കുടുംബത്തിന് വേണ്ടി മാത്രമായി ജീവിച്ചവൾ, ആത്മഹത്യ പോലും തോറ്റു പോയ സംഭവങ്ങൾ; എന്നിട്ടും 'പറക്കുന്ന വീട്ടമ്മ'
Mail This Article
എന്തിനായിരുന്നു വീട്ടമ്മയെ 'പറക്കുന്നവളായി' വിശേഷിപ്പിച്ചത്? കൂട്ടിൽ നിന്നും പറത്തിവിട്ടത് കൊണ്ടോ, അല്ലെങ്കിൽ കൂട് തുറന്നു സ്വയം പറന്നകന്നത് കൊണ്ടോ? എന്താണ്, എന്തിനാണ് നമുക്ക് സ്വാതന്ത്ര്യം? സ്വാതന്ത്ര്യത്തിന്റെ പൂർണമായ അർഥം എപ്പോഴാണ് നമുക്ക് ഉൾക്കൊള്ളാൻ സാധിക്കുക? നമുക്ക് നമ്മുടെ മേൽ അധികാരമില്ലെന്നു, മരണം പോലും തെളിയിച്ചിട്ടുണ്ട്. ആത്മഹത്യ പോലും തോറ്റു പോയ സംഭവങ്ങൾ നിരവധിയാണ്. ഇഷ്ടമുള്ളപ്പോൾ കൂട്ടികൊണ്ട് പോകുന്നു, അനുസരണയോടെ നമ്മളത് അനുസരിക്കുന്നു.
ഒരു ദിവസം എന്റെ സുഹൃത്തുക്കളിലൊരാൾ പറഞ്ഞു, എന്റെ ഭർത്താവ് ഇന്നലെ എന്നെ 'നീ പറക്കുന്ന വീട്ടമ്മയാണ്' എന്നിങ്ങനെ അഭിസംബോധന ചെയ്തു എന്ന്. "അതിനെന്താ സന്തോഷിക്കുകയല്ലേ വേണ്ടത്. വിചിത്രമായ രീതിയിലുള്ള മഹാ വ്യക്‌തിത്വമുള്ള സ്ഥാനം".ഇതായിരുന്നു എന്റെ മറുപടി. ഏതു വീട്ടമ്മയ്ക്കാണ് ചിറകുകൾ വീശി പറക്കുവാൻ കഴിഞ്ഞിട്ടുള്ളത്? സ്വതന്ത്രമായി പറക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിലും, ചിറകിനുള്ളിൽ വേണ്ടുവോളം അവകാശങ്ങളും ബാധ്യതകളും കടമകളായും കർത്തവ്യങ്ങളായും ഉണ്ടാവില്ലേ? അപ്പോഴൊക്കെ ചിറകുകളരിഞ്ഞ, ചിറകുകൾ കരിഞ്ഞ പക്ഷിയായി വീണു പോകുകയല്ലേ പതിവ്? “അരുവിയിലെ ഒഴുക്ക് പോലെ വീട്ടമ്മയുടെ മനസ്സിലെ ചിന്തകൾ തോന്നുന്ന പോലെയൊക്കെ ഒഴുകും ”.
