത്തിൽ മാത്രമല്ല, നോവലിലെ പ്രതിപാദ്യത്തിന്‍റെ തെരഞ്ഞെടുപ്പിലും ക്രമീകരണത്തിലും ആഖ്യാനത്തിലും ഉൾപ്പെടെ നോവലിസ്റ്റ് പ്രകടിപ്പിക്കുന്ന രീതികളും എടുത്തുപറയേണ്ട ഒന്നാണ്. കാവ്യാത്മകമായ വാക്കുകളുടെ സൗന്ദര്യപ്രദമായ പ്രയോഗങ്ങളിലൂടെയും അർഷാദ് ബത്തേരി നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്.

വളരെ ലളിതമായ കഥാഘടനയിലൂടെയാണ് നോവൽ മുന്നോട്ടുപോകുന്നത്. വാർധക്യമെന്നത് പൊതുവെ ഏകാന്തതയും ഒറ്റപ്പെടലും നിരാസങ്ങളും ഒക്കെച്ചേർന്ന ഒരവസ്ഥയാണെന്ന സാമൂഹിക യാഥാർഥ്യത്തിൽ നിന്നുകൊണ്ടുതന്നെയാണ് നോവൽ കഥപറയുന്നത്. എന്നാൽ കഥപറയാൻ, നോവലിസ്റ്റ് സൃഷ്ടിച്ചെടുക്കുന്ന ഭാവനാലോകം മറ്റൊരു മായികലോകത്തേക്ക് വായനക്കാരനെ കൊണ്ടുപോകുന്നുവെന്നത് ശ്രദ്ധേയമാണ്.

പ്രായത്തിന്‍റെ അവശതകൾക്കിടയിലെ നിസ്സഹായതയിലെ ഏകാന്തതയിൽ, സൗഹൃദത്തിനും പ്രണയത്തിനുമുള്ള സ്ഥാനം എന്തെന്ന് ഈ നോവൽ നമുക്ക് കാണിച്ചുതരുന്നുണ്ട്. ഭർത്താവ് ഇല്ലാത്ത സ്ത്രീക്കും ഭാര്യയില്ലാത്ത പുരുഷനും അവരുടെ വാർധക്യനാളുകളിൽ എങ്ങനെയാണ് പ്രതീക്ഷാനിർഭരവും ആനന്ദദായകവുമായ പുതിയൊരു ലോകം സൃഷ്ടിച്ചെടുക്കാൻ സാധിക്കുകയെന്ന്, ഈ നോവൽ കാണിച്ചുതരുന്നുണ്ട്. മനസ്സിലാക്കാനും സ്നേഹിക്കുവാനും പരസ്പരം ഊന്നുവടികളാവാനും ഉതകുന്ന ഒരു കൂട്ടിനെ അന്വേഷിക്കുന്നതുകൂടിയാണ് വാർധക്യം എന്ന് ഇവിടെ വരച്ചുകാട്ടുന്നു.

പ്രായത്തിന്‍റെ ആവശ്യകതയും മാനുഷികമായ ചേദനയും എങ്ങനെയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത് എന്നത് നമുക്ക് പുതുമയുള്ളതൊന്നുമല്ലെങ്കിലും ഈ നോവലിലൂടെ രൂപപ്പെടുത്തുന്ന ചിലതുണ്ട്. അപരിചിതരായ സ്ത്രീയും പുരുഷനും തങ്ങളുടെ ശബ്ദങ്ങളിലൂടെ പരസ്പരം അറിയുകയും ഒന്നായിത്തീരാൻ തീരുമാനിക്കുകയും ചെയ്യുമ്പോൾ ഒരു രാഷ്ട്രീയമാനംകൂടി ഇവിടെ രൂപപ്പെടുന്നുണ്ട്.

വാർധക്യത്തിന്‍റെ ഒറ്റപ്പെടലും ഏകാന്തതയും നിറഞ്ഞ പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ട രണ്ടുപേരാണ് കേണൽ ഫിലിപ്പും അഹല്യയും. സൗഹൃദത്തിന്‍റെ വിത്തുകൾ ക്രമേണെ പ്രണയമായി മുളച്ചുപൊന്തുന്നതാണ് കഥയിലെ പച്ചപ്പ്. സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനുമുള്ള അടങ്ങാത്ത ദാഹത്താൽ നീറുന്ന രണ്ടു ഹൃദയങ്ങൾക്കിടയിലൂടെയാണ് വായനക്കാർ സഞ്ചരിക്കുക. ഏത് പ്രായത്തിലുള്ളവർ വായിക്കുമ്പോഴും അവർ കേണലോ അഹല്യയോ ആയി പരിണമിച്ചുപോകും.  

