ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; വിദേശത്ത് എത്തിയപ്പോൾ ജോലിയുമില്ല താമസവുമില്ല
Mail This Article
പത്തനംതിട്ട ∙ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 5.5 ലക്ഷം രൂപ തട്ടിയെന്ന് പരാതി. മാരാമൺ സ്വദേശി സോന സുരേഷാണ് തട്ടിപ്പിനിരയായത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലൂടെ ജോലിക്കായി അർമീനിയയിലെത്തിയ ശേഷമാണ് ചതിക്കപ്പെട്ട കാര്യം യുവതി തിരിച്ചറിയുന്നത്. ജോലി വാഗ്ദാനം ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരനും സുഹൃത്തുമായ കണ്ണൂർ സ്വദേശി അനുരാജാണ് യുവതിയിൽനിന്ന് പലതവണയായി പണം കൈപ്പറ്റിയത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീ ഉൾപ്പെടെയുള്ള മറ്റു 3 പേരുടെ വിവരങ്ങൾ ലഭ്യമല്ല.
പച്ചക്കറി ഫാക്ടറിയിൽ പാക്കേജിങ് ഡിവിഷനിൽ ജോലി ശരിയാക്കിയെന്നു പറഞ്ഞാണ് സോനയെ അർമീനിയയിലേക്ക് അയച്ചത്. അവിടെയെത്തിയ ശേഷമാണ് ജോലിയില്ലെന്നും താമസസ്ഥലം പോലും ഒരുക്കിയിട്ടില്ലെന്നും അറിഞ്ഞത്. പിന്നീട് അവിടെത്തന്നെയുള്ള ഒരു വീട്ടിൽ നിൽക്കാൻ ആവശ്യപ്പെട്ടു. അവിടെയുണ്ടായിരുന്നവരും ഇതുപോലെ ചതിക്കപ്പെട്ട് എത്തിയവരായിരുന്നു. വൻതുക മുടക്കി ജോലിക്കായി എത്തിയിട്ട് വെറുംകയ്യോടെ നാട്ടിലേക്ക് തിരിച്ചുപോകാൻ സാധിക്കാത്തതിനാൽ, വീസ കാലാവധി അവസാനിച്ചിട്ടും അവിടെ തുടരുന്നവരായിരുന്നു അവർ.
തുടർന്ന് നാട്ടിൽ വിവരം അറിയിക്കുകയും അനുരാജുമായി ബന്ധപ്പെടുകയും ചെയ്തു. എന്നാൽ ഇപ്പോഴുള്ളയിടത്ത് തുടരാൻ ആവശ്യപ്പെട്ടു. കാര്യങ്ങളിൽ വ്യക്തത ലഭിക്കാതിരുന്നതിനാൽ യുവതി ബഹളമുണ്ടാക്കുകയും താമസസ്ഥലത്തുനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാൽ ഇവരുടെ സംഘമെത്തി അനുനയിപ്പിച്ച് തിരികെ കൊണ്ടുപോയി. ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ ചെയ്തു.
നാട്ടിലെത്തിയശേഷം പലതവണ അനുരാജുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പൊലീസിൽ പരാതി നൽകിയതോടെ ഒരുലക്ഷം രൂപ തിരികെ നൽകി. ബാക്കിത്തുക ആവശ്യപ്പെട്ടപ്പോഴെല്ലാം ഒഴിഞ്ഞുമാറി. പിന്നീട് ഫോണിൽ ബ്ലോക്ക് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കോയിപ്രം പൊലീസിൽ യുവതി വീണ്ടും പരാതി നൽകിയിട്ടുണ്ട്.