ഒളിംപിക്സിൽ പങ്കെടുക്കാൻ വിരൽ മുറിച്ച് ഓസ്‌ട്രേലിയൻ ഹോക്കി താരം
Mail This Article
പാരിസ്∙ ഓസ്‌ട്രേലിയൻ ഒളിംപിക് ഹോക്കി സംഘത്തിലെ താരം മാറ്റ് ഡോസൺ പാരിസ് ഒളിംപിക്സിൽ മത്സരിക്കാനുള്ള ആഗ്രഹത്താൽ ത്യജിച്ചത് വിരലിന്‍റെ ഒരു ഭാഗം. ആഴ്ച്ചകൾക്ക് മുൻപ് പെർത്തിൽ നടന്ന പരിശീലനത്തിൽ വലതു കൈയിലെ വിരലിൽ താരത്തിന് പരുക്കേറ്റിരുന്നു. പരുക്കേറ്റ് പതിനാറ് ദിവസങ്ങൾക്കുള്ളിൽ അർജന്‍റീനയ്ക്കെതിരായ മത്സരത്തിൽ കളിക്കാനാണ് ഡോസൺ ആഗ്രഹിച്ചിരുന്നത്.
ചികിത്സ തേടി പ്ലാസ്റ്റിക് സർജനെ സമീപിച്ച ഡോസണ് നിരാശപ്പെടുത്തുന്ന മറുപടിയാണ് ലഭിച്ചത്. ശസ്ത്രക്രിയയിലൂടെ വിരൽ ശരിയാക്കിയാലും പൂർണ പ്രവർത്തനം തിരിച്ചുകിട്ടാൻ സമയമെടുക്കുമെന്നും അത് മുറിച്ചുമാറ്റിയാൽ പത്ത് ദിവസത്തിനുള്ളിൽ കളിക്കാൻ കഴിയുമെന്നുമായിരുന്നു ഡോക്ടറുടെ നിഗമനം.
“പരുക്ക് തീവ്രമായിരുന്നു, ഡ്രസ്സിങ് റൂമിൽ എന്‍റെ വിരൽ കണ്ടപ്പോൾ ബോധം നഷ്ടപ്പെട്ടു” എന്നാണ് ഡോസൺ പറയുന്നത്. ഭാര്യയുടെ മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഡോസൺ ഈ തീരുമാനമെടുത്തത്. “കരിയറിന്‍റെ അവസാനത്തിലേക്ക് അടുക്കുകയാണ്. ഇത് അവസാന ഒളിംപിക്സായിരിക്കാം. ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് തോന്നിയതിനാൽ അത് ചെയ്തു” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ തീരുമാനം ടീമില്‍ ഞെട്ടലുണ്ടാക്കി. പക്ഷ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ഡോസണിന്‍റെ തീവ്രമായ ആഗ്രഹത്തെ ടീം പിന്തുണയ്ക്കുന്നതായി ടീം ക്യാപ്റ്റൻ അരാൻ സാലെവ്സ്കി പറഞ്ഞു. ഡോസൺ പരിശീലനത്തിന് തിരിച്ചെത്തിയെന്ന് കോച്ച് കോളിൻ ബാച്ച് അറിയിച്ചു.
ഇതാദ്യമായില്ല ഇദ്ദേഹത്തിന് ഗുരുതര പരുക്ക് ഏൽക്കുന്നത്. 2018-ലെ കോമൺവെൽത്ത് ഗെയിംസിൽ കാഴ്ച്ച നഷ്ടപ്പെടുന്നതിന് സാധ്യതയുള്ള പരുക്ക് കണ്ണിൽ ഉണ്ടായി. പക്ഷേ താരം അതിനെ അതിജീവിച്ചു.