രാജ്യാന്തര അവയവക്കച്ചവട റാക്കറ്റ് വിദേശികളെ ഇന്ത്യയിലെത്തിക്കുന്നതായി വെളിപ്പെടുത്തൽ
Mail This Article
കൊച്ചി ∙ രാജ്യാന്തര അവയവക്കച്ചവട റാക്കറ്റ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്കു വിദേശികളെ എത്തിക്കുന്നതായി റാക്കറ്റിന്റെ ഇന്ത്യയിലെ മുഖ്യ ഏജന്റ് ആന്ധ്രപ്രദേശ് സ്വദേശി ബല്ലംകൊണ്ട രാമപ്രസാദിന്റ മൊഴി. റാക്കറ്റ് ഇന്ത്യയിൽ നിന്നു ഇറാനിലേക്കു കടത്തുന്നതു അവയവം നൽകാനുള്ളവരെയാണെങ്കിൽ ഇന്ത്യയിലേക്കു കൊണ്ടുവരുന്നത് അവയവം മാറ്റിവയ്ക്കാനുള്ളവരെ.
കേരളത്തിൽ മാത്രം സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ 2252 പേർ അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വർഷങ്ങളായി കാത്തിരിക്കുമ്പോഴാണു പിൻവാതിൽ വഴി വിദേശികളെ ഇന്ത്യയിലെത്തിച്ച് അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നത്.
കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം കൃത്യമായ സമയത്ത് അവയവം ലഭിക്കാതെ ഇന്ത്യയിൽ ഒരുദിവസം കുറഞ്ഞതു 17 പേർ വീതം മരിക്കുന്നുണ്ട്. രാജ്യത്ത് ഒരു വർഷം കുറഞ്ഞത് 5 ലക്ഷം പേർ അവയവം മാറ്റിവയ്ക്കേണ്ട രോഗാവസ്ഥയിൽ എത്തുന്നതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിൽ 1.80 ലക്ഷം പേർ വൃക്കരോഗികളും രണ്ടു ലക്ഷം പേർ കരൾ രോഗികളുമാണ്. ഇതിൽ 10–15% പേർക്കുമാത്രമാണ് അതിജീവനം സാധ്യമാവുന്ന തരത്തിൽ അവയവക്കൈമാറ്റ ശസ്ത്രക്രിയ നടത്താൻ അവസരം ലഭിക്കുന്നത്.
എന്നാൽ ഇന്ത്യയിലെ ആശുപത്രികളിൽ നടക്കുന്ന അവയവക്കൈമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം ഇതിന്റെ പല ഇരട്ടിയാണ്. രാജ്യത്ത് അവയവക്കൈമാറ്റത്തിനു സന്നദ്ധരാവുന്നതിൽ കൂടുതൽപേരും അവയവക്കച്ചവട റാക്കറ്റിന്റെ കെണിയിലാണ് അകപ്പെടുന്നത്. സാമ്പത്തിക പരാധീനതകൾ കാരണം അവയവദാനത്തിനു തയാറാവുന്നവർക്കു വാഗ്ദാനം ചെയ്ത പ്രതിഫലം റാക്കറ്റ് നൽകാറില്ല.
കേരളത്തിൽ റാക്കറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ആശുപത്രികളെക്കുറിച്ചുള്ള വിവരം അറസ്റ്റിലായ ബല്ലംകൊണ്ട രാമപ്രസാദും കൂട്ടാളികളായ കൊടുങ്ങല്ലൂർ വലപ്പാട് സ്വദേശി സബിത്തും ആലുവ എടത്തല സ്വദേശി സജിത്തും അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയെന്നാണു സൂചന.