നിർബന്ധിത വിവാഹം, പിന്നാലെ കൊലപാതകം; മകളെ മരണത്തിലേക്ക് ‘തള്ളിവിട്ട’ അമ്മയ്ക്ക് തടവ്
Mail This Article
വിക്ടോറിയ ∙ ഓസ്‌ട്രേലിയയിൽ മകളെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതിന് അമ്മയ്ക്ക് തടവ് ശിക്ഷ. 2019ൽ മുഹമ്മദ് അലി ഹലീമിയെ (26) വിവാഹം കഴിക്കുന്നതിനായി മകൾ റുഖിയ ഹൈദരിയെ (21) അമ്മ സക്കീന മുഹമ്മദ് ജാൻ (47) നിർബന്ധിച്ചതായാണ് കേസ്. അതേസമയം വിവാഹം കലാശിച്ചത് റുഖിയയുടെ കൊലപാതകത്തിലാണ്.
വിവാഹത്തിന്റെ ആദ്യനാളുകളിൽ തന്നെ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് ആറാഴ്ചയ്ക്ക് ശേഷം റുഖിയയെ ഭർത്താവ് കഴുത്തറുത്തു കൊലപ്പെടുത്തി. 2021ൽ കേസിൽ ഭർത്താവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസിന്റെ അന്വേഷണത്തിൽ റുഖിയയെ വിവാഹത്തിന് നിർബന്ധിച്ചിരുന്നതായ് പൊലീസ് കണ്ടെത്തി.
വിവാഹത്തിന് മുൻപ് റുഖിയ അനുഭവിച്ച സമർദ്ദത്തെക്കുറിച്ച് സുഹൃത്തുക്കളാണ് ഷെപ്പർട്ടൻ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്. ഈ വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി റുഖിയയുടെ വിവാഹനിശ്ചയം നടത്തിയിരുന്നതായും കോടതി കണ്ടെത്തി. എന്നാൽ, കുടുംബങ്ങൾ തമ്മിലുള്ള വഴക്കിനെത്തുടർന്ന് ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. മുഹമ്മദ് അലി ഹലീമിയെ വിവാഹം കഴിക്കാൻ റുഖിയക്ക് താല്പര്യമുണ്ടായിരുന്നില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു.
ഓസ്‌ട്രേലിയയിലെ നിർബന്ധിത വിവാഹ നിയമത്തിന് കീഴിൽ പ്രോസിക്യൂഷൻ സക്കീന മുഹമ്മദ് ജാനിനെതിരെ കേസെടുത്തു. 10000 ഡോളർ വാങ്ങി മകളെ നിർബന്ധിത വിവാഹത്തിലേക്ക് നയിച്ചതിന് ജാൻ കുറ്റക്കാരിയാണെന്ന് വിക്ടോറിയ കൗണ്ടി കോടതി കണ്ടെത്തി. കേസിൽ ജാനിന് മൂന്ന് വർഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിൽ ഒരു വർഷം ജയിൽ ശിക്ഷയും രണ്ട് വർഷം കമ്മ്യൂണിറ്റി സേവനവും ചെയ്യണം. 2013ലാണ് ജാനും കുടുംബവും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. പഠനം തുടരാനും ജോലി നേടാനും ആഗ്രഹിച്ച റുഖിയ ഹൈദരിയെ അമ്മ ജാൻ വിവാഹത്തിനായ് നിർബന്ധിക്കുകയായിരുന്നു.
2013 ലാണ് ഓസ്‌ട്രേലിയയിൽ നിർബന്ധിത വിവാഹത്തിന് കുറ്റകരമാക്കി കൊണ്ടുള്ള നിയമങ്ങൾ വന്നത്. ഏഴു വർഷം വരെയാണ് പരമാവധി ശിക്ഷ. ഇത്തരത്തിൽ പല കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നിയമത്തിന് കീഴിൽ ശിക്ഷിക്കപ്പെട്ട ആദ്യ വ്യക്തിയാണ് ജാൻ. 2022-23 ൽ മാത്രം 90 കേസുകളാണ് നിർബന്ധിത വിവാഹവുമായി ബന്ധപ്പെട്ട് ഫെഡറൽ പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.