കുടിയേറ്റ പ്രശ്നം ഉയർത്തി വോട്ട് പിടിക്കാൻ പുതുതന്ത്രവുമായി ട്രംപും ബൈഡനും
Mail This Article
ഹൂസ്റ്റൺ∙ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ യുഎസില്‍ ഏറ്റവും വലിയ ചര്‍ച്ചാവിഷയങ്ങളിലൊന്ന് മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റമാണ്. താന്‍ പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ സ്വീകരിച്ച ശക്തമായ കുടിയേറ്റ വിരുദ്ധ നയങ്ങളാണ് ഡോണൾഡ് ട്രംപിന്‍റെ തുറുപ്പ് ചീട്ട്. എന്നാല്‍ കുടിയേറ്റ നയത്തില്‍ വരുത്താനുദ്ദേശിക്കുന്ന കാതലായ മാറ്റങ്ങള്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി തടസം നില്‍ക്കുയാണെന്ന വാദമാണ് പ്രസിഡന്‍റ് ജോ ബൈഡന്‍ മുന്നോട്ടു വയ്ക്കുന്നത്.
ബൈഡനും ഡോണൾഡ് ട്രംപും അടുത്ത ദിവസം യുഎസ്-മെക്സിക്കോ അതിര്‍ത്തിയിലേക്ക് യാത്രകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ ഇമിഗ്രേഷന്‍ സമ്പ്രദായത്തെ തങ്ങളുടെ രാഷ്ട്രീയ നേട്ടമായി മാറ്റാനാണ് ഇരുവരും ലക്ഷ്യമിടുന്നത്.
ധാരാളം പേര്‍ അനധികൃതമായി അതിര്‍ത്തി കടക്കുന്നു ടെക്‌സസിലെ ബ്രൗണ്‍സ്വില്ലെയിലുള്ള റിയോ ഗ്രാന്‍ഡെ വാലിയിലേക്കാണ് ബൈഡന്‍ പോകുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രസിഡന്‍റെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ രണ്ടാമത്തെ അതിര്‍ത്തി സന്ദര്‍ശനമാണിത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അദ്ദേഹം എല്‍ പാസോയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
അതിര്‍ത്തി സുരക്ഷയെച്ചൊല്ലിയുള്ള സംസ്ഥാന-ഫെഡറല്‍ ഏറ്റുമുട്ടലിലെ പ്രധാനകേന്ദ്രമായ ബ്രൗണ്‍സ്വില്ലില്‍ നിന്ന് 520 കിലോമീറ്റര്‍ അകലെയുള്ള ടെക്സസിലെ ഈഗിള്‍ പാസിലേക്കാണ് ട്രംപ് പോകുന്നതെന്ന് പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ അസോസിയേറ്റഡ് പ്രസ്സിനോട് സംസാരിച്ച മൂന്ന് പേര്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനും അതിര്‍ത്തി കടക്കുന്നതിന് പരിധികള്‍ നിശ്ചയിക്കുന്നതിനുള്ള പദ്ധതിക്കെതിരെ ട്രംപ് രംഗത്തെത്തിയതിന് ശേഷം ഉഭയകക്ഷി അതിര്‍ത്തി കരാര്‍ ഉപേക്ഷിച്ചതിന് റിപ്പബ്ലിക്കന്‍മാരെ ബൈഡന്‍ ശക്തമായി രംഗത്തുവരികയാണ്. അതേസമയം, തന്‍റെ കുടിയേറ്റ വിരുദ്ധ പ്രസ്താവനകള്‍ ട്രംപ് ശക്തമാക്കുകയും ചെയ്തു.
വര്‍ഷങ്ങളായി അതിര്‍ത്തി കടക്കുന്നവരുടെ എണ്ണം യുഎസിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. യുഎസിലേക്ക് അനധികൃതമായി എത്തുന്നവരില്‍ പലരും പഴയതു പോലെ കാല്‍നടയായി എത്തുന്നവരല്ല. പലരും സ്‌പോണ്‍സര്‍മാരുള്ളവരും വിമാനത്തില്‍ എത്തിച്ചേരുന്നവരുമായി മാറി. എന്നാല്‍ ഇപ്പോഴത്തെ യു.എസ് നയം കുടിയേറ്റക്കാര്‍ക്ക് അവര്‍ എങ്ങനെ എത്തിച്ചേരുന്നു എന്നത് പരിഗണിക്കാതെ തന്നെ അഭയം തേടാന്‍ അനുവദിക്കുന്നതാണ് എന്നാണ് ആരോപണം.
