ബാങ്കോക്കിൽ വിനോദസഞ്ചാരികൾ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; കൊലപാതകം?, പിന്നിൽ മരിച്ചവരിൽ ഒരാൾ?
Mail This Article
ബാങ്കോക്ക് ∙ ബാങ്കോക്കിലെ ഹോട്ടൽ മുറിയിൽ 6 വിയറ്റ്നാമീസ് വിനോദസഞ്ചാരികളെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചവരിൽ ഒരാൾ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ലോക്കൽ പൊലീസിന്റെ കണ്ടെത്തൽ. മരിച്ചവരുടെ രക്തത്തിൽ നിന്ന് സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി അന്വേഷണ വിഭാഗത്തിലെ ഡെപ്യൂട്ടി കമാൻഡർ നോപ്പാസിൽ പൂൺസാവാസ് പറഞ്ഞു.
ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയ കപ്പുകളിലും തെർമോസുകളിലും സയനൈഡ് കണ്ടെത്തിയതായി തായ് പൊലീസിന്റെ ഫോറൻസിക് വിഭാഗം അറിയിച്ചു. മരിച്ച ആറുപേരിൽ ഒരാൾ സയനൈഡ് ഉപയോഗിച്ചതായാണ് പൊലീസിന്റെ സ്ഥിരീകരണം. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്.
വിവാഹിതരായ ദമ്പതികൾ തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ദാരുണമായ സംഭവത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തങ്ങളുടെ നിക്ഷേപം ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യുന്നില്ലെന്ന് ദമ്പതികൾക്കിടയിൽ ആരോപണം ഉണ്ടായിരുന്നതായി ഇരകളുടെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. മരിച്ചവരിൽ രണ്ടു പേർ വിയറ്റ്നാമീസ് - അമേരിക്കൻ പൗരന്മാരാണ്.
മരണത്തെക്കുറിച്ച് വിയറ്റ്നാമീസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസികളെ അറിയിച്ചിട്ടുണ്ടെന്നും അമേരിക്കൻ എഫ്ബിഐ അന്വേഷണത്തിൽ പങ്കെടുക്കുന്നുണ്ടെന്നും തായ്ലൻഡ് പ്രധാനമന്ത്രി സ്രെത്ത തവിസിൻ പറഞ്ഞു. തീവ്രവാദ പ്രവർത്തനമോ സുരക്ഷാ ലംഘനമോ ആയി ഇതിനെ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.