കാരവനിൽനിന്ന് റോഡിലേക്ക് തെറിച്ച് വീണ് ശിശുരോഗവിദഗ്ധ മരിച്ചു
Mail This Article
ന്യൂയോർക്ക് ∙ യാത്രയ്ക്കിടെ വാഹനത്തിന്റെ വാതിൽ അബദ്ധത്തിൽ തുറന്ന് റോഡിലേക്കു വീണ് ന്യൂയോർക്കിലെ പ്രശസ്ത ശിശുരോഗവിദഗ്ധ ഡോ. മോണിക്ക വോറോനിക്ക (58) മരിച്ചു. കുടുംബത്തിനൊപ്പം കാരവനിൽ യാത്രചെയ്യുന്നതിനിടെ, കനത്ത കാറ്റിൽ വാഹനത്തിന്റെ വാതിൽ തുറന്നാണ് അപകടമെന്നാണ് സൂചന. പുറത്തേക്കു വീഴാതിരിക്കാൻ ഡോക്ടർ വാതിൽപ്പിടിയിൽ മുറുകെപ്പിടിച്ചിരുന്നെങ്കിലും അപകടം തടയാനായില്ല.
ഹൈവേയിലേക്കു വീണ ഡോക്ടറുടെ തോളും തലയും റോഡിൽ ഇടിച്ചു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോണിക്കയുടെ ഭർത്താവ് റോബർട്ടാണ് (59) വാഹനം ഓടിച്ചിരുന്നത്. കുടുംബം താമസിക്കുന്ന ന്യൂയോർക്കിലെ സ്റ്റോണി ബ്രൂക്കിൽ നിന്നുള്ള യാത്രയിലാണ് അപകടമുണ്ടായത്. ഡോ. മോണിക്ക 2000 മുതൽ സ്റ്റോണി ബ്രൂക്ക് മെഡിസിനിൽ കുട്ടികളുടെ അലർജി, ഇമ്യൂണോളജി സ്പെഷലിസ്റ്റായി ജോലി ചെയ്യുകയായിരിക്കുന്നു. ചികിൽസയ്ക്കെത്തിയിരുന്ന കുട്ടികളുമായും അവരുടെ കുടുംബങ്ങളുമായും ദീർഘകാല ബന്ധം ഡോക്ടർ കാത്തുസൂക്ഷിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
യാത്രകളും വ്യായാമവും ഇഷ്ടപ്പെട്ടിരുന്ന ഡോക്ടർ, കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കുന്നതിനും താൽപര്യം കാണിച്ചിരുന്നതായി കുടുംബം അറിയിച്ചു. അപകടത്തെപ്പറ്റി പൊലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.