ബ്രിസ്ബെനിലെ നാടകവേദികളെ സജീവമാക്കി നവരസ സൺഷൈൻ കോസ്റ്റിന്റെ കലാകാരന്മാർ
Mail This Article
ബ്രിസ്ബെന് ∙ മലയാള നാടകങ്ങള്‍ക്ക് തിരശീല ഉയരാന്‍ കാത്തിരിക്കുന്ന ഓസ്ട്രേലിയയിലെ കലാസ്വാദകര്‍ക്കായി നാടകമെന്ന സമ്പൂര്‍ണ കലയെ പുനരുജ്ജീവിപ്പിക്കുകയാണ് ബ്രിസ്ബെനിലെ ഒരു കൂട്ടം മലയാളി കലാകാരന്മാര്. നാടകത്തോടുള്ള താല്പര്യം കുറഞ്ഞു വരുന്ന കാലഘട്ടത്തില്‍ വിദേശ മണ്ണില്‍ നാടക വേദികളെ സജീവമാക്കുന്നത് പ്രവാസി മലയാളി കലാകാരന്മാരുടെ കൂട്ടായ്മയായ നവരസ സണ്‍ഷൈന്‍ കോസ്റ്റ് ആണ്.
2021 ല്‍ ആണ് നവരസയുടെ ആദ്യ നാടകത്തിന്റെ ബെല്‍ മുഴങ്ങിയത് -'ധൂര്‍ത്ത പുത്രന് ഒരു തുടര്ക്കാഴ്ച'. നാടകത്തിന്റെ മികച്ച അവതരണവും രംഗപടവും കഥാപാത്രങ്ങളുടെ അഭിനയ പാടവവും കാണികളുടെ കയ്യടി നേടി. രണ്ടാം വര്‍ഷവും പുതിയ നാടകം സ്റ്റേജിലെത്തിക്കാനുള്ള പ്രചോദനമായി കയ്യടി മാറി. 'കയ്യഫാസിന്റെ ഒന്നാം തിരുമുറിവ്' എന്ന രണ്ടാമത് നാടകത്തിന് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചു. ഓസ്ട്രേലിയന്‍ വേദികളില്‍ നാടകത്തിന് കാഴ്ചക്കാര്‍ കൂടിയതോടെ നവരസയിലെ കലാകാരന്മാര്ക്കും നാടകമെന്ന കല ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. ഒറ്റ മനസോടെ ഒരേ ലക്ഷ്യത്തോടെ ഒന്നിച്ചുള്ള പ്രയാണം മൂന്നാമത് നാടകത്തിലേക്കാണ് എത്തി നില്‍ക്കുന്നത്.
നാടക കാര്യത്തില്‍ വിട്ടുവീഴ്ചയില്ല
ഓരോ നാടകങ്ങളും വേദിയിലെത്താന്‍ മാസങ്ങളോളം നീളുന്ന പരിശീലനങ്ങളും തയാറെടുപ്പുകളുമുണ്ട്. ആദ്യ 2 നാടകാവതരണത്തിലൂടെ രചന മുതല്‍ സംവിധാനം തുടങ്ങി അഭിനയം വരെ വഴങ്ങുമെന്ന് തെളിയിച്ചവരാണ് നവരസയിലെ നാടക പ്രവര്‍ത്തകര്‍. ഇരുപതിലധികം പേരാണ് അണിയറയിലുള്ളത്. തിരക്കിട്ട ജീവിതത്തിനിടയില്‍ ഇത്രയും പേര് എങ്ങനെ നാടകത്തിനായി ഒത്തു ചേരുന്നുവെന്ന് ചോദിച്ചാല്‍ കുടുംബങ്ങളുടെ മികച്ച സഹകരണമാണ് തങ്ങളുടെ കലാ സ്വപ്നങ്ങള്‍ നിറവേറുന്നതിന്റെ പിന്നിലെന്ന് നാടകത്തിന്റെ സംവിധായകന് ലെവിന്‍ ജോബോയ് പറയുന്നു. നാടകത്തോടുള്ള താല്പര്യമാണ് പുതിയ നാടകങ്ങളുടെ പിറവിക്ക് പിന്നില്‍. പ്രതിഫലം പ്രതീക്ഷിക്കാതെ മാസങ്ങളോളം നാടകത്തിനായി പ്രവര്‍ത്തിക്കുന്ന അഭിനേതാക്കളും വിദഗ്ധരും ഉള്‍പ്പെടുന്ന വലിയ കൂട്ടം തന്നെയാണ് നവരസ സണ്‍ ഷൈന്‍ കോസ്റ്റിന്റെ നാടകസ്വപ്നങ്ങള്‍ക്ക് കരുത്തേകുന്നത്.