∙ ' കുടിയേറ്റ പ്രതിസന്ധി'
അതിര്‍ത്തി സന്ദര്‍ശിക്കാനുള്ള ബൈഡന്‍റെ പദ്ധതി കുടിയേറ്റത്തില്‍ പ്രസിഡന്‍റ് പ്രതിരോധത്തിലാണെന്നതിന്‍റെ സൂചനയാണെന്നും ഈ വിഷയം അദ്ദേഹത്തിന്‍റെ റീറണ്ണിനെ ബാധിക്കുമെന്നും ട്രംപിന്‍റെ പ്രചാരണ സംഘം പറയുന്നു. ട്രംപിനെ ബൈഡന്‍ വേട്ടയാടുകയാണെന്നും ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റ പ്രതിസന്ധിക്ക് ഉത്തരവാദിയാണെന്നും ട്രംപിന്‍റെ പ്രചാരണ പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. ട്രംപിന്‍റെ യാത്ര റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് പ്രഖ്യാപനം വന്നത്.
അതിര്‍ത്തി ഏജന്‍റുമാര്‍ക്കും മറ്റ് ഹോംലാന്‍ഡ് സെക്യൂരിറ്റി അധികാരികള്‍ക്കും ധനസഹായം നല്‍കുന്ന ബില്‍ തടയാന്‍ ജിഒപി (ഗ്രാൻഡ് ഓൾഡ് പാർട്ടി) ജനപ്രതിനിധികളോട് താന്‍ പറഞ്ഞതായി ട്രംപ് വെളിപ്പെടുത്തിയതിന് ശേഷം, പ്രതിരോധത്തിലായിരിക്കുന്നത് ഹൗസ് റിപ്പബ്ലിക്കന്‍മാരാണെന്ന് ബൈഡന്‍റെ ക്യാംപ് പറയുന്നു.
∙ ബൈഡന്‍ എക്‌സിക്യൂട്ടീവ് നടപടികളിലേക്ക്
നിയമനിർമാണ നിഷ്‌ക്രിയത്വത്തിന് റിപ്പബ്ലിക്കന്‍മാരെ വിമര്‍ശിക്കുന്നത് തുടരുമ്പോള്‍, യുഎസിലേക്ക് വരുന്ന കുടിയേറ്റക്കാരെ നിരുത്സാഹപ്പെടുത്താന്‍ സഹായിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് നടപടികള്‍ ബൈഡന്‍ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദേശീയതയ്ക്ക് 'ഹാനികരമാണെങ്കില്‍' യുഎസിലേക്കുള്ള ചില കുടിയേറ്റക്കാരുടെ പ്രവേശനം തടയാന്‍ ഒരു പ്രസിഡന്‍റിന് വിശാലമായ അവസരം നല്‍കുന്ന ഇമിഗ്രേഷന്‍ ആന്‍റ് നാഷനാലിറ്റി ആക്ടിന്‍റെ സെക്ഷന്‍ 212 (എഫ്) പ്രയോഗിക്കുന്നത് അടക്കമുള്ള നടപടികളാണ് ബൈഡന്‍റെ പരിഗണനയിലുള്ളത്.
എന്നാല്‍ നിയമത്തില്‍ മാറ്റങ്ങളില്ലാതെ, അതിര്‍ത്തി കടക്കലുകളെ അടിച്ചമര്‍ത്തുന്ന ഭരണകൂടത്തിന്‍റെ എക്‌സിക്യൂട്ടീവ് നടപടിയും കോടതിയില്‍ വെല്ലുവിളിക്കപ്പെടാന്‍ സാധ്യതയുണ്ട്.
2016ലെ ക്യംപെയ്നിനിടെ, 2015 ജൂലൈയില്‍ ടെക്സസിലെ ലാറെഡോ സന്ദര്‍ശിച്ച ട്രംപ്, കുടിയേറ്റത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വീക്ഷണങ്ങള്‍ എങ്ങനെയാണ് മാധ്യമ ശ്രദ്ധയും പാർട്ടിയിൽ നിന്നുള്ള പിന്തുണയും നേടാന്‍ സഹായിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. പ്രസിഡന്‍റ് പദവി ഒഴിഞ്ഞ ശേഷം ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിന്‍റെ അംഗീകാരം വാങ്ങുന്നത് ഉള്‍പ്പെടെ, ട്രംപ് രണ്ട് തവണയെങ്കിലും അതിര്‍ത്തിയില്‍ പോയിട്ടുണ്ട്. അതേസമയം ബൈഡന്‍, ഇക്കാലയളവിൽ ഒരിക്കല്‍ മാത്രമാണ് അതിര്‍ത്തി സന്ദര്‍ശിച്ചിട്ടുള്ളത്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ സൗകര്യങ്ങള്‍ പരിശോധിക്കുകയും അതിര്‍ത്തി മതില്‍ പരിശോധിക്കുകയുമൊക്കെയാണ് ചെയ്തത്.