ഇന്ത്യൻ വിദ്യാർഥി യുഎസിൽ മരിച്ച നിലയിൽ; ഈ വർഷത്തെ ഒൻപതാമത്തെ സംഭവം
Mail This Article
ന്യൂയോർക്ക്∙ ഇന്ത്യൻ വിദ്യാർഥി അഭിജിത്ത് പരുച്ചൂരു (20) ബോസ്റ്റണിൽ അന്തരിച്ചു. പ്രാഥമിക അന്വേഷണത്തിൽ സംശയാസ്പദമായ ഒന്നും ഇല്ലെന്ന് അധികൃതർ അറിയിച്ചു. പരുചൂരിന്‍റെ മാതാപിതാക്കൾ കനക്‌ടികട്ടിലാണ്. പരുച്ചൂരിന്‍റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും ആവശ്യമായ സഹായം നൽകിയിരുന്നു. ഈ വിഷയത്തിൽ പ്രാദേശിക അധികാരികളുമായും ഇന്ത്യൻ-അമേരിക്കൻ സമൂഹവുമായും ബന്ധപ്പെട്ടിരുന്നതായും കോൺസുലേറ്റ് പറഞ്ഞു.
അതേസമയം പരുചൂരിന്‍റെ അന്ത്യകർമങ്ങൾ ഇതിനകം ആന്ധ്രാപ്രദേശിലെ അദ്ദേഹത്തിന്‍റെ ജന്മനാടായ തെന്നാലിയിൽ നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാത്ത സംഘടനയായ ടീം എയ്ഡ് അദ്ദേഹത്തിന്‍റെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ സഹായിച്ചിരുന്നു.
ഈ വർഷം ഇന്ത്യൻ അഥവാ ഇന്ത്യൻ വംശജരായ വിദ്യാർഥികളുടെയതായി അമേരിക്കയിൽ നടക്കുന്ന ഒൻപതാമെത്ത മരണമാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാർച്ചിൽ ഇന്ത്യൻ നർത്തകൻ അമർനാഥ് ഘോഷ് യുഎസിൽ വെടിയേറ്റു മരിച്ചിരുന്നു. മിസോറിയിലെ സെന്‍റ് ലൂയിസ് സിറ്റിയിലാണ് അമർനാഥ് ഘോഷ് കൊല്ലപ്പെട്ടത്. സെന്‍റ് ലൂയിസിലെ വാഷിങ്‌ടൻ യൂണിവേഴ്സിറ്റിയിൽ നൃത്തത്തിൽ എംഎഫ്എ വിദ്യാർഥിയായിരുന്നു അമർനാഥ് ഘോഷ്.
ഫെബ്രുവരി 5 നാണ് പർഡ്യൂ സർവകലാശാലയിലെ ഗവേഷക വിദ്യാർഥി സമീർ കാമത്തി(23)നെ പാർക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി 2 ന് വാക്കുതർക്കത്തിനിടെ തലയ്ക്ക് അടിയേറ്റ ഇന്ത്യൻ വംശജൻ അമേരിക്കയിൽ കൊല്ലപ്പെട്ടിരുന്നു. വെർജീനിയയിൽ എക്‌സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന വിവേക് ചന്ദർ തനേജയാണ് (41) കൊല്ലപ്പെട്ടത്.
ജനുവരിയിൽ ഹരിയാന സ്വദേശിയായ വിവേക് സെയ്നി (25) യുഎസിൽ ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. ജനുവരിയിലാണ് ഒഹായോയിൽ ശ്രേയസ് റെഡ്ഡി ബെനിഗർ (19)നെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻഡ്യാനയിലെ പർഡ്യൂ യൂണിവേഴ്‌സിറ്റിയിലെ നീൽ ആചാര്യ മരിച്ചത് ഈ വർഷമാണ്. അതേസമയം, ഇല്ലിനോയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അകുൽ ബി ധവാന്‍റെ (18) മരണകാരണം ഹൈപ്പോതെർമിയയാണ് സ്ഥീകരിച്ചിരുന്നു.