ADVERTISEMENT

ഹൂസ്റ്റണ്‍∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലാകും പോരാട്ടം. മുന്‍ വര്‍ഷത്തെ പോലും ചില സംസ്ഥാനങ്ങളാകും ഇക്കുറിയും യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഫലം നിശ്ചയിക്കുക എന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. അത്തരത്തിലൊരു സംസ്ഥാനമാണ് പെൻസിൽവേനിയ. 2016 ലും 2020 ലും ശക്തമായി നടന്ന മത്സരങ്ങള്‍ക്ക് ശേഷം പെൻസിൽവേനിയ വീണ്ടും അതേ പോരാട്ടത്തിന് ഒരിക്കല്‍ക്കൂടി ഒരുങ്ങുകയാണെന്നാണ് സൂചന.  പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലെ നിര്‍ണായക പങ്കിന് പേരുകേട്ട സംസ്ഥാനം 2016 ല്‍ മുന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിയ ഭൂരിപക്ഷം നല്‍കിയിരുന്നു. എന്നാല്‍ നാലു വര്‍ഷത്തിനപ്പുറം 2020 ല്‍ പ്രസിഡന്റ് ബൈഡന്‍ നേരിയ വിജയം നേടി.

ഏറ്റവും പുതിയ ഫോക്‌സ് ന്യൂസ് പോള്‍ 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഈ സംസ്ഥാനത്ത് കടുത്ത മത്സരമാണെന്ന് സൂചിപ്പിക്കുന്നു, പെൻസിൽവേനിയയിലെ റജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 49% മുതല്‍ 47% വരെ നേരിയ വ്യത്യാസത്തില്‍ ട്രംപിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഈ വ്യത്യാസം സര്‍വേയുടെ പിശകിന്‍റെ  മാര്‍ജിനില്‍ ഉള്‍പ്പെടുന്നതാണ്. അതുകൊണ്ടുതന്നെ ബൈഡനെ എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് സാരം. 

രണ്ട് സ്ഥാനാർഥികളും അവരവരുടെ പാര്‍ട്ടി അടിത്തറ നിലനിര്‍ത്തിയിട്ടുണ്ട്. വ്യത്യസ്ത വോട്ടര്‍ ഗ്രൂപ്പുകള്‍ വൈവിധ്യമാര്‍ന്ന പിന്തുണയാണ് കാണിക്കുന്നത്. വെള്ളക്കാരല്ലാത്ത വോട്ടര്‍മാര്‍, കോളേജ് വിദ്യാഭ്യാസമുള്ള വെള്ളക്കാരായ വോട്ടര്‍മാര്‍,  സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരുടെ പിന്തുണ ബൈഡനാണ്. നേരെമറിച്ച്,  ക്രിസ്ത്യാനികള്‍, കോളേജ് ബിരുദമില്ലാത്ത വെള്ളക്കാര്‍, ഗ്രാമീണ വോട്ടര്‍മാര്‍,  എന്നിവര്‍ക്കിടയില്‍ ട്രംപ് ശക്തനാണ്. 

അമേരിക്കയെ വീണ്ടും മഹത്തരമാക്കുക പ്രസ്ഥാനത്തിന്‍റെ  സ്വാധീനം കുറയുന്ന സന്ദര്‍ഭങ്ങളില്‍, ട്രംപിന്‍റെ  പിന്തുണ ചെറുതായി കുറയുന്നു എന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഫോക്‌സ് ന്യൂസ് പോള്‍ ടീമിന്‍റെ  ഭാഗമായ റിപ്പബ്ലിക്കന്‍ പോള്‍സ്റ്റര്‍ ഡാരോണ്‍ ഷായുടെ അഭിപ്രായത്തില്‍, പെൻസിൽവേനിയയുടെ സാമ്പത്തിക വീക്ഷണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അല്‍പ്പം പോസിറ്റീവ് ആണെന്നാണ്. ഇത് സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമോ മെച്ചമോ ആയി കാണുന്നവര്‍ക്കിടയില്‍ ബൈഡന് ഗുണം ചെയ്യും.

പെൻസിൽവേനിയന്‍ വോട്ടര്‍മാരുടെ ഏറ്റവും നിര്‍ണായകമായ പ്രശ്‌നം സമ്പദ്‌വ്യവസ്ഥയാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഭൂരിപക്ഷവും അവരുടെ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് നിഷ്പക്ഷമായോ പോസിറ്റീവായോ കാണുന്നു. തിരഞ്ഞെടുപ്പ് വിശ്വാസതയും കുടിയേറ്റ/അതിര്‍ത്തി സുരക്ഷയും മറ്റ് പ്രധാന ആശങ്കകളില്‍ ഉള്‍പ്പെടുന്നു. തിരഞ്ഞെടുപ്പ് വിഷയങ്ങളില്‍ കാര്യമായ വിഭജനം ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ് സര്‍വേ ഫലം.

നിലവിലെ ശക്തമായ പോരാട്ടത്തിനിടയിലും പെൻസിൽവേനിയ നിലപാട് മാറ്റിയാലും അത്ഭുതപ്പെടാന്‍ കഴിയില്ല. ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിക്കു പിന്നില്‍ അണിനിരക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ലെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഭാവിയിലെ സാമ്പത്തിക ധാരണകളിലും സ്ഥാനാര്‍ത്ഥി വിലയിരുത്തലുകളിലും വോട്ടര്‍ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ഫോക്‌സ് ന്യൂസിന്‍റെ  സമീപകാല സര്‍വേ, 2024 ലെ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നിലവിലുള്ള സാഹചര്യത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. 

English Summary:

Pennsylvania is once again the center of attention in the Biden-Trump fight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com