93 രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടർക്ക് വധശിക്ഷ വിധിച്ച് ഈജിപ്ഷ്യൻ കോടതി
Mail This Article
കയ്റോ∙ 93 രോഗികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഈജിപ്ഷ്യൻ ഡോക്ടറെ തൂക്കി കൊല്ലാൻ വിധിച്ച് കോടതി. രാജ്യത്തെ ഞെട്ടിച്ച കേസിലാണ് ഈജിപ്തിലെ ക്രിമിനൽ കോടതി വിധി പ്രസ്താവിച്ചത്. ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയുമായി കൂടിയാലോചിച്ച ശേഷമാണ് കോടതി വധശിക്ഷ വിധിച്ചത്.
കയ്‌റോയിലെ ശുബ്രയ്ക്ക് സമീപം ക്ലിനിക്ക് നടത്തിയിരുന്ന ഡോക്ടർക്കെതിരെ ഒരു സ്ത്രീ പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന പീഡനങ്ങളുടെ കഥ പുറത്തായത്. ഗർഭച്ഛിദ്രം നടത്തുന്നതിന് പകരമായി ഡോക്ടർ തന്നെ ലൈംഗിക പീഡനത്തിനായി ഇരയാക്കിയെന്നാണ് സ്ത്രീ ആരോപിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ ക്ലിനിക്കിൽ ലൈംഗിക ദുരുപയോഗം നടത്തിയതിനുള്ള തെളിവ് കിട്ടി. സാമ്പത്തിക നേട്ടത്തിനായി ഗർഭച്ഛിദ്രം നടത്തിയ ഡോക്ടർ പദവി ദുരുപയോഗം ചെയ്തിരുന്നു. ലൈംഗിക പീഡനത്തിന് പുറമെ രോഗികളെ ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
ക്ലിനിക്കിൽ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങളാണ് 93 രോഗികളെ ഡോക്ടർ പീഡിപ്പിച്ചതായിട്ടുള്ള തെളിവുകൾ കണ്ടെത്താൻ സഹായിച്ചത്. ചില ഇരകൾ ഡോക്ടറുമായുള്ള ബന്ധത്തിന് സമ്മതിച്ചു. മറ്റുള്ളവരെ ഡോക്ടർ മരുന്ന് നൽകി മയക്കിയതിന് ശേഷം പീഡനത്തിന് ഇരയാക്കി. ഈ സംഭവം ഈജിപ്തിലുടനീളമുള്ള രോഷത്തിന് കാരണമായിരുന്നു.കുറ്റകൃത്യങ്ങളുടെ തീവ്രത കാരണം വധശിക്ഷ വിധിക്കാൻ ഗ്രാൻഡ് മുഫ്തിയുടെ അഭിപ്രായം തേടാൻ കോടതി തീരുമാനിക്കുകയായിരുന്നു. വധശിക്ഷ വിധിക്കാൻ രാജ്യത്തെ നിയമം അനുസരിച്ച് ഗ്രാൻഡ് മുഫ്തിയുടെ അനുമതി വേണം. ഇതു ലഭിച്ചതോടെയാണ് വധശിക്ഷ വിധിച്ചത്.