'ന്യൂസീലൻഡിലെ കമ്പനിയിൽ വെയർഹൗസ് മാനേജർ'; കുടുങ്ങി മലയാളി യുവാവ്, നഷ്ടമായത് 42 ലക്ഷം!
Mail This Article
തിരുവനന്തപുരം ∙ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത ഓൺലൈൻ പരസ്യത്തിൽ കുടുങ്ങി വലിയതുറയിൽ യുവാവിന് 42 ലക്ഷം നഷ്ടമായി. സൈബർ പൊലീസ് കേസെടുത്തു. ന്യൂസീലൻഡിലെ കമ്പനിയിലേക്ക് വെയർഹൗസ് മാനേജരുടെ തസ്തികയിലേക്കാണ് ഓൺലൈനിൽ പരസ്യം കണ്ട് അപേക്ഷിച്ചത്. തുടർന്ന് കമ്പനി പ്രതിനിധികളെന്ന പേരിൽ വിദേശ പൗരൻമാർ യുവാവിനെ വിഡിയോ കോൾ വഴി ഇന്റർവ്യൂ നടത്തി.
പിറ്റേന്ന് തന്നെ വീസ ശരിയാണെന്ന് അറിയിക്കുകയും എംബസിയുടെ വ്യാജ ഓഫർലെറ്റർ ഇമെയിൽ ചെയ്യുകയും ചെയ്തു. ഓരോ ഘട്ടത്തിലും 3 ലക്ഷം വീതം നൽകണമെന്നുമായിരുന്നു നിർദേശം. ഇത്തരത്തിൽ ഒരു മാസം കൊണ്ടാണ് പല രേഖകളും കൈമാറുന്നതിനൊപ്പം 42 ലക്ഷവും കൈമാറിയത്. അവസാനം ചെന്നൈയിലെ എംബസിയിൽ വീസയെത്തിയെന്നും അത് വാങ്ങുന്നതിന് സമയം അനുവദിച്ചു നൽകാൻ 3 ലക്ഷം കൂടി ആവശ്യപ്പെട്ടു. ഇതിനിടയിൽ സംശയം തോന്നിയ യുവാവ് നോർക്കയിലെത്തി തിരക്കിയെങ്കിലും ന്യൂസീലൻഡിൽ ഇതേപേരിൽ കമ്പനിയുണ്ടെന്ന മറുപടി ലഭിച്ചു.
പക്ഷേ ബാക്കി നടപടികളെക്കുറിച്ച് നോർക്കയ്ക്കും അറിവുണ്ടായിരുന്നില്ലെന്നു യുവാവ് പറയുന്നു. തട്ടിപ്പാണെന്ന് മനസ്സിലാക്കിയതോടെ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ പണം മുഴുവൻ കർണാടകയിലെ 10 എടിഎമ്മുകളിൽനിന്ന് പിൻവലിച്ചതായി കണ്ടെത്തി. ഹെൽപ്‌ലൈൻ നമ്പരായ1930 യിൽ പരാതിപ്പെട്ടപ്പോൾ അവസാനം കൈമാറിയ തുകയിൽ 98,000 രൂപ മരവിപ്പിച്ചുവയ്ക്കാനായി.