കുടുംബത്തിന് വേണ്ടി മാത്രമായി ഞാൻ ജീവിച്ചപ്പോൾ, അവരുടെ ഇഷ്ടം എന്റെ ഇഷ്ടമായി കൊണ്ട് നടന്നപ്പോൾ, അവരുടെ സ്വപ്നം എന്റെ സ്വപ്നമായി ഏറ്റുപിടിച്ചപ്പോൾ പറക്കുന്നവളായിരുന്നില്ല. എന്റെ ഇഷ്ടങ്ങളിൽ തിരക്ക് അഭിനയിച്ചു തുടങ്ങിയപ്പോഴാണ്, വ്യക്തിഗത സ്വാതന്ത്ര്യമായി പറക്കുവാൻ തുടങ്ങിയത്. പറന്നുപോയ പക്ഷി അർഥശൂന്യയാണോ? നിയന്ത്രണങ്ങൾ എന്തിനാണ് അവളെ വേട്ടയാടി കൊണ്ടിരിക്കുന്നത്? മാത്രമല്ല സ്വാതന്ത്ര്യം എന്ന വാക്ക് തന്നെ ആപേക്ഷികമല്ലേ? ഇന്നലകളിലെ സ്വാതന്ത്ര്യത്തിന്റെ അർഥവും വ്യാപ്തിയുമല്ല ഇന്നിന്റേത്. സ്വാഭാവികമായും ഇന്നിന്റെ അർഥവും വ്യാപ്തിയുമായിരിക്കില്ല നാളയുടേതും. സ്വാതന്ത്ര്യമെന്നു പറഞ്ഞു കയറിചെല്ലുന്ന ഏതു പടിവാതിക്കലിലുമുണ്ട് നിയന്ത്രണങ്ങൾ. എന്നാൽ നമ്മുടെ ഇഷ്ടങ്ങളുടെ മുൻതൂക്കം ആ നിയന്ത്രണങ്ങളെ അവഗണിക്കുന്നു എന്നുമാത്രം.
എന്റെ ഇഷ്ടമേഖലയാണ് എഴുത്ത്. എന്റെ തോന്നലുകൾ കഥയായും, കവിതയായും രൂപാന്തരം പ്രാപിച്ചിരിക്കാം. അതോടെ ഞാനും എന്റെ രചനകളും സ്വാതന്ത്ര്യംനേടി എന്നാണോ? നമ്മൾ തിരിച്ചറിയാത്ത കാര്യമുണ്ട്. നല്ല ഭാഷയും ആഖ്യാനരീതി കൊണ്ടും വായനക്കാരന്റെ കയ്യിലെത്തുമ്പോൾ; വായനക്കാരൻ നമ്മെ സ്വീകരിക്കുമ്പോഴുള്ള സന്തോഷമുണ്ട്. ഈ സ്വീകാര്യതയാണ് എന്റെ സ്വാതന്ത്ര്യം. ചില സ്വാതന്ത്ര്യം അങ്ങനെയാണ്. മുറവിളി കൂട്ടുമെങ്കിലും സമ്പൂർണമാകണമെങ്കിൽ ആഗ്രഹിക്കുന്നവരുടെ തൃപ്തിപ്പെടലുകൾ അനിവാര്യമാണ്. അല്ലങ്കിൽ അതൊരു അലച്ചിൽ മാത്രമായി മാറും.
ആ അലച്ചിൽ തന്നെയല്ലേ, “ഗേ ആയും ലെസ്ബിയനായുമുള്ള” ജീവിത സ്വാതന്ത്ര്യത്തിന് വേണ്ടി ചിലരെല്ലാം തേടികൊണ്ടിരിക്കുന്നത്? നിലനിൽപ്പുള്ള സ്വാതന്ത്ര്യമാണ് നമ്മൾ തേടികൊണ്ടിരിക്കുന്നതെങ്കിൽ, നമ്മുടെ വിശ്വാസത്തിന്റെ, കുടുംബത്തിന്റെ ഉള്ളിൽ നിന്നു കൊണ്ട്, മറ്റുള്ളവരെ കൂടി കാണുവാനും കേൾക്കുവാനും ശ്രമിക്കുമ്പോൾ, ജീവിതം ഒരു പദപ്രശ്നമായി പൂർത്തീകരിക്കാനാവാതെ അവിടെ നിൽക്കില്ല. അന്യം നിന്നുപോയ മൃഗങ്ങളെ കുറിച്ച് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പുതു തലമുറയെ വാർത്തെടുക്കാനാകാതെ, അന്യംനിന്നു പോകുന്ന മനുഷ്യജന്മത്തിന്റെ സ്വാതന്ത്ര്യത്തിനുള്ള പരക്കം പാച്ചിലാണ് ഖേദകരം.