ഇതിനെല്ലാം അപ്പുറം ചില ഫിലോസഫിക്കൽ തത്വങ്ങൾ ഈ നോവലിൽ കണ്ടെത്താൻ സാധിക്കും. അങ്ങനെയുള്ള ചിലതുകൂടി പങ്കുവച്ചുകൊണ്ടല്ലാതെ ഈ വായനാനുഭവം രേഖപ്പെടുത്താനാവില്ല.

"ഒരാൾ ഒരാളെ ഇഷ്ടപ്പെടുമ്പോൾ അവർക്കു മാത്രമായി സഞ്ചരിക്കാൻ കഴിയുന്ന ഒരു ദേശം രൂപപ്പെടും, അവർക്കു മാത്രം മനസ്സിലാകുന്ന ഭാഷയിൽ!" 

"ഒരാളെ ഇഷ്ടപ്പെടാൻ തുടങ്ങിയാൽ നമ്മളിൽനിന്ന് ആദ്യം സമയം നഷ്ടപ്പെടും. പിന്നെ ചുറ്റുപാടുകളും. യുക്തിയും കണക്കുകളുമെല്ലാം നഷ്ടപ്പെടും. നമ്മൾ മാത്രമായി ചുരുങ്ങും. ലോകം നമുക്ക് പിറകെയാണെന്നും എന്നും മുന്നിൽ നമ്മളാണെന്നും വിശ്വസിച്ചു കളയും. നമുക്ക് വേണ്ടി എല്ലാ ഇടങ്ങളും മനോഹരമാവുകയാണെന്നും തോന്നും."

"മതത്തിനും ദൈവത്തിനുമൊക്കെ മനുഷ്യരെ അകറ്റാനേ കഴിയൂ. അടുപ്പിക്കാനാവില്ല. അത് സ്നേഹത്തിനു മാത്രമേ കഴിയൂ." ഇങ്ങനെയുള്ളതൊന്നും സ്നേഹത്തെക്കുറിച്ചുള്ള കേവലമായ വ്യാഖ്യാനങ്ങളല്ല, സ്നേഹത്തെ (അഥവാ പ്രണയത്തെ) വളരെയാഴത്തിൽ അനുഭവിപ്പിക്കുന്ന ജൈവികവും മനുഷ്യത്വപരവുമായ ഒരു അടയാളപ്പെടുത്തലാണ്.

മരുന്നും വേദനയും കീഴ്പ്പെടുത്തുന്ന, തീർത്തും ഒറ്റപ്പെട്ട ഒരു അവസ്ഥയിൽ നിന്ന്, ചെറുചെറു പ്രതീക്ഷകളിലേക്ക് ജീവിതത്തെ പറിച്ചുനടുവാൻ ശ്രമിക്കുന്ന രണ്ട് മനുഷ്യരുടെ കഥയാണ്. കോവിഡ് മഹാമാരിയുടെ ഭീതിതമായ പശ്ചാത്തലങ്ങളിലൂടെയാകുമ്പോൾ നമുക്ക് അതിന്‍റെ ഭീകരത ഒന്നുകൂടി വ്യക്തമാകുകയും ചെയ്യും. അഹല്യയുടെയും കേണലിന്‍റെയും 'കേട്ടുമുട്ടലുകൾ' കണ്ടുട്ടലുകളിൽ എത്തുന്നില്ലെങ്കിലും, പ്രണയം അതിന്‍റെ ആത്യന്തികമായ പരിസമാപ്‌തി കൈവരിക്കുന്നുണ്ട്. കേണൽ ജോൺ ഫിലിപ്പും അഹല്യയും കേവലം രണ്ടുദേഹങ്ങളല്ല, അവർ നമ്മൾതന്നെയാണ് എന്ന് വായനക്കാരൻ തിരിച്ചറിയുകയും ചെയ്യും.

