റിയൽ എസ്റ്റേറ്റിലെ ‘വ്യാജൻ’; ഓസ്ട്രേലിയയിലെ ‘ഡിജിറ്റൽ സ്റ്റൈലിങ്’ തട്ടിപ്പിനെതിരെ ഉപഭോക്താക്കൾ
Mail This Article
വിക്ടോറിയ∙ വസ്തു വിൽപനയ്ക്കുള്ള പരസ്യത്തിന് 'വ്യാജ' ചിത്രങ്ങൾ ഉപയോഗിച്ചതിന് റിയൽ എസ്റ്റേറ്റ് ഏജൻസിക്കെതിരെ നടപടിക്ക് സാധ്യത. ഓസ്ട്രേലിയയിലെ വടക്കൻ വിക്ടോറിയയിലെ ലെനീവയിൽ പുതുതായി നിർമിച്ച, ആഴ്ചയിൽ $670 വാടകയ്ക്ക് നൽകുമെന്ന ഓൺലൈനിൽ പരസ്യം നൽകിയ വീടിനാണ് വ്യാജ ചിത്രം നൽകിയത്. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്‌തതാണെന്ന് ആളുകൾ കണ്ടെത്തിയതോടെയാണ് ഏജൻസിക്കെതിരെ നിയമനടപടിക്ക് സാധ്യത തെളിഞ്ഞത്. നിർമാണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന വീടിന്‍റെ ചിത്രമാണ് ഫോട്ടോഷോപ്പ് ചെയ്‌ത് ഏജൻസി പുറത്ത് വിട്ടത്. ഫോട്ടോഷോപ്പ് ചെയ്‌ത പുൽത്തകിടി മനോഹരമായിരുന്നു. പക്ഷേ ഒരു ജനലിലൂടെ നിർമാണം നടക്കുന്നതിന്‍റെ പ്രതിബിംബം ദൃശ്യമായത് റിയൽ എസ്റ്റേറ്റ് ഏജൻസിക്ക് തിരിച്ചടിയായി.
ഇത്തരം വ്യാജ ചിത്രങ്ങൾ നൽകുന്നത് തടയാൻ നിയമം വേണമെന്ന് ആളുകൾ ആവശ്യപ്പെട്ടു. പരസ്യത്തിലെ മറ്റ് ഫോട്ടോകൾ വീടിനുള്ളിൽ നിന്നുള്ളതാണ്. ഇപ്പോൾ നിർമാണം നടക്കുന്ന വീട്ടിൽ നിന്ന് നിർമാണം പൂർത്തിയതായി കാണിക്കുന്നത് വഞ്ചനയാണെന്ന് പരാതി ഉയരുന്നു. കഴിഞ്ഞ മാസം സിഡ്‌നിയുടെ വടക്കുപടിഞ്ഞാറൻ രണ്ട് ബെഡ്‌റൂം അപ്പാർട്ട്‌മെന്‍റിന്‍റെ പരസ്യത്തിൽ ഒരു വലിയ ബാൽക്കണിയിൽ ഫോട്ടോഷോപ്പ് ചെയ്‌ത സൂര്യാസ്തമയം ചേർത്തത് വിവാദമായിരുന്നു. സിഡ്‌നി ആസ്ഥാനമായുള്ള ഒരു റിയൽ എസ്റ്റേറ്റ് ഏജന്‍റ് ഈ സമ്പ്രദായത്തെ ന്യായീകരിച്ചു, 'എല്ലാവരും ഇത് ചെയ്യുന്നു' എന്ന് അവകാശപ്പെട്ടാണ് റിയൽ എസ്റ്റേറ്റ് ഏജന്‍റ് ഇതിനെ ന്യായീകരിക്കുന്നത്. ഡിജിറ്റൽ സ്റ്റൈലിങ് എന്നാണ് ഇതിനെ വിളിക്കുന്നത്. വസ്തുവിനെയും വീടിനെയും കൂടുതൽ ആകർഷകമാക്കാൻ ഇത് സഹായിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ പ്രകാരം, 'വസ്തുവിന്‍റെ വിലയെക്കുറിച്ചോ വസ്തുവിനെ കുറിച്ചുള്ള മറ്റേതെങ്കിലും വിവരങ്ങളെക്കുറിച്ചോ റിയൽ എസ്റ്റേറ്റ് ഏജന്‍റുമാർ ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്'. ഓൺലൈൻ പരസ്യത്തിൽ കൃത്യമല്ലാത്ത രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന വാടക വസ്‌തുക്കളെക്കുറിച്ച് വിക്ടോറിയ ഉപഭോക്തൃകാര്യ വകുപ്പ് ഇപ്പോൾ അന്വേഷണം നടത്തുകയാണ്. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.