ഡാർവിൻ മലയാളി അസോസിയേഷന്റെ മലയാളം ഭാഷാ പഠന സ്കൂളിന്റെ അഞ്ചാം വാർഷികം ഇന്ന്
Mail This Article
ഡാർവിൻ ∙ ഡാർവിൻ മലയാളി അസോസിയേഷന്റെ മലയാളം ഭാഷാ പഠന സ്കൂളിന്റെ അഞ്ചാം വാർഷികം ഇന്ന് വൈകിട്ട് 4 മണി മുതൽ ലുഡ്മില്ലയിലെ ഡാർവിൻ ഭാഷാ കേന്ദ്രത്തിൽ നടക്കും. സ്കൂൾ പ്രിൻസിപ്പൽ രാജേഷ് നായരുടെ അധ്യക്ഷതയിൽ ചേരുന്ന വാർഷിക സമ്മേളനം നോർത്തേൺ ടെറിട്ടറിയുടെ സാമൂഹ്യ - സാംസ്‌കാരിക - കായിക വകുപ്പ് മന്ത്രി ജിൻസൺ ആന്‍റോ ചാൾസ് ഉദ്‌ഘാടനം ചെയ്യും.
ഫാ.ഡെന്നി തോമസ് നെടുംപതാലിൽ, ഫാ.ടോം ജോസ് പാണ്ടിയപ്പള്ളിൽ, ഡിഎംഎ പ്രസിഡന്‍റ് മോൻസി എം. തോമസ്, എംസിഎൻറ്റി പ്രസിഡന്‍റ് ഡോ.എഡ്വിൻ ജോസഫ്, ഡിഎംഎ സെക്രട്ടറി ഷില്‍വിന്‍ കോട്ടയ്ക്കകത്ത്, പഠിപ്പുര മാനേജർ ബിബിൻ മാത്യു പഴൂർ, ഡമാസ്‌ക് കോ ഓർഡിനേറ്റർ മെൽവിൻ മോൻസി, ഡിനോയ് ജോൺ എന്നിവർ പ്രസംഗിക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും.
ഡാർവിനിലെ മലയാളികളുടെ കുട്ടികളെ മലയാളം എഴുതുവാനും വായിക്കുവാനും പറയുവാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചു വർഷം മുൻപ് ആരംഭിച്ച സ്കൂളിൽ നിന്നും ഇതിനോടകം അനേകം വിദ്യാർഥികൾക്ക് മികച്ച രീതിയിൽ പഠനം പൂർത്തിയാക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. സേവന തല്പരരായ ഒരു കൂട്ടം അധ്യാപകരുടെയും മാതാ പിതാക്കളുടെയും കൂട്ടായ പ്രവർത്തനം കൊണ്ടാണ് നല്ല രീതിയിൽ പഠന കാര്യങ്ങൾ മുന്നോട്ട് പോകുന്നത് എന്ന് പ്രിൻസിപ്പൽ രാജേഷ് നായർ മാനേജർ ബിബിൻ മാത്യു പഴൂർ എന്നിവർ പറഞ്ഞു. വാർഷികാഘോഷങ്ങൾക്ക് റോബിൻ മാത്യു, ജിമ്മി ജോർജ്, മിഥുൻ ബേബി, സാജൻ വർഗീസ് എന്നിവർ നേതൃത്വം നൽകും.