"മരണം ആദ്യം ഓർമകളെയാണ് വിഴുങ്ങുക. പിന്നെ രുചികൾ, കാഴ്ചകൾ,വികാരങ്ങൾ. "

"വയസ്സായാൽ നമ്മുടെ എല്ലുകളൊക്കെ പുഴുങ്ങിയ കപ്പപോലെയാണ്"

"വ്യദ്ധൻമാരുടെ മരണം പക്ഷികളുടെ മരണം പോലെയാണ്."

"ജീവിക്കാനുള്ള കൊതിതീർന്നുപോയ ദിവസങ്ങളെ തള്ളിനീക്കുന്ന വേദനയാണ് ഏറ്റവും ഭാരമേറിയ സഹനം."

"വാർദ്ധക്യം ഒരു എത്തിപ്പെടലാണ്, പരിമിതികളെ മാത്രം ഓർമ്മപ്പെടുത്തുന്ന ഒരിടത്തേക്കുള്ള എത്തിച്ചേരൽ."

"കൂട്ടിന് ആരുമില്ലാത്തവരുടെ വീട് ശവപ്പറമ്പ്പോലെയാണ്."

''ഒറ്റപ്പെട്ടു പോകുന്ന മനുഷ്യർ ഏകാന്തതയുടെ അദൃശ്യ ചിഹ്നമാണ്. "

"ഫ്ലാറ്റുനുള്ളിലെ കഴിയലെന്നു വെച്ചാൽ ശവക്കുഴിയിൽ കിടക്കുന്നതു പോലെയാണ്."

"ഉറക്കം ചില നേരങ്ങളിൽ ദുർബ്ബലമായ പ്രാർത്ഥനപോലെയാണ്."

ആരുമില്ല,ആരുമില്ലായെന്ന് ജീവതത്തിലുടനീളം വിശ്വസിച്ച് ഭൂമിയിൽ മരിച്ചു തീരുന്നത് മനുഷ്യൻ മാത്രമായിരിക്കും' ഇങ്ങനെയുള്ള വിവിധങ്ങളായ കണ്ടെത്തലുകൾ മുന്നോട്ടുവയ്ക്കുമ്പോൾ മനസിലാകും ഈ നോവൽ മുന്നോട്ടുവയ്ക്കുന്ന അതിന്‍റെ സാമൂഹികധർമവും മാനുഷിക മൂല്യവും.

വർദ്ധക്യത്തെയും മരണത്തെയും ഇങ്ങനെ പലതരത്തിലുള്ള ചിത്രങ്ങളിലൂടെ കോറിയിടാൻ ശ്രമിക്കുമ്പോൾ, നമ്മളിൽ ഏൽപ്പിക്കുന്ന ചില മുറിവുകളുണ്ട്. അത്, സമൂഹം ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു അധ്യായമാണ്. ജീവിത സായാഹ്നത്തിൽ ആരുമില്ലാതെ ഒറ്റപ്പെട്ടവരുടെ മാത്രമല്ല, പ്രായമായവരെ ഭക്ഷണവും മരുന്നും നൽകി അടച്ചിട്ട് സംരക്ഷിക്കുന്നതാണ് തങ്ങളുടെ പുത്രധർമം എന്ന് കരുതി ഊറ്റംകൊള്ളുന്നവർക്കു മുന്നിലേക്കും ഈ നോവൽ ചില ചോദ്യങ്ങൾ പറയാതെ പറഞ്ഞുവയ്ക്കുന്നുണ്ട്. 

വരണ്ടതും ഇരുട്ടുനിറഞ്ഞതുമായ മുറിയിലെ കിടക്കയിൽനിന്നും കരുതലിന്‍റെ, സ്നേഹത്തിന്‍റെ, പ്രേമത്തിന്‍റെ തെളിമയാർന്ന പച്ചപ്പിന്‍റെ കുളിർമയിലേക്കുള്ള ഒരു സഞ്ചാരം ഈ നോവലിലൂടെ നമുക്ക് അനുഭവിച്ചറിയാൻ സാധിക്കും. ഇവിടെ കിടക്കയും പച്ചയും മനസ്സിന്‍റെ വ്യത്യസ്ത അനുഭവങ്ങളുടെ പരിച്ഛേദമായി മാറുന്നു. അങ്ങനെ വേറിട്ടൊരു മാനംകൂടി ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ മുന്നോട്ടുവയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വായനക്കാർക്ക് ഈ പുസ്തകം വേറിട്ടൊരു വായനാനുഭവം നൽകുന്നു.

English Summary:

"Nammute Kidaykka Aake Pacha" Novel by Arshad Batheri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com