പൊലീസ് വെടിവച്ച് കൊന്നത് സഹായം തേടിയെത്തിയ പതിനഞ്ചുകാരിയെ; വിഡിയോ
Mail This Article
കലിഫോർണിയ ∙ തട്ടിക്കൊണ്ടുപോയ പിതാവിൽനിന്നു രക്ഷപ്പെടാൻ പൊലീസിന്‍റെ സഹായം തേടിയ പതിനഞ്ചുകാരി പൊലീസ് ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ച സംഭവത്തിന്‍റെ വിഡിയോ പുറത്ത്. 2022 സെപ്റ്റംബറിലായിരുന്നു സംഭവം. വേർപിരിഞ്ഞ ഭാര്യ ട്രേസി മാർട്ടിനെസിനെ കൊലപ്പെടുത്തിയ ശേഷം സവന്നയെ പിതാവ് ആന്‍റണി ജോൺ ഗ്രാസിയാനോ തട്ടിക്കൊണ്ടുപോയി. ആന്‍റണിയുടെ കാർ പൊലീസ് തടഞ്ഞപ്പോൾ അതിൽനിന്നിറങ്ങി പൊലീസിന്റെ അടുത്തേക്കെത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥർ സവന്നയെ വെടിവയ്ക്കുകയായിരുന്നു. പെൺകുട്ടി ആക്രമിച്ചപ്പോഴാണ് തിരികെ വെടിവച്ചതെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാൽ ഇതു തെറ്റാണെന്നും സവന്ന നിരായുധയായിരുന്നുവെന്നും തെളിയിക്കുന്ന വിഡിയോ ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നത്. ഇതു പുറത്തുവിടാൻ പൊലീസ് വിസമ്മതിച്ചിരുന്നു. പക്ഷേ കലിഫോർണിയ പബ്ലിക് റെക്കോർഡ്സ് ആക്ട് പ്രകാരം മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തിങ്കളാഴ്ച വിഡിയോ പുറത്തുവിട്ടത്.
സാൻ ബെർനാഡിനോ കൗണ്ടിയിൽ നിന്നുള്ള പൊലീസ് സംഘം ആന്‍റണി ഗ്രാസിയാനോയുടെ കാർ തടയാൻ ശ്രമിച്ചപ്പോൾ സെമി ഓട്ടമാറ്റിക് തോക്ക് ഉപയോഗിച്ച് അയാൾ വെടിവച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സവന്നയും വാഹനത്തിൽനിന്നു വെടിയുതിർത്തെന്ന് പൊലീസ് അവകാശപ്പെടുന്നു. ഇതിനെപ്പറ്റി കൂടുതൽ അന്വേഷണം നടക്കുകയാണ്.
പൊലീസ് പിന്തുടർന്നപ്പോൾ ആന്‍റണി ഗ്രാസിയാനോ വാഹനം നിർത്തി. പിന്നീട് പൊലീസിന് നേരെ വെടിയുതിർത്ത് വാഹനം റിവേഴ്‌സ് എടുക്കാൻ ശ്രമിച്ചു. ഇതിന് പിന്നാലെയാണ് പെൺകുട്ടി കാറിൽ നിന്ന് ഇറങ്ങുന്നത്. പാസഞ്ചർ സൈഡിൽ നിന്ന് പെൺകുട്ടി പുറത്ത് ഇറങ്ങിയെന്ന് ഉദ്യോഗസ്ഥർ പറയുന്നത് വിഡിയോ ദൃശ്യങ്ങളിൽ കേൾക്കാൻ സാധിക്കും. സംഭവസമയം പൊലീസുകാർ ബോഡി ക്യാമറകൾ ധരിച്ചിരുന്നില്ല. പൊലീസ് പകർത്തിയ ഹെലികോപ്റ്റർ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
പെൺകുട്ടിയോട് തങ്ങളുടെ സമീപത്തേക്ക് വരാൻ ഉദ്യോഗസ്ഥൻ പറയുന്നതും വിഡിയോയിലുണ്ട്. സാൻ ബെർണാർഡിനോ കൗണ്ടി ഷെരീഫ് ഷാനൻ ഡിക്കസ് ആദ്യം കരുതിയത് ഗ്രാസിയാനോ ഷൂട്ടിങ്ങിനിടെ തന്ത്രപരമായ രീതിയിൽ പൊലീസിനെ സമീപിക്കുകയാണ് എന്നാണ്. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങൾ, വെടിയുണ്ടകൾ തുടങ്ങിയവ കണ്ടെത്തി. ഇവ ഗ്രാസിയാനോയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് സ്ഥീകരിച്ചു. സംഭവസ്ഥലത്തു തന്നെ സവന്ന വെടിയേറ്റ് മരിച്ചു. പിന്നീട് ഗ്രാസിയാനോയും കൊല്ലപ്പെട്ടു.