'നന്ദി, പിഐഎ’; എയർലൈൻസിന് നന്ദി അറിയിച്ച് കാനഡയിൽ മുങ്ങി പാക്ക് കാബിൻ ക്രൂ
Mail This Article
ടൊറന്‍റോ∙ ടൊറന്‍റോയിലെ ഹോട്ടൽ മുറിയിൽ 'നന്ദി, പിഐഎ (പാക്കിസ്ഥാൻ ഇന്‍റർനാഷനൽ എയർലൈൻസ്)' എന്ന കുറിപ്പ് എഴുതിവച്ച് എയർ ഹോസ്റ്റസ് മുങ്ങി. പിഐഎയിൽ ജോലി ചെയ്തിരുന്ന മറിയം റാസ തിങ്കളാഴ്ച (ഫെബ്രുവരി 26) ഇസ്‌ലാമാബാദിൽ നിന്നുള്ള വിമാനത്തിലാണ് ടൊറന്‍റോയിലെത്തിയത്. 27ന് കറാച്ചിയിലേക്കുള്ള മടക്ക വിമാനത്തിൽ മറിയം റാസ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യതില്ല. ഇതേതുടർന്ന് മറിയത്തെ അന്വേഷിച്ച് അധികൃതർ ഹോട്ടൽ മുറി തുറന്നപ്പോഴാണ് കുറിപ്പ് കണ്ടെത്തിയത്. ഔദ്യോഗിക യൂണിഫോമും ഹോട്ടൽ മുറിയിൽ നിന്നും കണ്ടെത്തി.
ഇതാദ്യമായിട്ടല്ല പിഐഎ ക്രൂ അംഗം കാനഡയിൽ മുങ്ങുന്നത്. ഈ വർഷം ജനുവരിയിൽ പിഐഎ ഫ്ലൈറ്റ് അറ്റൻഡന്‍റ് ഫൈസ മുഖ്താറിനെ കാനഡയിൽ വച്ച് കാണാതായിരുന്നു. കാനഡയിൽ ഇറങ്ങി ഒരു ദിവസം കഴിഞ്ഞ് കറാച്ചിയിലേക്ക് മടങ്ങേണ്ടിയിരുന്ന ഫൈസ മുഖ്താർ 'വിമാനത്തിൽ കയറാതെ മുങ്ങി' എന്ന് പിഐഎ വക്താവ് അബ്ദുല്ല ഹഫീസ് ഖാൻ പറഞ്ഞു.
ക്രൂ അംഗങ്ങളായ മറിയത്തിന്‍റെയും ഫൈസയുടെയും തിരോധാനങ്ങൾ യഥാർത്ഥത്തിൽ പിഐഎയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ പ്രവണതയുടെ തുടർച്ചയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. കാനഡയിലേക്കുള്ള വിമാനത്തിലെത്തുന്ന പാക്കിസ്ഥാൻ ഫ്ലൈറ്റ് അറ്റൻഡന്‍റുകൾ രാജ്യത്ത് മുങ്ങുന്ന പ്രവണത 2019 മുതൽ വ്യാപകമാണ്. അടുത്തിടെ ഇത് വർധിക്കുന്നതായി ഏവിയേഷൻ ന്യൂസ് വെബ്‌സൈറ്റ് സിമ്പിൾ ഫ്ലൈയിങ് റിപ്പോർട്ട് ചെയ്യുന്നു.
∙ 7 പിഐഎ കാബിൻ ക്രൂ അംഗങ്ങൾ 2023ൽ കാനഡയിൽ മുങ്ങി
കഴിഞ്ഞ വർഷം, കാനഡയിൽ ഇറങ്ങിയതിന് ശേഷം പിഐഎയുടെ ഏഴ് ഫ്ലൈറ്റ് അറ്റൻഡന്‍റുമാരെങ്കിലും മുങ്ങിയതായിട്ടാണ് മാധ്യമ റിപ്പോർട്ടുകൾ. ലാഹോറിലെ അല്ലാമ ഇഖ്ബാൽ ഇന്‍റർനാഷനലിൽ നിന്ന് ടൊറന്‍റോയിൽ ഇറങ്ങിയ രണ്ട് പിഐഎ കാബിൻ ക്രൂ അംഗങ്ങൾ 2023 ഡിസംബറിൽ നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള ഡ്യൂട്ടിയിൽ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടതായി പിഐഎ വക്താവ് അബ്ദുല്ല ഹഫീസ് ഖാൻ പറഞ്ഞു