ചെന്താമര എവിടെ?; നാലു സംഘങ്ങളായി തിരിഞ്ഞ് പരിശോധന; ജലാശയങ്ങളിലും തിരച്ചിൽ

Mail This Article
പാലക്കാട്∙ നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. നാലു സംഘങ്ങളായി തിരിഞ്ഞാണ് ചെന്താമരയെ പൊലീസ് അന്വേഷിക്കുന്നത്. അയ്യപ്പൻ കുന്നിലാണ് ഇപ്പോൾ പൊലീസ് പരിശോധന നടത്തുന്നത്. തണ്ടർ ബോൾട്ടിന്റെ സഹായത്തോടെയാണു പരിശോധന. ജലാശയങ്ങളിലെവിടെയെങ്കിലും ചാടിയിട്ടുണ്ടോ എന്നറിയാനായി സ്കൂബാ ഡൈവേഴ്സിന്റെ സഹായത്തോടെ സമീപത്തെ നാലോളം കുളങ്ങളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ ചെന്താമരയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. പൊലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് തുടങ്ങി.

സഹോദരൻ രാധയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും ഒരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. നെല്ലിയാമ്പതി കാടും മലയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹങ്ങൾ സംസ്‍കരിച്ചു.

സുധാകരന്റെയും മകളുടെയും പരാതി അവഗണിച്ചത് പൊലീസിന്റെ ഭാഗത്തു നിന്നു സംഭവിച്ച ഗുരുതര വീഴചയാണെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2019 ഓഗസ്റ്റ് 31നാണ് നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. കേസിൽ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കേയാണു പ്രതി ചെന്താമര വിയ്യൂർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയത്. ഇയാൾ ഭീഷണിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി സജിതയുടെ ഭർത്താവ് സുധാകരനും മകൾ അഖിലയും പൊലീസിൽ പരാതി നൽകിയിരുന്നു. നാട്ടുകാരും പരാതി നൽകിയിരുന്നു. പൊലീസ് വിളിച്ചുവരുത്തിയപ്പോൾ സ്റ്റേഷനുള്ളിൽ കയറാൻ തയാറാകാതിരുന്ന പ്രതിയെ മുറ്റത്തു വച്ചു താക്കീതു നൽകി വിട്ടതു തന്നെ വലിയ വീഴ്ചയാണെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.