ഭരതനാട്യം, കുച്ചിപ്പുടി നൃത്തങ്ങളിൽ മികവ്; അമർനാഥ് ഘോഷിന്റെ കൊലപാതകത്തിൽ വേദനയോടെ കലാലോകം
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ നർത്തകൻ അമർനാഥ് ഘോഷ് യുഎസിൽ വെടിയേറ്റു മരിച്ചതായി അദ്ദേഹത്തിന്‍റെ സുഹൃത്തും ടെലിവിഷൻ നടിയുമായ ദേവോലീന ഭട്ടാചാര്യ പറഞ്ഞു. ചൊവ്വാഴ്ച മിസോറിയിലെ സെന്‍റ് ലൂയിസ് സിറ്റിയിൽ സായാഹ്ന നടത്തത്തിനിടെയാണ് അമർനാഥ് ഘോഷിന് വെടിയേറ്റത്.
‘‘എന്‍റെ സുഹൃത്ത് അമർനാഥ് ഘോഷ് ചൊവ്വാഴ്ച വൈകുന്നേരം യുഎസിലെ സെന്‍റ് ലൂയിസ് അക്കാദമി പരിസരത്ത് വെടിയേറ്റ് കൊല്ലപ്പെട്ടു. അമ്മ 3 വർഷം മുൻപും അച്ഛൻ കുട്ടിക്കാലത്തും മരിച്ചു. പ്രതിയുടെ വിവരങ്ങൾ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അമർനാഥിന് വേണ്ടി പോരാടാൻ കുറച്ച് സുഹൃത്തുക്കളൊഴികെ ആരും അവശേഷിക്കുന്നില്ല’’ – ദേവോലീന ഭട്ടാചാര്യ പറഞ്ഞു.
കൊൽക്കത്ത സ്വദേശിയും ഭരതനാട്യം, കുച്ചിപ്പുടി നർത്തകനുമായ ഘോഷ് നാല് നൃത്ത ശൈലികളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. ചെന്നൈയിലെ കലാക്ഷേത്ര അക്കാദമിയിലെ പൂർവ വിദ്യാർഥിയാണ്. സെന്‍റ് ലൂയിസിലെ വാഷിങ്‌ടൻ യൂണിവേഴ്സിറ്റിയിൽ നൃത്തത്തിൽ എംഎഫ്എ വിദ്യാർഥിയായിരുന്നു. രാജ്യാന്തര സാംസ്കാരിക മന്ത്രാലയത്തിൽനിന്ന് കുച്ചിപ്പുഡിക്ക് ദേശീയ സ്കോളർഷിപ്പ് ലഭിച്ച അദ്ദേഹം ബോബിത ഡേ സർക്കാർ, എം വി നരസിംഹാചാരി, അഡയാർ കെ ലക്ഷ്മൺ എന്നിവരുടെ കീഴിലാണ് പരിശീലനം നേടിയത്.