ഇന്ത്യൻ വിദ്യാർഥിയെ യുഎസിൽ തട്ടിക്കൊണ്ടു പോയി; പണം തന്നില്ലെങ്കിൽ യുവാവിന്‍റെ വൃക്ക വിൽക്കുമെന്ന് ഭീഷണി
Mail This Article
ഒഹായോ∙ ഇന്ത്യൻ വിദ്യാർഥിയെ യുഎസിൽ തട്ടിക്കൊണ്ടു പോയി. മാതാപിതാക്കൾക്ക് ഒരു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അജ്ഞാതരുടെ ഫോൺ സന്ദേശം ലഭിച്ചു. പണം നൽകാത്ത പക്ഷം യുവാവിന്‍റെ വൃക്ക വിൽക്കുമെന്ന് അജ്ഞാതർ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ അറിയിച്ചു.
ഒഹായോയിലെ ക്ലീവ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിൽ ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ഹൈദരാബാദിൽ നിന്നുള്ള 25 വയസ്സുകാരനായ അബ്ദുൾ മുഹമ്മദ് കഴിഞ്ഞ മേയ് മാസത്തിലാണ് പഠനത്തിനായി വീട്ടിൽ നിന്ന് പോയത്. മകൻ മാർച്ച് 7 മുതൽ തങ്ങളോട് സംസാരിച്ചിട്ടില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു.
അബ്ദുളിന്‍റെ പിതാവ് മുഹമ്മദ് സലീമിന് കഴിഞ്ഞയാഴ്ച അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നു. മകനെ ക്ലീവ്‌ലാൻഡിൽ ലഹരിമരുന്ന് വിൽപ്പനക്കാർ തട്ടിക്കൊണ്ടുപോയതായി അജ്ഞാതർ അറിയിച്ചു. വിദ്യാർഥിയെ മോചിപ്പിക്കുന്നതിന് $1200 (1 ലക്ഷം രൂപ) ആവശ്യപ്പെട്ടെങ്കിലും പണമടയ്ക്കൽ രീതി വ്യക്തമാക്കിയില്ല. പണം നൽകാൻ വിസമ്മതിച്ചാൽ വിദ്യാർഥിയുടെ വൃക്ക മാഫിയക്ക് വിൽക്കുമെന്നും അജ്ഞതാൻ ഭീഷണിപ്പെടുത്തിയതായി വീട്ടുകാർ പറഞ്ഞു.
തുടർന്ന് മാതാപിതാക്കൾ യുഎസിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയും അവർ ക്ലീവ്‌ലാൻഡ് പൊലീസിൽ പരാതി നൽകുകയും ചെയ്തു. കാണാതായ സമയം വെള്ള ടീ ഷർട്ടും ചുവന്ന ജാക്കറ്റും നീല ജീൻസുമാണ് മുഹമ്മദ് ധരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.