അവയവ റാക്കറ്റ് എച്ച്െഎവി രോഗികളെയും വിദേശത്തേക്ക് കടത്തിയെന്ന് സൂചന; കൊറിയയിലേക്കു മനുഷ്യക്കടത്ത്?
Mail This Article
കൊച്ചി ∙ രാജ്യാന്തര അവയവക്കച്ചവട റാക്കറ്റ് എച്ച്ഐവി (ഹ്യൂമൻ ഇമ്യൂണോഡെഫിഷൻസി വൈറസ്) ബാധിതരെയും വിദേശത്തേക്കു കടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. കേസിൽ അറസ്റ്റിലായ ബല്ലംകൊണ്ട രാമപ്രസാദ് നിയന്ത്രിക്കുന്ന ഹൈദരാബാദ് റാക്കറ്റിനു സമാനമായി കൊൽക്കത്ത കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘമാണ് ഇതിനു പിന്നിൽ.
സാധാരണ നിലയിൽ വൈദ്യപരിശോധനയ്ക്കു ശേഷം എന്തെങ്കിലും അണുബാധയോ ആരോഗ്യപ്രശ്നങ്ങളോ ഉള്ളവരെ വിദേശത്തേക്കു കൊണ്ടുപോകാറില്ല. രോഗബാധിതരെ അവയവക്കച്ചവടത്തിനായി വിദേശത്തേക്കു കടത്തണമെങ്കിൽ ആശുപത്രികളുടെ സഹായത്തോടെ വ്യാജ രേഖകൾ ചമയ്ക്കണം. ഇതു സംബന്ധിച്ച അന്വേഷണം നടന്നു വരുന്നു.
യുഎസ് അടക്കം ചുരുക്കം ചില വിദേശരാജ്യങ്ങൾ എച്ച്ഐവി ബാധിതർ തമ്മിലുള്ള അവയവദാനം നിയമപരമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ എച്ച്ഐവി ബാധിതർക്കിടയിലെ അവയവ കൈമാറ്റം സംബന്ധിച്ചു വ്യക്തമായ ചട്ടങ്ങൾ ഇല്ല. ഇതിനിടെ, ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാജ്യാന്തര അവയവക്കടത്ത് റാക്കറ്റിനെ കുറിച്ചുള്ള കേരള പൊലീസിന്റെ അന്വേഷണം കൊൽക്കത്തയിലേക്കും നീളുകയാണ്. അറസ്റ്റിലായ ബല്ലംകൊണ്ട രാമപ്രസാദിന്റെ മൊഴികൾ പ്രകാരമാണ് ഇത്.
‘കൊറിയൻ റാക്കറ്റ്’ എന്ന പേരിലാണു കൊൽക്കത്തയിലെ അവയവക്കടത്തുകാർ അറിയപ്പെടുന്നത്. അവയവക്കടത്തിനായി ഇവർ കൊറിയയിലേക്കു മനുഷ്യക്കടത്ത് നടത്തുന്നുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അടുത്തകാലം വരെ അനധികൃത അവയവക്കച്ചവടം കൊറിയയിൽ വ്യാപകമായി നടന്നിരുന്നു. അവയവക്കച്ചവടത്തിന് അവസരം ഒരുക്കുന്ന 1300 വെബ്സൈറ്റുകൾ കൊറിയൻ സർക്കാർ 2020ൽ നിരോധിച്ചു. ഇതോടെ കൊറിയയിൽ അവയവമാറ്റ ശസ്ത്രക്രിയ കാത്തിരിക്കുന്ന രോഗികളുടെ പട്ടിക 30,000 കവിഞ്ഞു.