ADVERTISEMENT

ക്വാലലംപുർ ∙ സാധുവായ പാസ്പോർട്ടോ വീസയോ ഇല്ലാതെ മലേഷ്യയിൽ അനധികൃതമായി താമസിച്ചു വരുന്ന വിദേശികൾക്ക് അതാത് രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള അവസരം നൽകുകയെന്ന ലക്ഷ്യത്തോടെ മലേഷ്യൻ ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചു. മലേഷ്യയിൽ വീസാ തട്ടിപ്പുമൂലം കുടുങ്ങി കിടക്കുന്ന നൂറുകണക്കിന് മലയാളികൾക്ക് പൊതുമാപ്പ് ആശ്വാസകരമാവും. നിയമം ലംഘിച്ച് മലേഷ്യയിൽ താമസിക്കുന്ന വിദേശികൾക്ക് ഈ വർഷം മാർച്ച് ഒന്നാം തീയതി മുതൽ ഡിസംബർ മുപ്പത്തൊന്നാം തീയതിവരെ ശിക്ഷാ നടപടികൾ കൂടാതെ രാജ്യം വിടാനാകും. ഒറിജിനൽ പാസ്ർപോട്ടിനോടൊപ്പം മാതൃ രാജ്യത്തേക്ക് യാത്ര പുറപ്പെടാനുള്ള വിമാന ടിക്കറ്റും ഹാജരാക്കണം. പൊതുമാപ്പിന്‍റെ ഭാഗമായി പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് എമർജൻസി സർട്ടിഫിക്കറ്റിനായി ഇന്ത്യൻ എംബസിയെ സമീപിക്കാം.

സന്ദർശക വീസയുടെ മറവിൽ തട്ടിപ്പിനിരയായ നിരവധി മലയാളികളാണ് താമസ രേഖകളില്ലാതെ മലേഷ്യയുടെ വിവിധ മേഖലകളിൽ കുടുങ്ങി കിടക്കുന്നത്. രാജ്യം വിടാൻ ജയിൽ വാസവും,വൻ തുക പിഴയും ഒടുക്കേണ്ടിവരുമെന്നതിനാൽ പൊതുമാപ്പിനും വേണ്ടി കാത്തിരിക്കുന്നവരാണ് ഭൂരിഭാഗം പേരും. മലേഷ്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പതിനാല് ഇമിഗ്രെഷൻ എൻഫോഴ്‌സ്‌മെന്‍റ് ഓഫിസുകളിലാണ് നിലവിൽ പൊതുമാപ്പിനായി അപേക്ഷകൾ സ്വീകരിക്കുന്നത്. മുൻകൂർ അപ്പോയ്ന്‍റ്മെന്റുകൾ ഇല്ലാതെ തന്നെ അപേക്ഷകർക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം എൻഫോഴ്‌സ്‌മെന്‍റ് ഓഫിസുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാനാകും. അഞ്ഞൂറ് മലേഷ്യൻ റിങ്കിറ്റാണ് അപേക്ഷാ ഫീസ്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ,ടിഎൻജി വാലറ്റ് എന്നിവയിലൂടെ മാത്രമായിരിക്കും പേയ്‌മെന്‍റ് സ്വീകരിക്കുക. നിലവിലെ പൊതുമാപ്പിന്‍റെ അപേക്ഷാ ഫീ താരതമ്യേന കുറവാണ്. 2019 ൽ പ്രഖ്യാപിച്ച പൊതുമാപ്പിൽ അപേക്ഷകരോട് എഴുനൂറ് മലേഷ്യൻ റിങ്കിട്ടായിരുന്നു ഫീസായി ഈടാക്കിയിരുന്നത്.

English Summary:

Amnesty for Illegal Staying in Malaysia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com