ആൾക്കൂട്ടത്തിൽ സർഫ് ചെയ്യാൻ ശ്രമിച്ച ഗായകൻ യുവതിയുടെ ദേഹത്ത് വീണു; ശരീരം തളർന്ന് യുവതി
Mail This Article
മെൽബൺ ∙ ഓസ്‌ട്രേലിയൻ പങ്ക് റോക്ക് ബാൻഡായ ട്രോഫി ഐസിലെ ഗായകൻ ജോൺ ഫ്ലോറേനി ആൾക്കൂട്ടത്തിൽ സർഫ് ചെയ്യാൻ നടത്തിയ ശ്രമത്തിനിടെ യുവതിയുടെ ദേഹത്തേക്ക് വീണു. ഇതേ തുടർന്ന് സുഷുമ്നാ നാഡിക്ക് ക്ഷതം സംഭവിച്ച് യുവതിയുടെ ശരീരം തളർന്നു. ഈ സംഭവ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജോൺ ഫ്ലോറേനി പലപ്പോഴും സംഗീത പരിപാടികൾ ചെയ്യുന്ന ഒരു സ്റ്റണ്ടാണ് അശ്രദ്ധ കാരണം വലിയ അപകടത്തിലേക്ക് നയിച്ചത്.
വൈറലായ വിഡിയോയിൽ ഫ്ലോറേനി ആൾക്കൂട്ടത്തിലേക്ക് കുതിച്ചുചാടുന്ന ദൃശ്യം കാണാം. ഈ ദൃശ്യങ്ങളിൽ പരുക്കേറ്റ 24 വയസ്സുള്ള ബേർഡ് പിച്ചെയെ കാണുന്നില്ലെങ്കിലും ആദ്യ ഗാനം തുടങ്ങി മിനിറ്റുകൾക്കുള്ളിലായിരുന്നു സംഭവമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സംഭവത്തെ തുടർന്ന് ഷോ നിർത്തി, ബേർഡ് പിച്ചെയെ അടിയന്തരമായി ആശുപത്രിയിലേക്ക് കൊണ്ടു പോയി. പിച്ചെയ്ക്ക് സുഷുമ്നാ നാഡിക്ക് ഗുരുതരമായ ക്ഷതം സംഭവിച്ചു. ഇതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഭാവിയിൽ ദീർഘനാൾ ചികിത്സയിൽ തുടരേണ്ടി വരും. ആശുപത്രി വാസത്തിന് ശേഷം യുവതിയെ ഒരു പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും. ഈ സമയത്ത് ജോലി ചെയ്യാൻ കഴിയില്ലെന്ന് യുവതിക്ക് വേണ്ടി ധനസമാഹരണം നടത്തുന്നു ഗോഫണ്ട്മീ പേജിൽ വ്യക്തമാക്കുന്നു. ഇതുവരെ $53,000 സമാഹരിച്ചു.
"ആൾക്കൂട്ടത്തിനിടയിലേക്ക് ജോൺ ഫ്ലോറേനി എടുത്ത് ചാടി. ഫ്ലോറേനിയെ പിടിക്കാൻ വേണ്ടത്ര ആളുകൾ അവിടെ ഉണ്ടായിരുന്നില്ല, അല്ലെങ്കിൽ അയാൾ ചാടാൻ പോകുകയാണെന്ന് അവർക്ക് അറിയില്ലായിരുന്നു. അതാണ് പ്രശ്നമായത്" പരിപാടി കണ്ട ആളുകളിൽ ഒരാൾ പ്രതികരിച്ചു. സംഭവത്തെ തുടർന്ന് യുവതി ബോധംകെട്ടു വീണുവെന്നാണ് തങ്ങൾ കരുതിയത്. പിന്നീടാണ് പരുക്കേറ്റ വിവരം മനസ്സിലായതെന്നും ആളുകൾ വ്യക്തമാക്കി. സംഭവത്തിൽ തങ്ങളുടെ ഹൃദയം തകർന്നു എന്നാലും 2024-ലെ യുഎസ് പര്യടനം തുടരാൻ തീരുമാനിച്ചതായും പിച്ചെയുടെ ചികിത്സാ ചെലവുകൾക്കായി $5,000 സംഭാവന നൽകിയതായും ബാൻഡ് പ്രസ്താവനയിൽ പറഞ്ഞു.