ADVERTISEMENT

സിംഗപ്പൂർ സിറ്റി ∙  ലോകത്തിലെ ഏറ്റവും ശക്തമായ (പവർഫുൾ) പാസ്‌പോർട്ടുകളുടെ 2024ലെ ലിസ്റ്റ് പുറത്തിറക്കി ഹെൻലി പാസ്‌പോർട്ട് സൂചിക. ലിസ്റ്റിൽ സിംഗപ്പൂർ പാസ്‌പോർട്ടാണ് ഒന്നാമൻ. റാങ്കിങ്ങിൽ മുന്നേറ്റം നടത്തി ഇന്ത്യ. 

വീസയില്ലാതെ പൗരന്മാർക്ക് പാസ്പോർട്ട് ഉപയോഗിച്ച് പോകാൻ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം കണക്കിലെടുത്താണ് സൂചികയിൽ റാങ്ക് നൽകുന്നത്. ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ഡേറ്റയെ അടിസ്ഥാനമാക്കിയാണ് ഹെൻലി പാസ്‌പോർട്ട് സൂചിക തയാറാക്കിയിരിക്കുന്നത്. ഏറ്റവും ശക്തമായ ആദ്യത്തെ 10 പാസ്‌പോർട്ടുകളിൽ മൊത്തം 34 രാജ്യങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. 

പട്ടിക പ്രകാരം 195 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്ന സിംഗപ്പൂർ പാസ്‌പോർട്ടാണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ഫ്രാൻസ്, ഇറ്റലി, ജർമനി, സ്പെയിൻ എന്നീ രാജ്യങ്ങൾ ജപ്പാനുമായി രണ്ടാം സ്ഥാനത്തെത്തി. ഈ രാജ്യങ്ങളുടെ പാസ്‌പോർട്ട് ഉടമകൾക്ക് 192 രാജ്യങ്ങളിലേക്കാണ് വീസ രഹിത പ്രവേശനമുള്ളത്. തുടർന്ന്, റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത്, ഓസ്ട്രിയ, ഫിൻലാൻഡ്, അയർലൻഡ്, ലക്സംബർഗ്, നെതർലാൻഡ്സ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നിവയാണ്. 191 രാജ്യങ്ങളിലേക്കാണ് ഇവർ വീസ രഹിത യാത്ര അനുവദിക്കുന്നത്.

ന്യൂസീലൻഡ്, നോർവേ, ബെൽജിയം, ഡെൻമാർക്ക്, സ്വിറ്റ്‌സർലൻഡ് എന്നിവയ്‌ക്കൊപ്പം യുകെ നാലാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയും പോർച്ചുഗലും അഞ്ചാം സ്ഥാനം പങ്കിട്ടപ്പോൾ 186 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനവുമായി അമേരിക്ക എട്ടാം സ്ഥാനത്താണ്.

ഇന്തൊനീഷ്യ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയവ ഉൾപ്പെടെ 58 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാൻ അനുമതിയുള്ള ഇന്ത്യയുടെ പാസ്‌പോർട്ട്, പട്ടികയിൽ റാങ്ക് മെച്ചപ്പെടുത്തിയിട്ടുണ്ട്. 2023ൽ 84-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇക്കുറി 82-ാം സ്ഥാനത്താണ്.  പട്ടികയിൽ പാക്കിസ്ഥാൻ 100-ാം സ്ഥാനത്താണ്. 

English Summary:

World's Most Powerful Passports 2024 List Released And Singapore Tops The List.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com