സംഗീത് ശിവൻ മാജിക്കിലൂടെ സിനിമാപ്രേമികൾ സ്നേഹിച്ച നേപ്പാൾ; 32 വർഷത്തിന് ശേഷവും മലയാളി മറക്കാത്ത യോദ്ധ
Mail This Article
സംഗീത് ശിവൻ വിടപറയുന്നതോടെ സിനിമാപ്രേമികൾക്ക് നഷ്ടമാകുന്നത് മനോഹരമായ ദൃശ്യങ്ങൾ വെള്ളിത്തിരയിൽ സമ്മാനിച്ച സംവിധായകനെയാണ്. മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ എക്കാലവും നിത്യഹരിതമായി നിലകൊള്ളുന്ന ചിത്രമാണ് യോദ്ധ. തേർട്ടി സിക്സ്ത്ത് ചേംബര്‍ ഓഫ് ഷാവൊലിന്‍ എന്ന കുങ് ഫു സിനിമയിൽ നിന്നും പ്രചോദനം ഉൾകൊണ്ട് സംഗീത ശിവൻ സംവിധാനം ചെയ്ത യോദ്ധയിൽ നർമ്മവും സംഘട്ടനവും ഹാസ്യവുമെല്ലാം നിറഞ്ഞ് നിന്നു. യോദ്ധയ്ക്ക് സവിശേഷമായ ദൃശ്യചാരുത പകർന്ന് തരാൻ നേപ്പാളിനും അവിടുത്തെ സവിശേഷമായ ഭൂപ്രകൃതിക്കും സാധിച്ചിട്ടുണ്ട്. നേപ്പാളി സംസ്ക്കാരത്തെയും കാഠ്മണ്ഡുവിന്‍റെ മനോഹാരിതയെയും മനസ്സിലാക്കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. നേപ്പാളിന്‍റെ സൗന്ദര്യം സംഗീത് ശിവൻ മലയാളികൾക്ക് സമ്മാനിച്ചത് രാജ്യത്തെ പ്രധാനകേന്ദ്രങ്ങളിലെ ചിത്രീകരണത്തിലൂടെയായിരുന്നു.
∙ മലയാള സിനിമാ പ്രേമികൾക്ക് യോദ്ധ പരിചയപ്പെടുത്തിയ നേപ്പാളിലെ പ്രശസ്തമായ സ്ഥലങ്ങൾ
ത്രിഭുവൻ രാജ്യാന്തര വിമാനത്താവളം
തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ത്രിഭുവൻ രാജ്യാന്തര വിമാനത്താവളം സ്ഥിതിചെയ്യുന്നത്. നേപ്പാളിലേക്ക് അശോകൻ വന്ന് ഇറങ്ങുന്നതായി യോദ്ധയിൽ കാണിക്കുന്ന രംഗം ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിലാണ് ചിത്രീകരിച്ചരിക്കുന്നത്. ഭൂപ്രകൃതിയുടെ സവിശേഷത കാണം ടേബിൾടോപ്പ് റൺവേയാണ് ഇവിടെയുള്ളത്. നേപ്പാൾ എയർലൈൻസ് ,ഹിമാലയ എയർലൈൻസ് തുടങ്ങിയ വിമാനകമ്പനികളാണ് പ്രധാനമായിട്ടും ത്രിഭുവൻ വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്നത്.
മൗണ്ട് എവറസ്റ്റ് സന്ദർശിക്കുന്ന രാജ്യാന്തര വിനോദസഞ്ചാരികൾക്കുള്ള പ്രാരംഭ പോയിന്‍റായ ലുക്‌ലയിലേക്കുള്ള സർവീസും ഇവിടെ നിന്ന് ലഭ്യമാണ്. ഗതാഗതക്കുരുക്ക്, മഞ്ഞുകാല മൂടൽമഞ്ഞ്, വിമാനത്താവള ശേഷി പരിമിതി എന്നിവ കാരണം തിരക്ക് സമയങ്ങളിൽ സഞ്ചാരികൾക്ക് ബുദ്ധിമുട്ടുകൾ നേരിടാം
∙കുട്ടിമാമയുടെ വീട്
യോദ്ധയിലെ കുട്ടിമാമയുടെ വീട് ചിത്രീകരണ സമയത്ത് ഒരു ഹോട്ടലായിരുന്നു. അസ്റ്റോറിയ ഹോട്ടൽ എന്ന പേരുള്ള ഇവിടെയാണ് സിനിമയിലെ രസകരമായ പല നിമിഷങ്ങളും ചിത്രീകരിച്ചത്. ഈ ഹോട്ടൽ പിന്നീട് 'ഇംപീരിയൽ ഓൾഡ് സ്കൂൾ' ആയി മാറി. നിലവിൽ ഈ കെട്ടിടം സമ്പാട ഗാർഡൻ ഹോട്ടലാണ്
∙ സ്വയംഭൂനാഥ്
കാഠ്മണ്ഡുവിലെ ഏറ്റവും പ്രശസ്തമായ തീർഥാടന കേന്ദ്രമായ സ്വയംഭൂനാഥിലും യോദ്ധയുടെ പ്രധാനപ്പെട്ട നിരവധി രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. നേപ്പാളിലെ ഏറ്റവും പഴക്കമുള്ള സ്തൂപം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ബുദ്ധ, ഹിന്ദു മത വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രമായിട്ടാണ് ഇതിനെ കാണുന്നത്. എ.ഡി. 460 ൽ സ്ഥാപിതമായതായി വിശ്വസിക്കപ്പെടുന്ന സ്വയംഭൂനാഥിലാണ് മങ്കി ടെമ്പിൾ ഉള്ളത്. പ്രദേശത്ത് ധാരളം കുരങ്ങുകൾ വസിക്കുന്നതിനതിലാണ് ഇതിന് മങ്കി ടെമ്പിൾ എന്ന് പേരിട്ടിരിക്കുന്നത്. കാഠ്മണ്ഡു താഴ്‌വരയുടെയും ഹിമാലയൻ പർവതനിരകളുടെയും വിശാലമായ കാഴ്ചകൾ നൽകുന്ന പ്രദേശമാണ് സ്വയംഭൂനാഥ്. ആരാധന, ധ്യാനം, പ്രതിഫലനം എന്നിവയ്ക്കുള്ള ഒരു പ്രധാന കേന്ദ്രമാണിത്. ബുദ്ധ പ്രതിമയിലേക്കുള്ള പടികൾ ഉൾപ്പെടെയുള്ളവ ഇവിടുത്തെ പ്രധാന ആകർഷണമാണ്.