പുതുമ നിറച്ച് ''കായേനിന്റെ അവകാശികള്‍'' മാര്‍ച്ചില്‍ എത്തും
നവരസ സണ്‍ഷൈന്‍ കോസ്റ്റിന്റെ 'കായേനിന്റെ അവകാശികള്‍' എന്ന മൂന്നാമത് നാടകം 2025 മാര്‍ച്ച് ഒന്നിന് വൈകിട്ട് 5മണിക്ക് കലൗന്‍ഡ്ര ആര്എസ്എല് ഫംങ്ഷന് സെന്റര്‍ ഹാളിലാണ് അവതരിപ്പിക്കുന്നത്. സണ്‍ഷൈന്‍ കോസ്റ്റ് സെന്റ്.മേരീസ് ഇടവക വികാരി ഫാ.ടിജോ പുത്തന്‍ പറമ്പിലിന്റെ അധ്യക്ഷതയില്‍ നാടകത്തിന് മുന്നോടിയായി നടക്കുന്ന ചടങ്ങ് നടനും നിര്‍മാതാവും സംവിധായകനും ലോക റെക്കോര്‍ഡ് ജേതാവുമായ ജോയ്.കെ.മാത്യു ഉദ്ഘാടനം ചെയ്യും. ഇത്തവണ പക്ഷേ കയ്യടി കൂടുതല്‍ നേടാനുള്ള ഒരുക്കമാണ് അണിയറയില്‍ നടക്കുന്നത്. പരമ്പരാഗത നാടകരൂപത്തിന് പകരം സിനിമാറ്റിക് ഡ്രാമ എന്ന പുത്തന്‍ ആശയമാണ് കായേനിന്റെ അവകാശികളിലൂടെ പരീക്ഷിക്കുന്നത്. വെള്ളിത്തിരയ്ക്ക് പുറത്ത് നാടക വേദിയില്‍ സിനിമ കാണുന്നപോലൊരു പുത്തന്‍ അനുഭവം കാണികള്‍ക്ക് സമ്മാനിക്കുകയാണ് പുതിയ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് നാടക പ്രവര്‍ത്തകര്‍ പറയുന്നു. ഇന്നു വരെ മലയാളത്തില്‍ അവതരിപ്പിച്ചിട്ടില്ലാത്ത കുറ്റാന്വേഷണ നാടകമാണ് കായേനിന്റെ അവകാശികള്‍. പുതുമയും തുടക്കം മുതല്‍ പ്രേക്ഷകരില്‍ ഉദ്വേഗവും ആകാംക്ഷയും നിറയ്ക്കുന്ന മികച്ച നാടകം തന്നെയായിരിക്കും കായേനിന്റെ അവകാശികളെന്ന ആത്മവിശ്വാസത്തിലാണ് ഇവര്‍.
പുതിയ ചുവടുവെയ്പ്
പരമ്പരാഗത നാടകങ്ങളില്‍ നിന്ന് സിനിമാറ്റിക് നാടകത്തിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ഓസ്ട്രേലിയന്‍ മലയാളി സമൂഹത്തില്‍ ജീവിച്ചതിന്റെയും ദീര്‍ഘകാലം അവര്‍ക്കൊപ്പം കലാ, സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചതിന്റെയും അനുഭവത്തിലാണ് പുതിയ പരീക്ഷണത്തിന് തയാറെടുക്കുന്നത് എന്നാണ് നവരസയിലെ കലാകാരന്മാരുടെ മറുപടി. പുതുമ ഇഷ്ടപ്പെടുന്നവരാണ് ഓസ്ട്രേലിയന്‍ മലയാളികള്‍ എന്നതിനാല്‍ കായേനിന്റെ അവകാശികളെയും ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. നാടകത്തിന്റെ തനിമ നഷ്ടപ്പെടാതെയുള്ള അവതരണം ആയതിനാല്‍ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിലും കുറവുണ്ടാകില്ല. ആശയം പുതിയതെങ്കിലും പരമ്പരാഗത നാടകത്തിന്റെ അവിഭാജ്യ ഘടകമായ രംഗപടത്തില്‍ മാറ്റം വരുത്തിയിട്ടില്ല. രംഗപടത്തിന്റെ ഭംഗി നഷ്ടപ്പെടാതിരിക്കാന്‍ വര്‍ഷങ്ങളുടെ അനുഭവ പരിചയമുളള തോമസ് കാഞ്ഞിരപ്പള്ളി എന്ന കലാകാരനാണ് രംഗപടം വരയ്ക്കുന്നത്. കേരളത്തിലെ മികച്ച നാടക കലാകാരന്മാരുടെ അഭിപ്രായങ്ങള്‍ കൂടി സ്വീകരിച്ചാണ് സിനിമാറ്റിക് ഡ്രാമ അണിയറയില്‍ ഒരുങ്ങുന്നത്.
അണിയറയിലും അരങ്ങത്തും ഇവര്‍
ലെവിന്‍ ജോബോയ് ആണ് കായേനിന്റെ അവകാശികളുടെ രചനയും സംവിധാനവും. ക്ലൈവ് ഫെര്‍ണാണ്ടസ് (റിക്കാര്‍ഡിങ്, മിക്സിങ് ), ബിജു പൈനാടത്ത് (സംഗീതം, ഇമ്മാനുവല്‍ സൗണ്ട് റൂം, ചാലക്കുടി), റോണി പറവക്കല്‍, സജി റോഡ്രിഗസ് (കലാസംവിധാനം), ബിബിന്‍ ലൂക്കോസ് (ശബ്ദവും വെളിച്ചവും) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. പ്രിന്‍സ് പുന്നൂസ്, ഫ്രാന്‍സി ജോണ്‍, ജോബിഷ് ലൂക്ക, ടെസ്സ് ജോബിഷ്, ആന്റോയ്നെറ്റ് ക്ലൈവ്, മിഥുന് ജയിംസ്, ജോയ് പുതുപ്പറമ്പില്‍, ചാര്‍ളി മാത്യു, അനൂപ് അറക്കന്, അനൂപ് വര്‍ഗീസ്, ലിയോ, ബിബിന്‍ ലൂക്കോസ്, പൗലോസ്, സ്മൈല്‍ മാത്യു, തിയോ തോംസണ്‍, റോബി പുതുശേരി, സിജി, പ്രതീഷ് പോള്‍,സഞ്ജു തോമസ്, ട്രോം ജോസഫ് എന്നിവരാണ് അരങ്ങത്തെത്തുന്നത്.