ADVERTISEMENT

തൃശൂർ ∙ വിദേശ ജോലി വാഗ്ദാന തട്ടിപ്പിൽ അകപ്പെട്ട് ലാവോസിലെ ഗോൾഡൻ ട്രയാങ്കിൾ സ്പെഷൽ ഇക്കണോമിക് സോണിൽ കൂടുതൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം. ലാവോസ്, തയ്‌വാൻ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യൻ യുവാക്കളെ റിക്രൂട്ട് ചെയ്ത് എഐ, ഡീപ് ഫേക്ക് സാങ്കേതികതയിലൂടെ നടത്തുന്ന പുതിയതരം ജോലി തട്ടിപ്പുകളെക്കുറിച്ച് ഇന്നലെ മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.

ടൂറിസ്റ്റ് വീസയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ലാവോസിൽ ജോലി ചെയ്യാൻ എത്തിയ തിരുവനന്തപുരം വർക്കല സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ അവിടെനിന്ന് രക്ഷപ്പെടാൻ പറ്റാതെ കുടുങ്ങിയിരിക്കുകയാണ് എന്നാണ് വീട്ടുകാർക്ക് കിട്ടിയിരിക്കുന്ന വിവരം. 

ഇയാൾക്കൊപ്പം കേരളത്തിൽ നിന്ന് പുറപ്പെട്ട ആലപ്പുഴ മാന്നാർ സ്വദേശികളെ ലാവോസിൽ എത്തിയ ശേഷം പിന്നീട് കണ്ടിട്ടേയില്ല എന്നത് ദുരൂഹത വർധിപ്പിക്കുന്നു. വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ യുഎസ്, ബ്രിട്ടൻ സ്വദേശികളെ തട്ടിപ്പു ബിറ്റ്‌കോയിൻ, ക്രിപ്റ്റോകറൻസി സ്കീമുകളിൽ ചേർക്കുന്ന ജോലിയാണ് തനിക്കു ലഭിച്ചത് എന്നറിഞ്ഞ ഇയാൾ തിരിച്ചുപോരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും കടുത്ത ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അവിടെ തുടരുകയാണ്. യാത്രാരേഖകൾ തൊഴിൽദാതാക്കളുടെ കൈവശമാണ്. എംബസിയുമായി ബന്ധപ്പെടാൻ മാർഗമില്ലാത്ത വിധം ഫോൺ ഉപയോഗം കർശനനിരീക്ഷണത്തിലാണ്. ടെലഗ്രാം ആപ് വഴിയും മറ്റുമാണ് ഇയാൾ അതീവരഹസ്യമായി വീട്ടുകാരെ ബന്ധപ്പെടുന്നത്. 

കേരളത്തിൽ നിന്ന് തായ്‌ലൻഡിലെ ബാങ്കോക്കിലേക്ക്  വിമാനമാർഗത്തിൽ എത്തിച്ച ഇയാളെയും മാന്നാർ സ്വദേശികളായ മറ്റു രണ്ടു പേരെയും അവിടെ നിന്ന് ലാവോസ്–മ്യാൻമർ അതിർത്തിയിലുള്ള ചിയാങ് റായ് എന്ന നഗരത്തിലെത്തിക്കുകയും തുടർന്ന് ബോട്ടിൽ  ഗോൾഡൻ ട്രയാങ്കിളിൽ എത്തിക്കുകയുമായിരുന്നു.  ഇയാളുടെ കൂടെ ജോലി ചെയ്യുന്നത് അധികവും നേപ്പാളികളാണ്. 

കഴിഞ്ഞ മാസം ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു കോൾ സെന്ററിലേക്ക് പെൺകുട്ടികളടക്കം ആറംഗ മലയാളി സംഘം ജോലിക്കെത്തിയെങ്കിലും അവരോട് സമ്പർക്കം പാടില്ല എന്നു ഭീഷണിയുണ്ടെന്ന് ഇയാൾ വീട്ടുകാരെ ധരിപ്പിച്ചു. ഈ സംഘത്തിലുള്ളവർ തൃശൂരിൽ നിന്നാണെന്നാണ് പ്രാഥമിക വിവരം. ഒഴിവുദിവസം മാത്രം സെസ് ക്യാപസിനകത്തെ മാർക്കറ്റിലേക്കും ഫുഡ് സോണിലേക്കും പോകാമെങ്കിലും കടുത്ത നിരീക്ഷണവുമായി കമ്പനിയുടെ നടത്തിപ്പുകാർ കൂടെയുണ്ടാകും. വിലക്ക് ലംഘിക്കുന്നവരെ മർദനമുറയിലൂടെ ആണ് നേരിടുന്നത്. 

ഇംഗ്ലിഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്ന ബിരുദധാരിയായ ഇയാളെ  വിഡിയോകോളിലൂടെ ആണ് അഭിമുഖം നടത്തി ജോലിക്കെടുത്തത്. തൊഴിൽസംബന്ധിച്ച രേഖകളൊന്നും കൈവശമില്ല. രണ്ടുവർഷത്തെ കരാറിലാണ് പോയത് എന്നു വീട്ടുകാർ പറയുന്നു. 

ജോലിയുടെ ദുരൂഹത സംബന്ധിച്ച് ആശങ്ക ഉള്ളതിനാൽ നിർത്തിപ്പോരാൻ ആഗ്രഹം പ്രകടിപ്പിച്ചവർക്ക് പോകുമ്പോൾ ശരീരത്തിൽ എല്ലാ അവയവങ്ങളും ഉണ്ടാകില്ല എന്ന ഭീഷണിയാണ് ലഭിച്ചത്. ഇയാളുടെ വേതനം വീട്ടുകാർക്ക് ലഭിക്കുന്നത് ഒരു സ്ത്രീയുടെ പേരിലുള്ള ഇന്ത്യൻ അക്കൗണ്ടിൽ നിന്ന് ഗൂഗിൾ പേ ആയിട്ടാണ്. അവിടെ ചെലവഴിക്കാനുള്ള പണം കൈവശം കൊടുക്കുമെന്നാണ് യുവാവ് വീട്ടുകാരെ ധരിപ്പിച്ചിരിക്കുന്നത്. എംബസി ഇടപെടലിലൂടെ എത്രയും പെട്ടെന്ന്  യുവാവിനെ നാട്ടിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇവർ.

English Summary:

Malayalis Stranded in Laos Job Scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com