അഡ്ലെയ്ഡിലെ ഷോപ്പിങ് സെന്ററിലെ ‘നഗ്നനായ അക്രമി’യെ നാട്ടുകാർ പിടികൂടി
Mail This Article
അഡ്ലെയ്ഡ്∙ അഡ്ലെയ്ഡിലെ തിരക്കേറിയ വെസ്റ്റ്ഫീൽഡ് ഷോപ്പിങ് സെന്ററിൽ നഗ്നനായ കൗമാരക്കാരൻ അക്രമാസക്തനായി. സോക്സ് മാത്രം ധരിച്ച 18 വയസ്സുള്ള കൗമാരക്കാരനാണ് ഷോപ്പിങ് സെന്ററിൽ ഭീതിപരത്തിയത്.
ഈ കൗമാരക്കാരൻ ഗ്ലാസ്വെയറുകളും കോഫി മഗ്ഗുകളും തകർക്കുകയും ഒരു സ്ത്രീയെ തള്ളിയിടുകയും ചെയ്തു. സുരക്ഷാ ഗാർഡുകൾ അവിടെ ഉണ്ടായിരുന്നിട്ടും കാര്യമായ നടപടികൾ സ്വീകരിച്ചില്ല എന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്.
ഷോപ്പിങിന് എത്തിയവരാണ് കൗമാരക്കാരനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന കൗമാരക്കാരനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇയാൾ വീട്ടിൽ എത്തിച്ചതായും സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
അതേസമയം, യുവാവ് ഗ്ലാസ്വെയറുകളും കോഫി മഗ്ഗുകളും തകർക്കുന്നത് തടയാൻ സുരക്ഷാ ഗാർഡുകൾ ഇടപെട്ടില്ലെന്ന് ദൃക്ഷ്സാക്ഷിയായ മിഷേൽ പാമർ പറഞ്ഞു. അഡ്ലെയ്ഡിലെ ഏറ്റവും വലിയ ഷോപ്പിങ് സെന്ററിലെ ആക്രമണം തടയാനുള്ള സംവിധാനം ഫലപ്രദമല്ലെന്ന് ഇതോടെ ആക്ഷേപം ശക്തമായി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി അഡ്ലെയ്ഡിലെ ഷോപ്പിങ് സെന്ററുകളിൽ ചില ആക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്.