ഭരതനാട്യം മുതല്‍ ഹിപ്ഹോപ് വരെ; ഓസ്ട്രേലിയയിൽ ഹിറ്റായി മലയാളികളുടെ നേതൃത്വത്തിലുള്ള ഡാന്‍സ് ഗ്രൂപ്പുകൾ, ഇനി സിനിമയിൽ
Mail This Article
ബ്രിസ്ബെയ്ന്‍ ∙ ഭരതനാട്യം മുതല്‍ മോഡേണ്‍ ഹിപ്ഹോപ് വരെ-കലാസ്വാദകരുടെ കയ്യടി നേടി ഓസ്ട്രേലിയന്‍ നൃത്ത വേദികളില്‍ സജീവമാകുകയാണ് മലയാളികളുടെ നേതൃത്വത്തിലുള്ള ഡാന്‍സ് ഗ്രൂപ്പുകളായ 'ലയ ഓസ്ട്രേലിയ'യും 'ഫാസ്റ്റ് മൂവ്‌സ് ഓസ്‌ട്രേലിയ'യും.
ക്യൂന്‍സ് ലാന്‍ഡ് ആസ്ഥാനമായാണ് ഡാന്‍സ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം. നര്‍ത്തകി ലക്ഷ്മി ജയന്റേതാണ് ലയ. വിദ്യാർഥിയും നര്‍ത്തകനുമായ ജേക്ക് സോളമന്റേതാണ് ഫാസ്റ്റ് മൂവ്‌സ്. പത്തോളം അംഗങ്ങള്‍ വീതമാണ് ഇരു ഗ്രൂപ്പിലുമായുള്ളത്. ക്യൂന്‍സ് ലാന്‍ഡിൽ മാത്രമല്ല ഓസ്ട്രേലിയയുടെ നിരവധി നൃത്ത വേദികള്‍ക്ക് സുപരിചതരാണ് ലക്ഷ്മിയും ജേക്കും.
ടുമാറോ എന്ന ചലച്ചിത്രത്തിലൂടെ അഭ്രപാളികളില്‍ അരങ്ങേറ്റം കുറിക്കുകയാണ് ലക്ഷ്മിയുടെ ലയയും ജേക്കിന്റെ ഫാസ്റ്റ് മൂവ്‌സും. കാല്‍നൂറ്റാണ്ടിലധികമായി കേരളത്തിലും ഓസ്ട്രേലിയയിലുമുള്ള ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ തൈക്കാട്ട്‌ശേരി സ്വദേശിയും സംവിധായകനും നടനും നിര്‍മാതാവും ലോക റെക്കോര്‍ഡ് ജേതാവുമായ ജോയ്. കെ. മാത്യു നിര്‍മിക്കുന്ന 7 കഥകള്‍ അടങ്ങുന്ന ടുമാറോ എന്ന ആന്തോളജി ചിത്രത്തിലാണ് ഇരു ഗ്രൂപ്പുകള്‍ക്കും അവസരം ലഭിച്ചത്. ഗായകര്‍, സംഗീത സംവിധായകര്‍, നര്‍ത്തകര്‍, അഭിനേതാക്കള്‍ തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന ജോയ് കെ. മാത്യുവിന്റെ ടുമാറോ 2025 നവംബറില്‍ റിലീസ് ചെയ്യും.
∙ ലക്ഷ്യം രാജ്യാന്തര വേദികള്‍
ഓസ്ട്രേലിയയില്‍ മാത്രമല്ല രാജ്യാന്തര തലത്തിലും നൃത്തം അവതരിപ്പിക്കാനും പ്രതിഭാശാലികളായ നര്‍ത്തകര്‍ക്ക് മികച്ച വേദിയൊരുക്കാനും ലക്ഷ്യമിട്ടാണ് ലയയ്ക്ക് തുടക്കമിട്ടതെന്ന് ലക്ഷ്മി ജയന്‍ പറയുന്നു. വ്യത്യസ്ത നൃത്ത ശൈലികള്‍ പഠിക്കാനും പഠിപ്പിക്കാനും പുതിയ പ്രഫഷനല്‍ നര്‍ത്തകരെ വാര്‍ത്തെടുക്കാനും പ്രാദേശിക, ദേശീയ, രാജ്യാന്തര കലാകാരന്മാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും നര്‍ത്തകരുടെ മികവുകള്‍ക്ക് പ്രകാശം നല്‍കാനും ലയ വേദിയൊരുക്കുമെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ അവസരം കിട്ടിയതിന്റെ ത്രില്ലിലാണ് ലക്ഷ്മി. ടുമാറോയിലെ അണ്‍ബ്രേക്കബിൾ എന്ന ചിത്രത്തില്‍ ഭരതനാട്യം അവതരിപ്പിക്കാനാണ് ലയയ്ക്ക് ഭാഗ്യം ലഭിച്ചത്. ഗായത്രി ചൗദരി, ജ്യോത്സന ജയരാജന്‍, ജിയോന ജോയ്, ശീതള്‍ ജോജി, ഹര്‍ഷ ജെന്‍സ്, ഗംഗ അരുണ്‍, ആദിത്യ അനില്‍, ആതിര തോമസ് എന്നിവരാണ് ലയയിലെ അംഗങ്ങള്‍.ഓസ്ട്രേലിയയില്‍ ഷെയറിങ് സ്റ്റോറീസ് ഫൗണ്ടേഷനില്‍ ഇവാലുവേഷന്‍ ഓഫിസര്‍ ആയ ലക്ഷ്മി 6-ാം വയസ്സിലാണ് നൃത്തം പഠിച്ചു തുടങ്ങിയത്. ഭരതനാട്യം, ഭാന്‍ഗ്ര, ഹിപ്ഫോപ്പ് എന്നിവയില്‍ അഗ്രഗണ്യയാണ്. ക്യൂന്‍സ് ലാന്‍ഡിൽ താമസിപ്പിക്കുന്ന കോട്ടയം തിരുവല്ല സ്വദേശിയായ ജിജി ജയന്റെയും ജയ നാരായണ്‍ തുണ്ടിയിലിന്റെയും മകളാണ് ലക്ഷ്മി. ആദിത്യ ജയന്‍ സഹോദരനാണ്.
