ട്രംപിന്‍റെ സ്ഥാനാർഥിത്വം;റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിടാനൊരുങ്ങി അലാസ്‌ക സെനറ്റര്‍
Mail This Article
ഹൂസ്റ്റണ്‍ ∙ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഡോണൾഡ് ട്രംപിനെ തടയാന്‍ കഴിയുമെന്ന് ട്രംപ് വിരുദ്ധർ ആദ്യ ഘട്ടത്തിൽ പ്രതീക്ഷിച്ചിരുന്നു. റോണ്‍ ഡിസാന്‍റിസ് മുതല്‍ നിക്കി ഹേലി വരെ നീളുന്ന പട്ടികയിലായിരുന്നു അവരുടെ പ്രതീക്ഷകള്‍. എന്നാല്‍ അവരെയെല്ലാം നിരാശയിലാഴ്ത്തി മുന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്നെ പ്രൈമറിയില്‍ വിജയിച്ചു. അടുത്ത യുഎസ് പ്രസിഡന്‍റായി ട്രംപ് തിരിച്ചെത്തതിനുള്ള സാധ്യതകൾ സർവേകൾ പ്രവചിക്കുന്നു.
സ്വാഭാവികമായും ട്രംപ് വിരുദ്ധര്‍ക്ക് ഇത് അത്ര ശുഭകരമായ വാര്‍ത്തയല്ല. ട്രംപിന്‍റെ കടുത്ത വിമര്‍ശകയായ സെനറ്റര്‍ ലിസ മുര്‍കോവ്‌സ്‌കിയെ (ആര്‍-അലാസ്‌ക) റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ റിപ്പോർട്ടുകൾ അവര്‍ തള്ളിക്കളയുന്നില്ല.
റിപ്പബ്ലിക്കന്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കെല്ലാം അണിചേരാന്‍ ഒരു നോമിനി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നതായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ട്രംപിന്‍റെ മേധാവിത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്, അലാസ്‌കയില്‍ നിന്നുള്ള സെന്‍ട്രല്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍, മുര്‍കോവ്സ്‌കി സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് . 2002 മുതല്‍ സെനറ്റില്‍ അലാസ്‌കയെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് മുര്‍കോവ്സ്‌കി. 2021 ജനുവരി 6ലെ ക്യാപിറ്റൾ കലാപത്തെത്തുടര്‍ന്ന് ട്രംപിന്‍റെ രണ്ടാമത്തെ ഇംപീച്ച്മെന്‍റിനെ പിന്തുണച്ച ഏഴുപേരില്‍ മുര്‍കോവ്സ്‌കിയും ഉള്‍പ്പെടുന്നു. നവംബറിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ താന്‍ ട്രംപിന് വോട്ട് ചെയ്യില്ലെന്നും മുര്‍കോവ്സ്‌കി സിഎന്‍എന്നിനോട് പറഞ്ഞു.
ട്രംപിന്‍റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിടുന്ന കോണ്‍ഗ്രസ് നിയമനിമാതാക്കളുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടാകുന്നത്. സ്ഥാനമൊഴിഞ്ഞവരിൽ ഭൂരിഭാഗം പേരും വിരമിക്കുകയോ പുതിയ അവസരങ്ങള്‍ തേടുകയോ ചെയ്യുകയാണ്. റെപ്. മൈക്ക് ഗല്ലഗെര്‍ (ആര്‍-വിസ്.) ഏപ്രിലില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു. ഹൗസ് റിപ്പബ്ലിക്കന്‍സിന് ഒരു വോട്ടിന്‍റെ മുന്‍തൂക്കമാണ് ഇതോടെ ഉള്ളത്. അതുപോലെ, പ്രതിനിധി കെന്‍ ബക്ക് (ആര്‍-കൊളോ.) തന്‍റെ വിടവാങ്ങല്‍ പ്രഖ്യാപിച്ചതും റിപ്പബ്ലിക്കന്‍ പാർട്ടി പ്രവർത്തകരെ അത്ഭുതപ്പെടുത്തി.