ഒരു ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് വലയിലാക്കി; ദിവസങ്ങളോളം ക്രൂരമർദനം: മുഖ്യപ്രതികളിൽ ഒരാളായ മലയാളി പിടിയിൽ
Mail This Article
പേരാമ്പ്ര (കോഴിക്കോട്) ∙ കൂത്താളി സ്വദേശികളെ ഉൾപ്പെടെ ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലെ ഓൺലൈൻ തട്ടിപ്പു കമ്പനിയിൽ എത്തിച്ചു തട്ടിപ്പു നടത്തിയെന്ന കേസിലെ മുഖ്യ പ്രതികളിൽ ഒരാൾ അറസ്റ്റിൽ. തോടന്നൂർ എടത്തുംകര പീടികയുള്ളതിൽ താമസിക്കുന്ന തെക്കേ മലയിൽ അനുരാഗ് (25) ആണ് അറസ്റ്റിലായത്.
പേരാമ്പ്ര കൂത്താളി പനക്കാട് മാമ്പള്ളി അബിൻ ബാബു (25), കിഴക്കൻ പേരാമ്പ്ര പേരാമ്പ്ര കുന്നുമ്മൽ രാജീവൻ (46) എന്നിവരടക്കം പേരാമ്പ്ര വടകര ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ പേരാണ് തട്ടിപ്പിനിരയായത്. ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് ഇവരെ സംഘം വലയിലാക്കിയത്. ഇവർക്ക് ദിവസങ്ങളോളം ക്രൂരമർദനം ഏറ്റതായി പരാതിയുണ്ട്.
അബിൻ ബാബുവിന്റെ പിതാവ് ബാബു പേരാമ്പ്ര പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അനുരാഗ്, സെമിൻ എന്നിവർ അടക്കം കണ്ടാൽ അറിയുന്ന 4 ആളുകളുടെ പേരിൽ കേസെടുക്കുകയും തിരച്ചിൽ നോട്ടിസ് പുറത്തിറക്കുകയും ചെയ്തിരുന്നു. തുടർന്നാണ് അനുരാഗ് നെടുമ്പാശേരി എയർപോർട്ട് വഴി നാട്ടിലേക്ക് വരുന്നതിനിടെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
അനുരാഗിന്റെ പേരിൽ വടകര പൊലീസിൽ 4 കേസുകളും പൊന്നാനി, ആലുവ വെസ്റ്റ് സ്റ്റേഷനുകളിൽ ഓരോ കേസും നിലവിലുണ്ട്. തൊഴിൽ അന്വേഷകരിൽ നിന്ന് 2000 ഡോളർ (ഏകദേശം 1,70.000 രൂപ) വീതം പ്രതികൾ കൈവശപ്പെടുത്തിയിട്ടുണ്ടെന്നു പരാതിയുണ്ട്.
അബിൻ ബാബു നാട്ടിൽ തിരിച്ചെത്തി
പേരാമ്പ്ര ∙ ജോലി തേടി പോയി കംബോഡിയയിൽ സൈബർ തട്ടിപ്പുകാരുടെ വലയിൽ അകപ്പെട്ട പേരാമ്പ്ര കൂത്താളി പനക്കാട് താഴെപ്പുരയിൽ അബിൻ ബാബു (25) തിരിച്ചെത്തി. കംബോഡിയയിലെ താമസസ്ഥലത്തു നിന്നു രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിൽ അഭയം തേടിയതിനെത്തുടർന്നാണ് നാട്ടിൽ എത്തിയത്.
ഒക്ടോബർ ഏഴിനാണ് അബിൻ ബാബു നാട്ടിൽ നിന്നു തായ്‌ലൻഡിലേക്ക് പോയത്. അവിടെ നിന്നു തട്ടിപ്പു സംഘം കംബോഡിയയിൽ എത്തിക്കുകയായിരുന്നു. കേരളത്തിൽ നിന്ന് അബിൻ ബാബുവിന് ഒപ്പം പോയ 7 പേർ രക്ഷപ്പെട്ട് എംബസി വഴി നേരത്തേ നാട്ടിൽ എത്തിയിരുന്നു.