ട്രംപിന്‍റെ 'രക്തചൊരിച്ചില്‍' പരാമർശം വിവാദമാകുന്നു
Mail This Article
ഹൂസ്റ്റൺ ∙ നവംബറില്‍ തോറ്റാല്‍ യുഎസില്‍ 'രക്തചൊരിച്ചില്‍' ഉണ്ടാകുമെന്ന മുന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ് വലിയ വിവാദമായിരിക്കുകയാണ്. ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചം നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ക്കെതിരേ പലരും പൊട്ടിത്തെറിച്ചപ്പോള്‍, പ്രശസ്ത വ്യവസായി ഇലോണ്‍ മസ്‌കും ട്രംപിന്‍റെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് മിക്ക് മള്‍വാനിയും ഉള്‍പ്പെടെ ചിലര്‍ അദ്ദേഹത്തെ പ്രതിരോധിക്കാന്‍ വന്നതും ശ്രദ്ധേയനായി.
∙ ഡോണൾഡ് ട്രംപ് എന്താണ് പറഞ്ഞത്?
ഒഹായോയില്‍ സെനറ്റ് സ്ഥാനാർഥി ബെര്‍ണി മൊറേനോയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് ട്രംപ് വിവാദ പരാമര്‍ശം നടത്തിയത്. സെനറ്റ് സ്ഥാനാർഥി ബെര്‍ണി മൊറേനോയെ പിന്തുണയ്ക്കുന്ന ഗ്രൂപ്പായ ബക്കി വാല്യൂസ് പിഎസിയാണ് റാലി സംഘടിപ്പിച്ചത്. ''വരിയില്‍ വരുന്ന ഓരോ കാറിനും ഞങ്ങള്‍ 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തും. ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് അവ വില്‍ക്കാന്‍ കഴിയില്ല. ഇപ്പോള്‍, ഞാന്‍ തിരഞ്ഞെടുക്കപ്പെടുന്നില്ലെങ്കില്‍ അത് മൊത്തത്തില്‍ രക്തച്ചൊരിച്ചിലിന് കാരണമാകും. ഏറ്റവും കുറഞ്ഞപക്ഷം അതായിരിക്കും നടക്കുക. ‘'- എന്നിങ്ങനെയാരുന്നു ട്രംപിന്‍റെ പരാമര്‍ശങ്ങള്‍. മുന്‍ പ്രസിഡന്‍റിന്‍റെ പരാമര്‍ശം വിമര്‍ശനത്തിന് ഇടയാക്കിയതിനു പിന്നാലെ അദ്ദേഹത്തെ ന്യായീകരിച്ച് അദ്ദേഹത്തിന്‍റെ ടീം രംഗത്തുവന്നു. 2024-ല്‍ ട്രംപ് തോറ്റാല്‍ രാജ്യത്തുടനീളം നടക്കാന്‍ പോകുന്ന അക്രമത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നതെന്ന അവകാശവാദം അദ്ദേഹത്തിന്‍റെ പ്രചാരണ സംഘം തള്ളിക്കളഞ്ഞു. വാഹന വ്യവസായത്തിന്‍റെ നാശത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നതെന്നാണ് ട്രംപ് ടീമിന്‍റെ വാദം.
അദ്ദേഹത്തിന്‍റെ പരാമര്‍ശങ്ങളുടെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. മുന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും ട്രംപിനെതിരേ പൊട്ടിത്തെറിച്ചു, ''നമുക്ക് ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചേ മതിയാവൂ. കാരണം അദ്ദേഹം രക്തച്ചൊരിച്ചില്‍ പോലും പ്രവചിക്കുന്നു. എന്താണ് അതിനര്‍ത്ഥം? അദ്ദേഹം രക്തച്ചൊരിച്ചില്‍ നടത്താന്‍ ഒരുങ്ങുകയാണോ? - അവര്‍ ചോദിക്കുന്നു.
∙ ഡോണൾഡ് ട്രംപ് പ്രതിരോധിച്ചു
മാധ്യമങ്ങള്‍ ട്രംപിന്‍റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്ന പ്രതിരോധവുമായി രംഗത്തുവന്നവരില്‍ ഇലോണ്‍ മസ്‌ക് അടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു. 'ലെഗസി മീഡിയ' ഔട്ട്ലെറ്റുകള്‍ ട്രംപിന്‍റെ അഭിപ്രായങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയെന്നാണ് മസ്‌ക് പറയുന്നത്. 'തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ രക്തചൊരിച്ചില്‍' എന്ന വിവരണത്തിലൂടെ ഡോണൾഡ് ട്രംപിനെക്കുറിച്ച് മാധ്യമങ്ങള്‍ നുണ പറയുകയാണെന്ന ഒരു ഉപയോക്താവിന്‍റെ പോസ്റ്റ് മസ്‌ക് പങ്കിട്ടു. 'ലെഗസി മീഡിയ ലൈസ്' എന്ന അടിക്കുറിപ്പോടു കൂടിയായിരുന്നു മസ്‌കിന്‍റെ റീട്വീറ്റ്.