∙ 'ഫാസ്റ്റ്' ആണ് ഈ ഫാസ്റ്റ് മൂവ്‌സ് ഓസ്‌ട്രേലിയ
നര്‍ത്തകര്‍ക്ക് മികച്ച വേദിയൊരുക്കുകയും ഓസ്ട്രേലിയയ്ക്ക് അകത്തും പുറത്തും നൃത്ത പരിപാടികള്‍ അവതരിപ്പിക്കുകയുമാണ് ഫാസ്റ്റ് മൂവിലൂടെ ജേക്ക് സോളമന്റെ ലക്ഷ്യം. വ്യത്യസ്ത നൃത്ത രൂപങ്ങള്‍ പഠിക്കുക മാത്രമല്ല നിരവധി ഡാന്‍സ് മത്സരങ്ങളില്‍ പങ്കെടുക്കുകയും പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ ജേക്ക് ശ്രദ്ധേയനാണ്. നൃത്തമാണ് തന്റെ ജീവവായുവെന്ന് പറയുന്ന ജേക്കിന് ഏറെ ഇഷ്ടം ചടുല വേഗത്തിന്റെ ഹിപ്ഹോപ്പും ബോളിവുഡ് ശൈലിയും തന്നെ. ശരവേഗത്തിലുള്ള ചുവടുകളിലൂടെ അംഗവിന്യാസങ്ങളുടെ ചാരുതയില്‍ വേദികളെ ഇളക്കിമറിക്കാന്‍ കഴിവുള്ള ടീം അംഗങ്ങളായ ഡാനിയല്‍ സോളമന്‍, ഡോണ ഫിലിപ്പ്, റോസ് മരിയ ടോം, സാം തോമസ്, മിഷ സഖല, ജോര്‍ദാന ജോണ്‍ എന്നിവരാണ് ഫാസ്റ്റ് മൂവ്‌സിന്റെ കരുത്തും. ടുമാറോയിലെ ചിത്രങ്ങളിലൊന്നായ അണ്‍ബ്രേക്കബിളില്‍ മോഡേണ്‍ ഹിപ്ഹോപില്‍ ഒരു ഗാനം കൊറിയോഗ്രാഫി ചെയ്യാനും അവതരിപ്പിക്കാനും അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജേക്ക്.
തൃശൂര്‍ സ്വദേശിയായ ജേക്ക് ക്യൂന്‍സ് ലാന്‍ഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാർഥിയാണ്. നാലാം വയസ്സു മുതല്‍ നൃത്തം പഠിച്ചു തുടങ്ങിയതാണ്. സഹോദരന്‍ ഡാനിയലും ഗ്രൂപ്പിലെ മികച്ച നര്‍ത്തകരില്‍ ഒരാളാണ്. തൃശൂര്‍ സ്വദേശിയായ സോളമന്‍ മാത്യുവിന്റെയും ഷിബി സോളമന്റെയും മകനാണ് ജേക്ക്.
കലാകാരന്മാരെ കണ്ടെത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും അവസരങ്ങള്‍ നല്‍കുന്നതിലുമെല്ലാം ജോയ് കെ. മാത്യു ഏറെ താല്പര്യം പ്രകടിപ്പിക്കുന്നതു കൊണ്ടാണ് സിനിമയില്‍ അവസരം ലഭിച്ചതെന്ന് ലക്ഷ്മിയും ജേക്കും ഒരേ സ്വരത്തില്‍ പറയുന്നു. ടുമാറോയിലൂടെ കൂടുതല്‍ സിനിമകളില്‍ അവസരങ്ങള്‍ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ലക്ഷ്മിയും ജേക്കും.